കോഴിക്കോട്: ദേശീയ ചരിത്ര കോൺഗ്രസിൽ ഉയര്‍ന്ന പൗരത്വ ഭേദഗതി പ്രതിഷേധം വൻ വിവാദത്തിന് തിരികൊളുത്തിയതിന് പിന്നാലെ വിഷയത്തിൽ പ്രതികരണവുമായി എഴുത്തുകാരൻ സക്കറിയ. രാഷ്ട്രീയക്കാരോട് വിധേയത്വം കാണിച്ചാൽ അവരുടെ ചവിട്ടുകൊള്ളാനും തയ്യാറാകണമെന്ന് സക്കറിയ പറഞ്ഞു.

"എനിക്ക് മനസ്സിലാകാത്തത്‌ ഗവർണറും ചരിത്ര കോൺഗ്രസ്സും തമ്മിൽ എന്ത് ബന്ധം എന്നാണ്. ആരിഫ് മൊഹമ്മദ് ഖാൻ ഒരു ചരിത്രകാരനാണോ? എന്തിനാണ് ആ മനുഷ്യനെ അവിടെ വിളിച്ചു വരുത്തിയത്? റോമിള ഥാപ്പറിനെയോ എംജിഎസ്സ് നാരായണനേയോ പോലെയുള്ള ചരിത്ര പണ്ഡിതർ അല്ലേ അവിടെ നേതൃത്വം നൽകേണ്ടത്? രാഷ്ട്രീയക്കാരോട് വിധേയത്വം കാണിച്ചാൽ അവരുടെ ചവിട്ടു കൊള്ളാനും തയ്യാറാകുക. ആരിഫ് മൊഹമ്മദ് ഖാന് സംഘപരിവാറിനോടുള്ള സ്വന്തം വിധേയത്വം പ്രദർശിപ്പിക്കാൻ ഒരു ഗംഭീര അവസരം കിട്ടിയത് മിച്ചം."