പയ്യന്നൂരിൽ സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്ക്, സെന്റിന് അഞ്ച് ലക്ഷം രൂപ മാത്രം വിലമതിക്കുന്ന ചതുപ്പ് നിലം അഞ്ചിരട്ടി വിലയായ 19 ലക്ഷം രൂപക്ക് വാങ്ങിയതായി രേഖകൾ. 20 കോടിയിലധികം രൂപയുടെ ഇടപാടിൽ സാമ്പത്തിക തിരിമറി നടന്നുവെന്ന ആരോപണം ശക്തമാവുകയാണ്.

കണ്ണൂർ: പയ്യന്നൂരിൽ സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്ക് ചതുപ്പ് നിലം വാങ്ങിയത് അഞ്ചിരട്ടി വില നൽകിയെന്ന് രേഖകൾ. പയ്യന്നൂരിൽ സിപിഎം നിയന്ത്രണത്തിലുള്ള സഹകരണബാങ്ക് ഭൂമി വാങ്ങിയതിലെ അതിശയിപ്പിക്കുന്ന കണക്ക് ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിടുന്നു. 20 കോടിയിലധികം രൂപ ചെലവിട്ട് ഒരേക്കർ ചതുപ്പ് ഭൂമി വാങ്ങിയതിൽ ക്രമക്കേട് ഉണ്ടെന്നാണ് ആരോപണം. ഈ ഇടപാടിൽ ടിഐ മധുസൂദനൻ എംഎൽഎക്കും ഇടനിലക്കാർക്കും പങ്കുള്ളതായാണ് വി കുഞ്ഞികൃഷ്ണൻ ആരോപിച്ചത്. എന്നാൽ പയ്യന്നൂർ ടൗണിൽ ഭൂമിക്ക് അത്രയും വിലയുണ്ടെന്നാണ് പാർട്ടി ജില്ലാ സെക്രട്ടറിയുടെയും ന്യായീകരണം.

പയ്യന്നൂർ ബസ്സ്റ്റാന്റിനോട് ചേർന്നുള്ള ഒരേക്കർ ചതുപ്പ് ഭൂമിയാണ് രണ്ട് ഉടമസ്ഥരുടെ കൈയിൽ നിന്നായി വാങ്ങിയത്. വെള്ളൂർ സ്വദേശിയായ പുളുക്കൂൽ സുധാകരനിൽ നിന്ന് പയ്യന്നൂർ കോപ്പറേറ്റീവ് റൂറൽ ബാങ്ക് ആദ്യം വാങ്ങിയത് 35 സെന്റ് സ്ഥലം. 2018 മാർച്ചിൽ ഈ ഭൂമി ബാങ്കിന്റെ പേരിൽ രജിസ്റ്റർ ചെയ്തത് ഏഴേ കാൽ കോടിയിലധികം രൂപക്കായിരുന്നു. രണ്ടാമത്തെ ഭൂമി 68 സെന്റ് ഡോക്ടർ എ റായൻ പൈയിൽനിന്നും കുടുംബത്തിൽനിന്നും വാങ്ങി. 2018 ജൂലൈയിൽ ഈ ഭൂമി ബാങ്കിന്റെ പേരിൽ രജിസ്റ്റർ ചെയ്തത് 14 കോടി രൂപക്കായിരുന്നു.

എന്നാൽ ഈ ഭൂമിയുടെ മുൻ അവകാശികൾ 2011 ലും 2015 ലും ഈ സ്ഥലങ്ങൾ വാങ്ങിയത് സെന്റിന് നാല് ലക്ഷത്തിനു താഴെ വിലക്കാണെന്നും രേഖകൾ പറയുന്നു. ഈ സ്ഥലമാണ് 6 വർഷം കഴിയുമ്പോൾ സെന്റിന് 19 ലക്ഷത്തിനടുത്ത് വില കൊടുത്ത് സിപിഎം നിയന്ത്രണത്തിലുള്ള ബാങ്ക് വാങ്ങുന്നത്. അതിനു ശേഷം തൊട്ടടുത്തുള്ള ഭൂമിയുടെ പോലും കച്ചവടം നടന്നത് സെന്റിന് 5 ലക്ഷത്തിന് എന്ന താരതമ്യം കൂടി അറിയുമ്പോൾ വെട്ടിപ്പ് വ്യക്തം. ഈ ഇടപാടിൽ സാമ്പത്തിക തിരിമറി നടന്നുവെന്നാണ് വി കുഞ്ഞികൃഷ്ണൻ ആരോപിച്ചത്.

2022ലെ സഹകരണ ഓഡിറ്റ് കുഞ്ഞികൃഷ്ണന്റെ വാദങ്ങളെ ശരിവെക്കുന്നുണ്ട്. 2008ലെ തണ്ണീർത്തട നെൽവയൽ സംരക്ഷണ നിയമം പ്രകാരം നിർമ്മാണ പ്രവർത്തി നടത്താൻ പറ്റാത്ത ഭൂമി വാങ്ങിയതിൽ ജാഗ്രതക്കുറവ് ഉണ്ടായി എന്ന് അടിവരയിടുന്നു. എന്നാൽ പയ്യന്നൂരിൽ ഭൂമിക്ക് ഇത്രയും വിലയുണ്ടെന്നാണ് സിപിഎം പറയുന്നത്.

പയ്യന്നൂർ കോപ്പറേറ്റീവ് റൂറൽ ബാങ്കിന്റെ അന്നത്തെ സെക്രട്ടറി യു വി ശശീന്ദ്രന്റെ പേരിലാണ് ഭൂമി വാങ്ങിയത്. അന്ന് ഇ.പി. കരുണാകരനായിരുന്നു പ്രസിഡന്റ്. എട്ടു വർഷങ്ങൾക്കിപ്പുറവും ഉപയോഗശൂന്യമായി കിടക്കുകയാണ് 20 കോടിയൊളം മുടക്കി വാങ്ങിയ ഈ ഭൂമി.