സംസ്ഥാനത്തെ ഏക ഗോത്രവർഗ്ഗ പഞ്ചായത്തായ ഇടുക്കി ഇടമലക്കുടിയിൽ നിന്ന് വീണ്ടും രോഗിയെ വനത്തിലൂടെ ചുമന്നെത്തിച്ചു.
ഇടുക്കി: സംസ്ഥാനത്തെ ഏക ഗോത്രവർഗ്ഗ പഞ്ചായത്തായ ഇടുക്കി ഇടമലക്കുടിയിൽ നിന്ന് വീണ്ടും രോഗിയെ വനത്തിലൂടെ ചുമന്നെത്തിച്ചു. പനി ബാധിച്ച കൂടല്ലാർകുടി സ്വദേശി രാജാക്കന്നിയെയാണ് നാട്ടുകാർ മഞ്ചൽകെട്ടി ചുമന്ന് ആശുപത്രിയിൽ കൊണ്ടുപോയത്. സഞ്ചാരയോഗ്യമായ റോഡില്ലാത്തതാണ് കാരണം.
ഒരാഴ്ചയിലധികമായി പനി ബാധിച്ച് കിടപ്പിലായിരുന്നു ഇടമലക്കുടി കൂടല്ലാർകുടി സ്വദേശി രാജാക്കന്നി. സ്ഥിതി മോശമായതോടെയാണ് അടിമാലി ആശുപത്രിയിലേക്ക് കൊണ്ടു പോകാൻ തീരുമാനിച്ചത്. കൂടല്ലാർ കുടിയിൽ നിന്ന് നാല് കിലോമീറ്റർ വനത്തിലൂടെ കാട്ടുകമ്പുകളും കമ്പിളിയും ഉപയോഗിച്ച് മഞ്ചൽ കെട്ടി ചുമന്നാണ് ആനക്കുളത്ത് എത്തിച്ചത്.
അവിടെ നിന്നും വാഹനത്തിൽ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മൂന്നാമത്തെ സംഭവമാണിത്. രണ്ടാഴ്ച മുമ്പ് ഇതുപോലെ ചുമന്നെത്തിക്കുന്നതിനിടെ അഞ്ചു വയസ്സുകാരൻ മരിച്ചിരുന്നു. മൂന്നാറിൽ നിന്ന് രാജമലയിലൂടെയുള്ള പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ ജീപ്പ് പോലും കടന്നുപോകാത്ത അവസ്ഥയാണിപ്പോൾ.
കൂടല്ലാർകുടിയിൽ നിന്നും മാങ്കളത്തേക്കുള്ള നാല് കിലോമീറ്റർ റോഡ് വീതി കൂട്ടി ഗതാഗത യോഗ്യമാക്കണമെന്ന് വർഷങ്ങളായി ആദിവാസികൾ ആവശ്യപ്പെടുന്നുണ്ട്. വനംവകുപ്പിൻറെ എതിർപ്പാണ് തട്ടസമായി നിൽക്കുന്നത്. ഇടമലക്കുടിയിൽ പ്രാഥമിക ആരോഗ്യ കേന്ദ്രം ഉണ്ടെങ്കിലും ആവശ്യമായ ചികിത്സ ലഭ്യമല്ലെന്നും പരാതിയുണ്ട്. അത്യാവശ്യഘട്ടങ്ങളിൽ വാഹന സൗകര്യം ഏർപ്പെടുത്താൻ കഴിയാത്ത അവസ്ഥയുമുണ്ട്.

