പാലക്കാട്: പട്ടാമ്പിയിൽ ഇടതുപക്ഷത്തിനൊപ്പമെന്ന് വ്യക്തമാക്കി കോൺ​ഗ്രസ് വിമതന്മാരുടെ വി ഫോർ പട്ടാമ്പി. തങ്ങൾക്ക് ഇടതുപക്ഷം പിന്തുണ നൽകി. അതുകൊണ്ട് തന്നെ ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്നു എന്നാണ് വി ഫോർ പട്ടാമ്പി നേതൃത്വം വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ പട്ടാമ്പി ന​ഗരസഭ ഇടതുപക്ഷം ഭരിക്കുമെന്ന് ഉറപ്പായി. 

അതേസമയം, പട്ടാമ്പിയിൽ വിമതരുമായി കൈകോർക്കുന്ന കാര്യം അവരുടെ നിലപാട് പരിശോധിച്ച ശേഷം തീരുമാനിക്കുമെന്നാണ് സിപിഎം നിലപാട്. വി ഫോർ പട്ടാമ്പിയുടെ പേരിൽ മത്സരിച്ച് വിജയിച്ച ആറു പേരും പിന്തുണ പ്രഖ്യാപിച്ചതോടെ ഇടതുപക്ഷത്തിന് 16 സീറ്റായി. യുഡിഎഫിന് ഇവിടെ 11 സീറ്റ് മാത്രമാണുള്ളത്. 

പട്ടാമ്പിയിൽ വിമതരെ കൂട്ടിയുള്ള  ഭരണത്തിന് യുഡിഎഫ് തയ്യാറല്ലെന്ന് പാലക്കാട് ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്ഠൻ വ്യക്തമാക്കിയിരുന്നു. കച്ചവട കൂട്ടുകെട്ടിന് കോൺഗ്രസ് ഇല്ല. പട്ടാമ്പിയിലെ ജനവിധി കോൺഗ്രസിനെതിരായി. ജനവിധി മാനിക്കുന്നുവെന്നും ശ്രീകണ്ഠൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.