വീണയുടെ കമ്പനിയുടെ സാമ്പത്തിക സ്രോതസും എക്സാലോജിക്കിന്‍റെ ഇടപാടുകൾക്കെതിരെയും ആരോപണമുയർത്തി. ഒരിടവേളക്ക് ശേഷം ഫാരിസ് അബൂബക്കറിലേക്ക് ആരോപണങ്ങളുടെ മുന നീട്ടിയ ശേഷമാണ് ജോർജ് ഈരാറ്റുപേട്ടയിലേക്ക് മടങ്ങിയതെന്നത് ശ്രദ്ധേയമാണ്

തിരുവനന്തപുരം: സോളാർ കേസ് പ്രതിയുടെ പീഡന പരാതിയിൽ അറസ്റ്റിലായ ശേഷം ജാമ്യം നേടി പുറത്തിറങ്ങിയ പി സി ജോർജ് മുഖ്യമന്ത്രിക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ചാണ് രംഗത്തെത്തിയത്. ജാമ്യം കിട്ടി പുറത്തിറങ്ങിയതിന് പിന്നാലെ, മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് ജോർജ് ഉന്നയിച്ചത്. സംസ്ഥാനത്ത് ഇപ്പോൾ നടക്കുന്ന രാഷ്ട്രീയ നാടകങ്ങൾക്ക് പിന്നിൽ മുഖ്യമന്ത്രിയും ഫാരീസ് അബൂബക്കറുമാണെന്നായിരുന്നു ജോർജിന്‍റെ ആരോപണം. ഹാരിസിന്‍റെ നിക്ഷേപങ്ങളില്‍ പിണറായി വിജയന് പങ്കുണ്ടെന്ന് ആരോപിച്ച പി സി ജോര്‍ജ്, മുഖ്യമന്ത്രിയുടെ അമേരിക്കന്‍ ബന്ധം വിശദമായി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. പിണറായി വിജയനെതിരെ അന്വേഷണ ഏജന്‍സികള്‍ക്ക് പരാതി നല്‍കുമെന്നും ജോർജ് വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ അമേരിക്കൻ യാത്രകൾ കേന്ദ്ര സർക്കാരും കേന്ദ്ര ഏജൻസികളും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പിണറായിയുടെ മകളുടെ സാമ്പത്തിക ഇടപാടുകളും ഇ ഡി അന്വേഷിക്കണമെന്ന് പി സി ആവശ്യപ്പെട്ടു. വീണയുടെ കമ്പനിയുടെ സാമ്പത്തിക സ്രോതസും എക്സാലോജിക്കിന്‍റെ ഇടപാടുകൾക്കെതിരെയും ആരോപണമുയർത്തി. ഒരിടവേളക്ക് ശേഷം ഫാരിസ് അബൂബക്കറിലേക്ക് ആരോപണങ്ങളുടെ മുന നീട്ടിയ ശേഷമാണ് ജോർജ് ഈരാറ്റുപേട്ടയിലേക്ക് മടങ്ങിയതെന്നത് ശ്രദ്ധേയമാണ്. വരും ദിവസങ്ങളിലും കൂടുതൽ ആരോപണങ്ങളുമായി പി സി രംഗത്തെത്തിയേക്കും.

മുഖ്യമന്ത്രിയുടെ അമേരിക്കന്‍ ബന്ധം അന്വേഷിക്കണം:മുഖ്യമന്ത്രിക്കെതിരെ പിസി ജോര്‍ജ് | P C George

അതേസമയം ദൈവത്തിന് നന്ദിയെന്നായിരുന്നു ജനപക്ഷം നേതാവ് പി സി ജോര്‍ജിന്‍റെ ആദ്യ പ്രതികരണം. ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് മൂന്നാണ് പി സി ജോര്‍ജിന് ജാമ്യം അനുവദിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ചു കൊണ്ടായിരുന്നു പി സി ജോര്‍ജിന്‍റെ ആദ്യ പ്രതികരണം. പിന്നാലെ മാധ്യമപ്രവർത്തകയോട് നേരത്തെ മോശമായി പെരുമാറിയതിൽ ക്ഷമ ചോദിക്കുന്നുവെന്നും ജോർജ് അറിയിച്ചു.

