ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കപ്പെട്ടതോടെ വി കുഞ്ഞിക്കൃഷ്ണൻ ഏരിയ കമ്മിറ്റിയംഗം മാത്രമായി. ഇതോടെയാണ് ഇദ്ദേഹം പാർട്ടിയിൽ നിന്ന് പുറത്തേക്ക് പോകുന്നതായി പ്രഖ്യാപിച്ചത്

പയ്യന്നൂർ: ഫണ്ട് തിരിമറി വിവാദവുമായി ബന്ധപ്പെട്ട നടപടിക്ക് പിന്നാലെ പ്രവർത്തകരിൽ വലിയൊരു വിഭാഗം പ്രതിഷേധവുമായി രംഗത്ത് വന്ന സാഹചര്യത്തിൽ പയ്യന്നൂരിൽ അനുനയ നീക്കവുമായി സിപിഎം. സിപിഎമ്മുമായി ഇനി ഒരു സഹകരണത്തിനുമില്ലെന്ന് പറഞ്ഞ് വി കുഞ്ഞിക്കൃഷ്ണൻ പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നതായി പറഞ്ഞത് പാർട്ടിക്കാർക്കിടയിൽ വലിയ അസംതൃപ്തിക്ക് കാരണമായിട്ടുണ്ട്. പാർട്ടി നേതൃത്വം കുഞ്ഞിക്കൃഷ്ണനെതിരെ സ്വീകരിച്ച നടപടി വലിയ തോതിൽ ജനങ്ങൾക്കിടയിൽ ചർച്ചയാവുകയാണ്.

ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കപ്പെട്ടതോടെ വി കുഞ്ഞിക്കൃഷ്ണൻ ഏരിയ കമ്മിറ്റിയംഗം മാത്രമായി. ഇതോടെയാണ് ഇദ്ദേഹം പാർട്ടിയിൽ നിന്ന് പുറത്തേക്ക് പോകുന്നതായി പ്രഖ്യാപിച്ചത്. വി കുഞ്ഞികൃഷ്ണന്റെ സാന്നിധ്യത്തിലാണ് എല്ലാ തീരുമാനങ്ങളും എടുത്തതെന്നാണ് പാർട്ടിയുടെ വിശദീകരണം.

പയ്യന്നൂരിൽ ഫണ്ട് തിരിമറി പുറത്ത് കൊണ്ടുവന്നത് വി കുഞ്ഞികൃഷ്ണനാണ്. നടപടിക്ക് പിന്നാലെ ബാങ്ക് ഡയറക്ടർ ബോർഡ് അംഗത്വവും കുഞ്ഞിക്കൃഷ്ണൻ രാജിവെച്ചു. വലിയ ജനപിന്തുണയുള്ള നേതാവാണ് ഇദ്ദേഹം. ഇദ്ദേഹത്തെ ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയത് അംഗീകരിക്കില്ലെന്ന നിലപാടിലാണ് പാർട്ടിയുടെ വലിയ ശക്തികേന്ദ്രമായ വെള്ളൂരിലെ അടക്കം പ്രവർത്തകർ. ഏരിയകമ്മറ്റിയിലും ലോക്കൽ കമ്മറ്റികളിലും കുഞ്ഞിക്കൃഷ്ണനെതിരായ നടപടിയിൽ രൂക്ഷ വിമർശനം ഉയർന്നു.

ഫണ്ട് തിരിമറി നടത്തിയവരെ തഴുകുന്ന നടപടിയെന്നാണ് പാർട്ടി നേതൃത്വത്തിനെതിരെ ഉയർന്ന ആക്ഷേപം. കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടക്കുന്നുണ്ട്. വെള്ളൂരിൽ പ്രവർത്തകർ ഒന്നടങ്കം കുഞ്ഞികൃഷ്ണന്റെ ചിത്രം വാട്സാപ് സ്റ്റാറ്റസാക്കി. പാർട്ടി പ്രചാരണത്തിനുള്ള വാട്സാപ്പ് ഗ്രൂപ്പുകളിൽ നിന്നും കൂട്ടത്തോടെ പ്രവർത്തകർ പുറത്തു പോയി.