കണ്ണൂർ ജില്ലയിൽ സിപിഎം ഭരിക്കുന്ന പയ്യാവൂർ പഞ്ചായത്തിൻ്റെ പയ്യാവൂർ മാംഗല്യം പദ്ധതിയിൽ, ആദ്യ ഘട്ട വിവാഹങ്ങൾ ഒക്ടോബർ മാസം നടക്കും. എന്നാൽ അപേക്ഷകരിൽ സ്ത്രീ - പുരുഷ വ്യത്യാസം കേരളത്തിൻ്റെ സാമൂഹിക മാറ്റത്തിൻ്റെ സൂചനയാണെന്ന് വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു

കണ്ണൂർ: അവിവാഹിതരും വിവാഹിതരാകാൻ ആഗ്രഹിക്കുന്നവരുമായ ആളുകൾക്ക് വിവാഹം കഴിക്കാൻ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ഒരു മാംഗല്യ പദ്ധതി, അതാണ് പയ്യാവൂർ മാംഗല്യം. സിപിഎം ഭരിക്കുന്ന, പാർട്ടിക്ക് ശക്തമായ സ്വാധീനമുള്ള പഞ്ചായത്തിൽ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന യുവാക്കൾക്ക് അതിനുള്ള അവസരം എളുപ്പത്തിൽ ഒരുക്കുന്നതിന് വേണ്ടി നടത്തുന്ന പദ്ധതി അതിൻ്റെ പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് ആദ്യ ചുവടുവെക്കുകയാണ്. ഒക്ടോബർ മാസത്തിൽ തന്നെ ലഭിച്ച അപേക്ഷകരിൽ അൻപതോളം പേരുടെ വിവാഹം നടത്താനൊരുങ്ങുകയാണ് പയ്യാവൂർ പഞ്ചായത്ത്. ഇതിനായുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പ്രീത സുരേഷ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പ്രതികരിച്ചു. എന്നാൽ അപേക്ഷകരിലെ ലിംഗ വ്യത്യാസമടക്കം കേരളത്തിൻ്റെ സാമൂഹിക-സാമ്പത്തിക രംഗങ്ങളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റത്തിൻ്റെ പ്രതിഫലനമാണെന്ന് വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു.

അപേക്ഷകരിൽ ബഹുഭൂരിപക്ഷത്തിനും നിരാശ

എന്നാൽ പദ്ധതിയുടെ ആദ്യ ഘട്ടത്തോട് അടുക്കുമ്പോൾ അപേക്ഷകരിൽ ബഹുഭൂരിപക്ഷത്തിനും നിരാശ ബാക്കിയാവുകയാണ്. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സ്ഥിരീകരിച്ച കണക്കുകൾ പ്രകാരം വിവാഹം കഴിക്കാൻ താത്പര്യം അറിയിച്ച് ലഭിച്ച അപേക്ഷകളിൽ സ്ത്രീകളുടെ എണ്ണത്തേക്കാൾ പത്തിരട്ടിയോളമാണ് പുരുഷന്മാരുടെ എണ്ണം. എന്ന് മാത്രമല്ല, 27 മുതൽ 66 വയസുവരെ പ്രായമുള്ള സ്ത്രീകളാണ് വിവാഹം കഴിക്കാൻ താത്പര്യം അറിയിച്ചത്. ഇവരിൽ തന്നെ 35 നും 45 നും ഇടയിൽ പ്രായമുള്ളവരാണ് അപേക്ഷകരിൽ അധികവും. 3000 ത്തിലേറെ പുരുഷന്മാരുടെ അപേക്ഷ ലഭിച്ചതിൽ 30 നും 45 നും ഇടയിൽ പ്രായമുള്ള അവിവാഹിതരായ പുരുഷന്മാരാണ് ഏറെയും.

