തൃശൂർ: പാവറട്ടിയിൽ എക്സൈസ് കസ്റ്റഡിയിൽ പ്രതി മരിച്ച കേസിൽ കടുത്ത നടപടികളിലേക്ക് കടക്കാനൊരുങ്ങി പൊലീസ്. ആരോപണവിധേയരായ പൊലീസ് ഉദ്യോഗസ്ഥര്‍ ഇന്നും ചോദ്യം ചെയ്യല്ലിന് ഹാജരായില്ലെങ്കില്‍ അടുത്ത നടപടികളിലേക്ക് കടക്കുമെന്ന് അന്വേഷണസംഘം മുന്നറിയിപ്പ് നല്‍കുന്നു. 

കേസില്‍ പ്രതിസ്ഥാനത്തുള്ള എക്സൈസ് ഉദ്യോഗസ്ഥരെല്ലാം ഒളിവില്‍ പോയ സാഹചര്യത്തിലാണ് പൊലീസ് നിലപാട് കടുപ്പിക്കുന്നത്. എക്സൈസ് ഉദ്യോഗസ്ഥരോട് 24 മണിക്കൂറിനുള്ളിൽ അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ട് എക്സൈസ് വകുപ്പും നോട്ടീസ് നൽകിയിട്ടുണ്ട്. 

അതേസമയം കഴിഞ്ഞ ദിവസം അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായ എക്സൈസ് ജീപ്പ് ഡ്രൈവര്‍ ശ്രീജിത്തിനെ പൊലീസ് ചോദ്യംചെയ്തു വിട്ടയച്ചു. മര്‍ദ്ദനത്തില്‍ പങ്കില്ലാത്തതിനാല്‍ ശ്രീജിത്തിനെ കേസില്‍ പ്രതിയാക്കില്ലെന്ന് പൊലീസ് അറിയിച്ചു. അതേസമയം മറ്റു ഏഴ് ഉദ്യോഗസ്ഥരെക്കുറിച്ച് യാതൊരു വിവരവും ഇല്ല. ഇവരെല്ലാം ഒളിവില്‍ പോയെന്നാണ് വിവരം. കേസില്‍ ആരോപണവിധേയരായ എട്ട് ഉദ്യോഗസ്ഥരെ നേരത്തെ സര്‍വ്വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു.