തൃശ്ശൂർ: പാവറട്ടിയിലെ കസ്റ്റഡി മരണ കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. കസ്റ്റഡിയിലുണ്ടായിരുന്ന എക്സൈസ് ഉദ്യോഗസ്ഥരായ മഹേഷ്, സ്മിബിൻ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. കസ്റ്റഡിമരണക്കേസില്‍ മൂന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ ഇന്നലെ അറസ്റ്റിലായിരുന്നു. ഇതിന് പിന്നാലെ സ്മിബിനും മഹേഷും ഇന്നലെ സ്റ്റേഷനിൽ ഹാജരായിരുന്നു. ഇവര്‍ ഉള്‍പ്പെടെ ഏഴ് ഉദ്യോഗസ്ഥര്‍ക്കെതിരെയും കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.  ഒളിവിലുള്ള മറ്റ് രണ്ടു പേർ കൂടി ഇന്ന് ഹാജരാകുമെന്നാണ് സൂചന. ഡൈവര്‍ ശ്രീജിത്തിനെ കേസിൽ പ്രതി ചേര്‍ത്തിട്ടില്ല.

Read More: പാവറട്ടി കസ്റ്റഡി മരണം: അറസ്റ്റിലായ മൂന്ന് എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റം ചുമത്തി

എക്സൈസ് പ്രിവൻറീവ് ഓഫീസര്‍മാരായ അനൂപ്, ജബ്ബാര്‍ സിവില്‍ ഓഫീസര്‍ നിതിൻ എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. ഇന്നലെ രാത്രി ഇവര്‍ അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരാകുകയായാരുന്നു.  രഞ്ജിത്തിനെ മര്‍ദ്ദിച്ചിട്ടില്ലെന്നാണ് മൂവരും നൽകിയിരിക്കുന്ന മൊഴി. മര്‍ദ്ദിക്കുന്നത് തടഞ്ഞെന്നും സഹപ്രവര്‍ത്തകരില്‍ ചിലര്‍ മർദ്ദനം തുടര്‍ന്നപ്പോള്‍ ജീപ്പിൽ നിന്ന് ഇറങ്ങിപ്പോയെയെന്നുമാണ് അനൂപിന്റെ മൊഴി. 

Read More: കസ്റ്റഡി മരണം: ഒളിവില്‍ പോയ എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് പൊലീസിന്‍റെ അന്ത്യശാസനം

സംഘത്തിലുണ്ടായിരുന്ന എല്ലാവര്‍ക്കും ഒരേ ഉത്തരവാദിത്തമായതിനാലാണ് ഏഴ് പേർക്കെതിരെയും കൊലകുറ്റം ചുമത്തുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. അറസ്റ്റിലായ മൂന്നു പേരെയും  പ്രതിയെ കൊണ്ടുപോയ പാവറട്ടിയിലെ ഗോഡൗണില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. സാക്ഷി മൊഴികളില്‍ നിന്ന് ശ്രീജിത്ത് മർദ്ദിച്ചിട്ടില്ലെന്ന് വ്യക്തമായതോടെ ഇയാളെ കേസില്‍ സാക്ഷിയാക്കാനാണ് തീരുമാനം.