30കാരിയായ യുവതിയാണ് ആത്മഹത്യ ശ്രമം നടത്തിയത്. ഇവരെ രക്ഷപ്പെടുത്തി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കോഴിക്കോട്: കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ (Kuthiravattam Mental health center) അന്തേവാസി ആത്മഹത്യക്ക് ശ്രമിച്ചു. 30കാരിയായ യുവതിയാണ് ആത്മഹത്യ ശ്രമം നടത്തിയത്. ഇവരെ രക്ഷപ്പെടുത്തി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

അതേസമയം, മാനസികാരോഗ്യ കേന്ദ്രത്തിലെ സുരക്ഷാവീഴ്ചയുൾപ്പെടെയുളള കാര്യങ്ങളിൽ മൂന്ന് ദിവസത്തിനകം ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകുമെന്ന് പൊലീസ് അറിയിച്ചു. ആവശ്യത്തിന് സുരക്ഷാ ജീവനക്കാരെ അടിയന്തിരമായി നിയമിക്കണമെന്നും ചുറ്റുമതിലിന്‍റെതുൾപ്പെടെ ഉയരം കൂട്ടണമെന്നും ആശുപത്രിയിൽ പരിശോധന നടത്തിയ പൊലീസ് സംഘം പറഞ്ഞു. ഹൈക്കോടതി നിർദ്ദേശപ്രകാരമായിരുന്നു പൊലീസ് പരിശോധന.

കുതിരവട്ടത്ത് ആവശ്യത്തിന് സുരക്ഷാ ജീവനക്കാരില്ലെന്ന നിരന്തര പരാതിയെ തുടർന്നായിരുന്നു ഹൈക്കോടതി ഇടപെടൽ. കഴിഞ്ഞ ദിവസം പുറത്തുകടക്കാൻ ശ്രമിച്ച അന്തേവാസി വാഹനാപകടത്തിൽ മരിച്ചതിനെ തുട‍ർന്ന് ജില്ലാ ജഡ്ജി ഹൈക്കോടതിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതുൾപ്പെടെ പരിഗണിച്ചാണ് സ്പെഷ്യൽ ബ്രാഞ്ച്, ജില്ലാ ക്രൈംബ്രാ‌ഞ്ച് മെഡി. കോളേജ് എന്നീ അസി.കമ്മീഷണർമാരുടെ നേതൃത്വത്തലുളള സംഘം ആശുപത്രിയിൽ പരിശോധനക്കെത്തിയത്. കഴിഞ്ഞ ദിവസം ഭിത്തി തുരന്ന് റിമാൻഡ് പ്രതി പുറത്തുകടന്ന ഫോറൻസിക് വാർഡിലുൾപ്പെടെ സംഘം തെളിവെടുപ്പ് നടത്തി. സുരക്ഷാ ജീവനക്കാരുടെ പോരായ്മ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.

24 സുരക്ഷാ ജീവനക്കാർ വേണ്ടയിടത്ത് നാല് പേരെ മാത്രമാണ് പുതുതായി കുതിരവട്ടത്ത് നിയമിച്ചിട്ടുളളത്. പാചകത്തൊഴിലാളികളുൾപ്പെടെയാണ് സുരക്ഷാജീവനക്കാരുടെ അധിക ചുമതല വഹിക്കുന്നത്. ഹൈക്കോടതി നിർദ്ദേശിച്ചിട്ട് പോലും താത്ക്കാലിക നിയമനം നടത്താത്ത സാഹചര്യത്തിൽ കൂടിയാണ് പുതിയൊരു അന്വേഷണ റിപ്പോർട്ട് കൂടി ഹൈക്കോടതിക്ക് മുന്നിലെത്തുന്നത്. 

മാനസികാരോഗ്യകേന്ദ്രം സൂപ്രണ്ടിന് സസ്‌പെൻഷൻ

മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട രോഗി വാഹനാപകടത്തിൽ മരിച്ചതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രിയിടപെട്ട് സൂപ്രണ്ട് ഡോ. കെ സി. രമേശനെ സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ സുരക്ഷാ വീഴ്ചയിൽ സൂപ്രണ്ടിനെ മാത്രം ബലിയാടാക്കുകയാണെന്നാണ് കെജിഎംഒഎ ആരോപിക്കുന്നത്. റിമാൻഡ് പ്രതിയുടെ സുരക്ഷ പൊലീസിന്റെ ഉത്തരവാദിത്വമാണെന്നും പിഴവ് പൊലീസിന്റെ ഭാഗത്ത് നിന്നാണുണ്ടായതെന്നുമാണ് കെജിഎംഒഎ ആരോപിക്കുന്നത്. വിഷയത്തെ നിയമപരമായി നേരിടും. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചതായും കെജിഎംഒഎ വിശദീകരിക്കുന്നു.

Also Read: സുരക്ഷാ വീഴ്ച, കോഴിക്കോട് മാനസികാരോഗ്യകേന്ദ്രം സൂപ്രണ്ടിന് സസ്‌പെൻഷൻ, നടപടി ആരോഗ്യമന്ത്രിയിടപെട്ട്

കഴിഞ്ഞ ദിവസമാണ് മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട അന്തേവാസി വാഹനാപകടത്തിൽ മരിച്ചത്. റിമാൻഡ് പ്രതിയായിരുന്ന മലപ്പുറം സ്വദേശി മുഹമ്മദ് ഇർഫാനാണ് കോട്ടക്കലിൽ വാഹനാപകടത്തിൽ മരിച്ചത്. വാഹന മോഷണക്കേസുകളിൽ റിമാൻഡിലായിരുന്ന മുഹമ്മദ് ഇർഫാനെ, മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് ദിവസങ്ങൾക്ക് മുമ്പാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. മൂന്നാം വാർഡിലെ സെല്ലിലുണ്ടായിരുന്ന ഇർഫാൻ സ്പൂണ്‍ ഉപയോഗിച്ച് കുളിമുറിയുടെ ഭിത്തി തുരന്നാണ് ഇന്നലെ രാത്രി പുറത്തുകടന്നത്. ദിവസങ്ങളുടെ പരിശ്രമം ഇതിനെടുത്തെന്നാണ് പൊലീസ് നിഗമനം. ഭിത്തിയുടെ ബലക്കുറവും അനുകൂലമായി. 

Also Read: കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ അന്തേവാസിയുടെ ആത്മഹത്യ; അധികൃതര്‍ക്ക് ഗുരുതര വീഴ്ച

ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)