കോട്ടയം പയ്യാനിത്തോട്ടത്ത് ഉരുൾപൊട്ടലിൽ മരിച്ച അമ്മയുടെയും മകൻ്റെയും സംസ്കാരം നടന്നു. പയ്യാനിത്തോട്ടത്തെ മണപ്പാട്ട് വീട്ടിൽ എം ജെ ജോണിയുടെ ഭാര്യ റെജീന ജോണിയും മകൻ ജോസഫൈൻ ജോണിയുമാണ് മരിച്ചത്.

കോട്ടയം: പൂഞ്ഞാർ പയ്യാനിത്തോട്ടത്ത് ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ ജീവൻ നഷ്ടമായ റെജീന ജോണിക്കും മകൻ ജോസഫൈൻ ജോണി (27) ക്കും വിട നൽകി നാട്. കുടുംബത്തിൻ്റെ വീടടക്കം സർവവും ഉരുളെടുത്തതോടെ മൃതദേഹങ്ങൾ പയ്യാനിത്തോട്ടം ഹോളിസ്പിരിറ്റ് പബ്ലിക്ക് സ്കൂളിലാണ് പൊതുദർശത്തിന് വെച്ചത്. അകാലത്തിൽ പൊലിഞ്ഞ ഇരുവരെയും ഒരുനോക്ക് കാണാനായി ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളുമടക്കം നൂറുകണക്കിനാളുകൾ എത്തി. ജനപ്രതിനിധികളടക്കമുള്ളവർ അന്തിമോപചാരം അർപ്പിച്ചു. വൈകുന്നേരം പയ്യാനിത്തോട്ടം സെൻ്റ്. അൽഫോൻസ പള്ളിയിൽ സംസ്കാരം നടന്നു.

കനത്ത മഴയെ തുടർന്ന് ശനിയാഴ്ച പുലർച്ചെ രണ്ടരയോടെ ആണ് പയ്യാനിത്തോട്ടത്തെ മണപ്പാട്ട് വീട്ടിൽ എം ജെ ജോണിയുടെ വീടിന് മുകളിലേക്ക് ഉരുൾപൊട്ടി ഇരച്ചെത്തിയതും സംഭവസമയം വീട്ടിൽ ഉറങ്ങുകയായിരുന്ന ജോണിയുടെ ഭാര്യ റെജീനയും മകൻ ജോസഫൈനും മണ്ണിനടിയിലായതും. ചികിത്സയിൽ കഴിയുന്ന പിതാവിന് കൂട്ടുകിടക്കാൻ പോയതായിരുന്നു ജോണി. മക്കളായ ജോമിറ്റും സോമിറ്റും ജോമിറ്റിൻ്റെ ഭർത്താവിൻ്റെ വീട്ടിലായിരുന്നു. ശബ്ദം കേട്ട് അയൽവാസി വിളിച്ചറിയിച്ചതിനെ തുടർന്നാണ് ജോണി അപകട വിവരം അറിഞ്ഞത്.

വീട് ഒന്നാകെ മണ്ണിനടിയിൽ മൂടിപ്പോയതോടെ നാട്ടുകാർ രക്ഷാപ്രവർത്തനം ദുഷ്കരമായി. മണ്ണുമാന്തി യന്ത്രം അടക്കം എത്തിച്ചതിന് പിന്നാലെ ഫയർ ഫോഴ്സും സംഭവസ്ഥലത്തെത്തി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ആദ്യം ജോസഫൈന്റെയും പിന്നീട് റെജീനയുടെയും ചേതനയറ്റ ശരീരം കണ്ടെത്തുകയായിരുന്നു. രണ്ട് വർഷം മുമ്പാണ് ജോണിയും കുടുംബവും പയ്യാനിത്തോട്ടത്ത് പുതിയ വീട് നിർമ്മിച്ചത്.

YouTube video player

വാഹനാപകടത്തിൽ പരിക്കേറ്റ് വിശ്രമത്തിലിരിക്കെ ആണ് ജോസഫൈനെ ഉരുളെടുത്തത്. ചൂണ്ടച്ചേരി സെൻ്റ് ജോസഫ് എഞ്ചിനീയറിങ് കോളേജിലെ കാൻ്റീൻ ജീവനക്കാരനായിരുന്നു ജോസഫൈൻ. രണ്ട് മാസം നീണ്ട വിശ്രമത്തിന് ശേഷം തിങ്കളാഴ്ച ജോലി പുനരാരംഭിക്കാനിരിക്കുകയായിരുന്നു ജോസഫൈൻ. പയ്യാനിത്തോട്ടം ഹോളിസ്പിരിറ്റ് സ്കൂളിലെ ജീവനക്കാരിയായിരുന്നു റെജീന. ഞായറാഴ്ച രാവിലെ ആണ് ഇരുവരുടെയും മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി പയ്യാനിത്തോട്ടത്തേക്ക് എത്തിച്ചത്.