ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിയിൽ 41 ലക്ഷം രൂപ നിക്ഷേപിച്ച പുൽപ്പള്ളി സ്വദേശി റോയ് ചികിത്സയ്ക്ക് പണമില്ലാതെ ഗുരുതരാവസ്ഥയിൽ. സിപിഎം നേതാക്കളും സൊസൈറ്റി അധികൃതരും സഹായിക്കുന്നില്ലെന്നും മരുന്ന് വാങ്ങാൻ പോലും പണമില്ലെന്നും കുടുംബം പറയുന്നു

വയനാട്: ചികിത്സയ്ക്കാൻ പണമില്ലാതെ വലഞ്ഞ് ബ്രഹ്മഗിരി ഡവലപ്മെന്‍റ് സൊസൈറ്റിയിൽ നിക്ഷേപം നടത്തിയ കുടുംബം. 41 ലക്ഷത്തിന്‍റെ നിക്ഷേപമുള്ള പുൽപ്പള്ളി സ്വദേശി റോയ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. മരുന്നു വാങ്ങാൻ പോലും കയ്യിൽ പണമില്ലെന്ന് റോയിയുടെ ഭാര്യ ആൻസി പറയുന്നു. ആശുപത്രിയിൽ എത്താൻ ആംബുലൻസിന് നൽകാൻ പോലും പണമുണ്ടായിരുന്നില്ലെന്നും സിപിഎം ജില്ലാ സെക്രട്ടറിയെയും ബ്രഹ്മഗിരി സിഇഒയേയും പലതവണ ബന്ധപ്പെട്ടു, എന്നാൽ കാര്യമുണ്ടായില്ല. തെരഞ്ഞെടുപ്പ് സമയത്ത് പണം തരുമെന്ന് വാഗ്ദാനം തന്നിരുന്നു. പിന്നീട് സിപിഎം ജില്ലാ സെക്രട്ടറി റഫീഖ് ഫോൺ പോലും എടുക്കാതായെന്നും ആൻസി പ്രതികരിച്ചു. അടിയന്തരമായി പണം നൽകണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം.

ബ്രഹ്മഗിരി സൊസൈറ്റിയുടെ വിവിധ പദ്ധതികൾക്കായി, പ്രത്യേകിച്ച് 'മലബാർ മീറ്റ്' ഫാക്ടറിക്കായി 600-ഓളം നിക്ഷേപകരിൽ നിന്നായി 100 കോടി രൂപയിലധികം സമാഹരിച്ചിരുന്നു. എന്നാൽ കുറച്ചു വർഷങ്ങളായി ഇവർക്ക് പലിശയോ നിക്ഷേപിച്ച തുകയോ തിരികിയില്ല. വിരമിച്ച ഉദ്യോഗസ്ഥരും പാർട്ടി പ്രവർത്തകരുമാണ് നിക്ഷേപകരിൽ ഭൂരിഭാഗവും. തുടർന്ന് സുൽത്താൻ ബത്തേരിയിലെ അത്യാധുനിക അറവുശാല ഉൾപ്പെടെയുള്ള യൂണിറ്റുകൾ പൂട്ടേണ്ടി വന്നു. കേരള ചിക്കൻ പദ്ധതിയിൽ പങ്കാളികളായ നൂറോളം കർഷകർക്ക് നൽകാനുള്ള 3.5 കോടിയിലധികം രൂപയും കുടിശ്ശികയാണ്. ജീവനക്കാർക്ക് മാസങ്ങളോളം ശമ്പളം നൽകാൻ കഴിയാത്ത സാഹചര്യവുമുണ്ടായിരുന്നു. ഏഷ്യാനെറ്റ് ന്യൂസിന്‍റെ ബ്രഹ്മാണ്ഡ തട്ടിപ്പ് എന്ന പരന്പരയിലൂടെയാണ് ബ്രഹ്മഗിരിയിലെ ക്രമക്കേടുകളും പണം നഷ്ടമായ നിക്ഷേപകരുടെ വേദനകളും പുറത്ത് വന്നത്.

YouTube video player