ദൈവത്തിന് നന്ദി; പുറത്തിറങ്ങി ജോർജിന്‍റെ ആദ്യപ്രതികരണം, പിണറായിക്ക് വിമർശനം, മാധ്യമപ്രവർത്തകയോട് ക്ഷമ ചോദിച്ചു

മാധ്യമ പ്രവർത്തകയോട് ക്ഷമ ചോദിച്ചു

അറസ്റ്റിലായതിന് പിന്നാലെ മാധ്യമപ്രവർത്തകയോട് മോശമായി സംസാരിച്ചതിന് ക്ഷമ ചോദിക്കുകയായിരുന്നു പി സി ജോര്‍ജ്. അറസ്റ്റിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോൾ നിയമവിരുദ്ധമായി പി സി ജോർജ്ജ് പരാതിക്കാരിയുടെ പേര് പറഞ്ഞിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയ മാധ്യമപ്രവർത്തകയോട് പിന്നെ നിങ്ങളുടെ പേര് പറയണോ എന്ന് പിസി ജോർജ്ജ് ക്ഷുഭിതനായി ചോദിച്ചു. ഇതിനാണ് മാധ്യമപ്രവർത്തകയോട് ക്ഷമ ചോദിച്ചത്. സംഭവത്തിൽ വലിയ പ്രതിഷേധം ഉയ‍ർന്നിരുന്നു.

പീഡനപരാതിയിൽ അറസ്റ്റിലായ പി സി ജോര്‍ജിന് ജാമ്യം; 'ശനിയാഴ്ച ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കരുത്' എന്നും ഉപാധി

അതേസമയം പീഡന പരാതിയിലെടുത്ത കേസില്‍ ഉപാധികളോടെയാണ് കോടതി പി സി ജോർജിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. വാദം പൂർത്തിയാക്കി രണ്ട് മണിക്കൂറിന് ശേഷമാണ് ഉത്തരവുണ്ടായത്. ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് മൂന്നാണ് ജാമ്യം അനുവദിച്ചത്. കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതുവരെയോ മൂന്നു മാസം വരെയോ എല്ലാ ശനിയാഴ്ചയും രാവിലെ 10 മണിക്കും ഒരു മണിക്കും ഇടയിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം, പരാതിക്കാരിയോ സാക്ഷികളെയോ സ്വാധീനിക്കരുത് തുടങ്ങിയവയാണ് ഉപാധികൾ.

ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ ശക്തമായി വാദിച്ചിരുന്നു. മത വിദ്വേഷ പ്രസംഗമടക്കം മറ്റ് കേസുകളിലും പ്രതിയാണ്. ജാമ്യം ലഭിച്ചാൽ സാക്ഷികളെ സ്വാധീനിക്കും. കോടതി നൽകിയ ജാമ്യ വ്യവസ്ഥ ലംഘിച്ച പ്രതിയാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. പി.സി.ജോർജ് നിലവിൽ ഒമ്പത് കേസുകളില്‍ പ്രതിയാണ്. പരാതിക്കാരിക്ക് വിശ്വാസ്യതയില്ലന്ന് പ്രതിഭാഗം വാദിച്ചു. അവര്‍ മുൻ മുഖ്യമന്ത്രിക്കെതിരെ അടക്കം ബലാത്സംഗ പരാതി നൽകിയിട്ടുണ്ട്. രാഷ്ട്രീയമായി കെട്ടിച്ചമച്ച കേസാണ് ഇത്. പി സി ജോര്‍ജ് ഹൃദ്രോഗിയാണ്, രക്തസമ്മർദ്ദമുണ്ട്. ജയിലിലടയ്ക്കരുതെന്നും പ്രതിഭാഗം വാദിച്ചു. കേസ് രാഷ്ട്രീയ പ്രേരിതമാണ്. കർട്ടന് പിന്നിൽ മറ്റ് പലരുമാണ്. പരാതിക്കാരിയെ കൊണ്ട് കള്ള പരാതി നൽകി. പി.സി.ജോർജിന് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ജോർജിന്റെ അഭിഭാഷകന്‍ വാദിച്ചു. പരാതിയുണ്ടോയെന്ന് കോടതി ജോര്‍ജിനോട് ചോദിച്ചു. തന്നെ ക്രൈം ബ്രാഞ്ച് കേസുമായി ബന്ധപ്പെട്ടാണ് വിളിച്ചു വരുത്തിയത്. ഇത്തരം ഒരു പരാതി ഉള്ള കാര്യം താൻ അറിയുകയോ അറിയിക്കുകയോ ചെയ്തില്ല. തനിക്ക് നിയമ നടപടികൾക്കുള്ള സമയം ലഭിച്ചില്ല. നിരവധി ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും കോടതിയോട് ജോർജ് പറഞ്ഞിരുന്നു.