സ്ത്രീകളിൽ വിധവകളും വിവാഹമോചിതരും അപേക്ഷ സമർപ്പിച്ചവരിലുണ്ട്. ഇവരിൽ നിന്ന് ജാതി, മതം, പ്രായം തുടങ്ങിയവ അടിസ്ഥാനമാക്കി അപേക്ഷകരെ തരംതിരിക്കും. ഇതിൻ്റെ അടിസ്ഥാനത്തിൽ അനുയോജ്യരായ ആളുകളുടെ കുടുംബങ്ങളെ തമ്മിൽ ബന്ധിപ്പിക്കും. ഇവരുടെ സമ്മതത്തോടെ വിവാഹത്തിൻ്റെ തീയ്യതി കുറിക്കും. അപേക്ഷകരിൽ ഹിന്ദു, മുസ്ലിം, കൃസ്ത്യൻ വിഭാഗങ്ങളിൽ നിന്നുള്ളവർ, വിധവകൾ, വിഭാര്യർ, അവിവാഹിതർ, അവിശ്വാസികൾ, വിവാഹമോചിതർ, വയോധികർ എന്നിങ്ങനെ പല വിഭാഗമായി അപേക്ഷകരെ തരംതിരിക്കുന്നുണ്ട്.

ഏറ്റവും അനുയോജ്യരായ, ഏറ്റവും എളുപ്പത്തിൽ കൂട്ടിച്ചേർക്കാൻ പറ്റുന്നവരെ ആദ്യം കണ്ടെത്തി, അവരുടെ കുടുംബങ്ങളുമായി സംസാരിച്ച് പരമാവധി പേരുടെ വിവാഹം അടുത്ത മാസം ആദ്യ വാരം തന്നെ നടത്താനുള്ള ശ്രമത്തിലാണ് പഞ്ചായത്ത്. കുടുംബശ്രീ അംഗങ്ങളുടെയും സിംഗിൾ വിമൻ വെൽഫെയർ അസോസിയേഷൻ പ്രവർത്തകരുടെയും സഹകരണത്തോടെയാണ് ഇതിനായുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നത്. വിവാഹം കഴിക്കാൻ താത്പര്യം അറിയിച്ചവരിൽ 30 വയസിൽ താഴെയുള്ള സ്ത്രീകളുടെ എണ്ണം വളരെ കുറവാണെന്നാണ് ലഭിച്ച വിവരം.

കാലം മാറുന്നു, കേരളവും

മുപ്പത്തഞ്ച് വയസിൽ താഴെ പ്രായമുള്ള സ്ത്രീകൾ വിവാഹം കഴിക്കാൻ താത്പര്യമില്ലാത്തവരാണ് എന്നത് ഇതുകൊണ്ട് അർത്ഥമാക്കുന്നില്ല. എന്നാൽ കേരളത്തിൽ യുവാക്കളായ പുരുഷന്മാർ വിവാഹം കഴിക്കാൻ യുവതികളെ കിട്ടുന്നില്ലെന്ന പരാതി ഉന്നയിക്കാൻ തുടങ്ങിയിട്ട് ഏറെ നാളായി. ഇതിൻ്റെ സൂചനയായി ഈ അപേക്ഷാ പ്രവാഹത്തെ കാണാം. പുരുഷന്മാരിൽ നിന്ന് ലഭിച്ച 3000ത്തിൽ പരം അപേക്ഷകരിൽ ബഹുഭൂരിപക്ഷവും അവിവാഹിതരായ 45 ന് താഴെ പ്രായമുള്ളവരാണ് എന്നുള്ളതാണ് കാരണം. ഇത്തരത്തിലൊരു സാമൂഹിക അന്തരീക്ഷം കേരളത്തിൽ സംഭവിച്ചതിന് കാലത്തിൻ്റെ മാറ്റവും നാഗരികവത്കരണവും ഒപ്പം വിദ്യാഭ്യാസം, തൊഴിൽ രംഗങ്ങളിൽ മലയാളി സ്ത്രീകളുടെ മുന്നേറ്റവും കാരണമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കേരള സർവകലാശാലയിലെ ഡെമോഗ്രാഫി വിഭാഗം മേധാവി ഡോ. എസ് അനിൽ ചന്ദ്രൻ പറയുന്നതിങ്ങനെ: 'സർവകലാശാലയിൽ ഇപ്പോഴുള്ളതിൽ 80 ശതമാനത്തിലേറെയും പെൺകുട്ടികളാണെന്ന് അദ്ദേഹം പറഞ്ഞു. ഒപ്പം വിദേശത്തേക്ക് പോകാനും ഉന്നത പഠനം നടത്താനും ശ്രമിക്കുന്നതിലും ഭൂരിഭാഗവും പെൺകുട്ടികളാണ്. ഈ സാഹചര്യം കേരളത്തിലാകെയുണ്ട്. 2001 ലെ സെൻസസ് പ്രകാരം 22 വയസായിരുന്നു കേരളത്തിലെ സ്ത്രീകളുടെ ശരാശരി വിവാഹപ്രായം. എന്നാൽ 2011 ആയപ്പോഴേക്കും ഇത് 21 ലേക്ക് കുറയുന്നതാണ് കണ്ടത്. പിന്നീടൊരു സെൻസസ് നടത്താത്തതിനാൽ ഈ നിലയിൽ ഒരു വിശകലനം സാധ്യമല്ലെങ്കിലും സ്ത്രീകളുടെ വിദ്യാഭ്യാസവും സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തവും ഉയരുന്നത് വലിയ സൂചനയാണ്. ഉയർന്ന വിദ്യാഭ്യാസം നേടിയ സ്ത്രീകൾ കേരളത്തിലെ സാമൂഹിക സാഹചര്യങ്ങളേക്കാൾ മെച്ചപ്പെട്ടതാണ് വിദേശത്തെ ജീവിത സാഹചര്യം എന്ന് മനസിലാക്കുകയും വിവാഹം കഴിക്കാൻ താത്പര്യപ്പെടാതെ അങ്ങോട്ടേക്ക് കുടിയേറുകയും ചെയ്യുന്നുണ്ട്. കേരള സർവകലാശാലയിൽ നിന്ന് പോലും വിദേശത്തേക്ക് കുടിയേറുന്നവരിൽ ഭൂരിഭാഗവും പെൺകുട്ടികളാണ്. അവിടുത്തെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെട്ടതാണെന്ന തോന്നലാണ് കാരണം'- അദ്ദേഹം പറഞ്ഞു.

