തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കൊറോണ നിരീക്ഷണത്തിലായിരിക്കെ ആത്മഹത്യക്ക് ശ്രമിച്ചയാൾ മരിച്ചു. കൊല്ലം കടയ്ക്കൽ സ്വദേശിയായ നിസാമുദ്ദീനാണ് മരിച്ചത്. 52 വയസായിരുന്നു. ആത്മഹത്യ ശ്രമത്തിന് പിന്നാലെ ഇയാളെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

അപകടത്തെ തുടർന്ന് നാല് ദിവസം മുൻപാണ് ഇയാളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. മരത്തിൽ നിന്ന് വീണ് വാരിയെല്ലിന് പരിക്ക് പറ്റി ശസ്ത്രക്രിയ വിഭാഗത്തിൽ ചികിത്സയിൽ ആയിരുന്നു. കൊവിഡ് രോഗിയുമായി സമ്പർക്കത്തിൽ വന്നതിനെ തുടർന്ന് ഇന്നലെയാണ് ഇയാളെ നിരീക്ഷണത്തിലേക്ക് മാറ്റിയത്. 

ആശുപത്രിയിലെ പതിനെട്ടാം വാർഡിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളുടെ  കോവിഡ് പരിശോധനാഫലം ഇതുവരെ കിട്ടിയിട്ടില്ല. നേരത്തെയും മെഡിക്കൽ കോളേജിൽ കൊവിഡ് രോഗി ആത്മഹത്യ ചെയ്ത സാഹചര്യമുണ്ടായിരുന്നു. 

നിസാമുദ്ദീന് വേണ്ട പരിചരണം ആശുപത്രിയിൽ നിന്ന് കിട്ടിയില്ലെന്നു ബന്ധുക്കൾ ആരോപിക്കുന്നു. ഇത് ചൂണ്ടിക്കാട്ടി ബന്ധുക്കൾ മെഡിക്കൽ കോളേജ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.