കോട്ടയം: കോട്ടയം പ്രസ് ക്ലബിന്‍റെ ബാഡ്മിന്‍റണ്‍ കോര്‍ട്ട് ഉദ്ഘാടന ചടങ്ങിനെ രസകരമാക്കി പൂഞ്ഞാർ എംഎൽഎ പി സി ജോർജ്. ഉദ്ഘാടകനായെത്തിയ ജോര്‍ജ് ഒരു തകര്‍പ്പൻ കളിയും കളിച്ച ശേഷമാണ് മടങ്ങിയത്. മകന്‍ ഷോണ്‍ ജോര്‍ജിനൊപ്പമായിരുന്നു പൂഞ്ഞാർ എം എൽ എയുടെ പോരാട്ടം.

കോട്ടയം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്‍റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കലും കൂട്ടാളിയുമായിരുന്നു ജോര്‍ജിനും മകനുമെതിരെ ബാറ്റെടുത്തത്. ബാഡ്മിന്‍റൺ കോർട്ടിലും പ്രായം തന്നെ തളർത്തില്ലെന്ന് തെളിയിച്ച് ജോർജ് മികച്ച ഷോട്ടുകളും പായിച്ചു. കളിക്കൊടുവിൽ തകര്‍പ്പനൊരു കമന്‍റിലൂടെ കാഴ്ച്ചക്കാരെ രസിപ്പിച്ച ശേഷമായിരുന്നു അദ്ദേഹം മടങ്ങിയത്.

'അവർ ജയിക്കണമെന്നായിരുന്നു ആഗ്രഹിച്ചത്, വേണമെങ്കിൽ ജയിക്കാമായിരുന്നു, മനപൂർവ്വം തോറ്റുകൊടുത്തതാണ്, അടുത്ത ഇലക്ഷനില്‍ സെബാസ്റ്റിയന്‍ കുളത്തുങ്കലിനെതിരെ ജയിക്കാനുള്ളതുകൊണ്ട് ഈ കളിയില്‍ തോറ്റുകൊടുത്തു' മത്സര ശേഷം പിസി ജോര്‍ജിന്‍റെ കമന്‍റ് ഇങ്ങനെയായിരുന്നു.