സാമ്പത്തിക മേഖലയിലും മാറ്റം

ഈയൊരു സ്ഥിതിവിശേഷം കേരളത്തിൻ്റെ സാമൂഹിക-സാമ്പത്തിക സ്ഥിതിയിൽ വലിയ മാറ്റം വരുത്തുമെന്ന് കേരള സർവകലാശാലയിൽ നിന്ന് വിരമിച്ച പ്രശസ്ത സാമ്പത്തിക വിദഗ്ധൻ ഡോ.ബിഎ പ്രകാശ് വിശദീകരിക്കുന്നു. കേരളത്തിലാകെ സാമൂഹികമായ ജീവിതരീതികളിൽ വലിയ മാറ്റം സംഭവിക്കുന്നത് സാമ്പത്തിക രംഗത്തും പ്രതിഫലിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൂട്ടുകുടുംബങ്ങളിൽ നിന്ന് അണുകുടുംബങ്ങളിലേക്ക് മാറിയപ്പോൾ സംഭവിച്ചതിന് സമാനമായി ആളോഹരി ചെലവിൽ മാറ്റം സംഭവിക്കും. കുടുംബമായി താമസിക്കുമ്പോൾ മക്കളുടെ വിദ്യാഭ്യാസ ചെലവിനും ഉന്നത പഠനത്തിനും അവരുടെ ഭാവിക്കുമായി പരമാവധി ചെലവ് ചുരുക്കിയും സേവിങ്സിൽ ഊന്നിയുമാണ് ജീവിക്കാറ്. എന്നാൽ വിവാഹിതരാകാതെ സ്ത്രീകളും പുരുഷന്‍മാരും വരുമാനത്തിൻ്റെ സിംഹഭാഗവും ആനന്ദത്തിനും ആഡംബരത്തിനുമായി ചെലവഴിക്കുന്ന സ്ഥിതിവരും. അങ്ങിനെ വരുമ്പോൾ മേഖല തിരിച്ചുള്ള വിപണി വിഹിതത്തിൽ മാറ്റം വരും. വിവാഹം, വീട് നിർമ്മാണം പോലുള്ള വലിയ ചെലവുകളല്ലെങ്കിലും യാത്രക്കും ആഘോഷത്തിനുമായി പണം കണ്ടെത്തുന്നത് കേരളത്തിലെ സാമ്പത്തിക രംഗത്ത് ഉപഭോഗ മേഖലയിൽ മാറ്റമുണ്ടാക്കും. ആഡംബര ഉൽപ്പന്നങ്ങൾക്കായി കൂടുതൽ പണം ചെലവഴിക്കുന്ന സ്ഥിതി വിശേഷം വരും കാലത്ത് ഉണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.