Asianet News MalayalamAsianet News Malayalam

പ്രതിദിനം 20000 കൊവിഡ് രോഗികള്‍: ആരോഗ്യമന്ത്രിക്കെതിരെ ചോദ്യങ്ങളുമായി വിഷ്ണുനാഥ്

പ്രതിദിനം 20000 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കണമെങ്കില്‍ 3.9 ലക്ഷം ടെസ്റ്റുകള്‍ നടത്തണമെന്നും വിഷ്ണുനാഥ് വ്യക്തമാക്കി.
 

PC Vishnunath Questions KK Shailaja on Covid number
Author
Thiruvananthapuram, First Published Aug 15, 2020, 7:45 PM IST

സംസ്ഥാനത്ത് സെപ്റ്റംബറോടുകൂടി പ്രതിദിനം 20,000 കൊവിഡ് കേസുകള്‍ ഉണ്ടാകാമെന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവനയെ ചോദ്യം ചെയ്ത് കെപിസിസി വൈസ് പ്രസിഡന്റ് പിസി വിഷ്ണുനാഥ്. സംസ്ഥാനത്ത് നടത്തുന്ന കൊവിഡ് പരിശോധനയുടെ എണ്ണവും പോസിറ്റീവാകുന്നവരുടെ എണ്ണവും ചൂണ്ടിക്കാട്ടിയാണ് വിഷ്ണുനാഥിന്റെ വിമര്‍ശനം. നിലവിലെ സാഹചര്യത്തില്‍ എട്ട് പേര്‍ക്ക് ടെസ്റ്റ് നടത്തുമ്പോള്‍ അഞ്ച് പേരുടേത് പോസിറ്റാവകണമെന്നും ആരോഗ്യമന്ത്രിയുടെ പ്രസ്താവന ഞെട്ടിക്കുന്നതാണെന്നും വിഷ്ണുനാഥ് പറഞ്ഞു. പ്രതിദിനം 10000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യണമെങ്കില്‍ 1.95 ലക്ഷം ടെസ്റ്റുകള്‍ നടത്തണം. ശരാശരി 24,104 ടെസ്റ്റുകളാണ് ഇപ്പോള്‍ നടത്തുന്നത്. പ്രതിദിനം 20000 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കണമെങ്കില്‍ 3.9 ലക്ഷം ടെസ്റ്റുകള്‍ നടത്തണമെന്നും വിഷ്ണുനാഥ് വ്യക്തമാക്കി.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ആരോഗ്യമന്ത്രിയുടെ പ്രസ്താവനയുടെ യാഥാര്‍ഥ്യമെന്ത് ?

കേരളത്തില്‍ പ്രതിദിനം 10000 നും 20000നും ഇടയില്‍ കോവിഡ് കേസുകള്‍ ഉണ്ടാകാന്‍ പോകുന്നു എന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവന ഞെട്ടിക്കുന്നതാണ്. രോഗികളുടെ എണ്ണത്തിലെ വര്‍ധനയെക്കാള്‍ കേരളം നടത്താന്‍ പോവുന്ന പരിശോധനകളുടെ എണ്ണമാണ് ഞെട്ടിക്കുന്നത്. സംസ്ഥാനത്ത് ആഗസ്റ്റ് 1 മുതല്‍ 13 വരെ 3.13 ലക്ഷം ടെസ്റ്റുകള്‍ നടത്തിയപ്പോള്‍ 16,095 കേസുകള്‍ ഉണ്ടായി. ടെസ്റ്റുകളുടെ പ്രതിദിന ശരാശരി 24,104. അപ്പോള്‍ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 5.1 ശതമാനം.

ഇതേ പോസിറ്റിവിറ്റി റേറ്റ് നിലനില്‍ക്കും എന്ന് കരുതിയാല്‍ മന്ത്രി പറയുന്ന പ്രതിദിനം 10000 കേസുകള്‍ കണ്ടുപിടിക്കണമെങ്കില്‍ പ്രതിദിനം 1.95 ലക്ഷം ടെസ്റ്റുകള്‍ നടത്തണം. 20000 കേസുകള്‍ കിട്ടണമെങ്കില്‍ ഇത് 3.9 ലക്ഷം ടെസ്റ്റുകളാക്കണം.

ആഗസ്റ്റ് മാസത്തെ ദിവസ ശരാശരി ടെസ്റ്റ് 24104 ആണെങ്കിലും, കഴിഞ്ഞ രണ്ടു ദിവസമായി നമ്മള്‍ 31000 നു അടുത്ത് ടെസ്റ്റുകള്‍ ദിനംപ്രതി നടത്തുന്നുണ്ട്. അതില്‍ പ്രതിദിന പോസിറ്റിവിറ്റി ശരാശരി 5% ആണ്. പ്രസ്തുത വസ്തുത കണക്കിലെടുത്ത് ദിനം പ്രതി 32,000 ടെസ്റ്റുകള്‍ നടത്തുന്നു എന്ന് കരുതിയാല്‍, അത്രയും ടെസ്റ്റുകളില്‍ നിന്ന് തന്നെ പ്രതിദിനം 10000 കേസുകള്‍ കണ്ട് പിടിക്കുന്നു വെച്ചാല്‍ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 31.25 % ആയി ഉയരണം.

ഇനി ഇപ്പോള്‍ നിലവില്‍ നടത്തുന്ന പ്രതിദിന ടെസ്റ്റുകളില്‍ നിന്ന് 20,000 കോവിഡ് പോസിറ്റീവ് കണ്ടെത്തുവെന്ന് വച്ചാല്‍ ടെസ്റ്റ് പോസിറ്റിവിറ്റി ഭയാശങ്കയുളവാക്കുന്ന 62.5 % എന്ന നിലയിലേക്ക് കുതിച്ചുചാടും; അതായത് ഒരോ 8 ടെസ്റ്റ് നടത്തുമ്പോള്‍ 5 കോവിഡ് കേസ് സ്ഥിരീകരിക്കുന്ന ഭീതിജനകമായ അവസ്ഥ! ഇനി അതുമല്ല പോസിറ്റിവിറ്റി റേറ്റ് ഉയര്‍ന്ന് 10 ശതമാനത്തിലെത്തി എന്ന് കരുതുക. അപ്പോള്‍ 10000 കേസുകള്‍ കണ്ടുപിടിക്കാന്‍ ഒരുലക്ഷം ടെസ്റ്റുകള്‍ നടത്തണം. 20000 കേസുകള്‍ സ്ഥിരീകരിക്കാന്‍ 2 ലക്ഷം ടെസ്റ്റുകള്‍ വേണ്ടി വരും.

ഇന്ത്യാരാജ്യത്ത് ആകെ പ്രതിദിനം നടക്കുന്നത് 8 ലക്ഷം ടെസ്റ്റുകളാണ്. ഇന്ത്യാ ഗവണ്‍മെന്റ് പ്രതിദിന ടാര്‍ജറ്റായി നിശ്ചയിച്ചിട്ടുള്ളത് പ്രതിദിനം 10 ലക്ഷം ടെസ്റ്റുകളാണ്.  ഇപ്പോള്‍ പ്രതിദിനം കേവലം 31,000 -ന് അടുപ്പിച്ച് ടെസ്റ്റ് നടത്തുന്ന കേരളം 20,000 കേസുകള്‍ കണ്ടുപിടിക്കാന്‍ 2,00,000 കിറ്റുകള്‍ സമാഹരിച്ചിട്ടുണ്ടോ?

എന്തോ, എങ്ങനെ നോക്കിയിട്ടും കണക്കുകള്‍ അങ്ങോട്ട് ചേരുന്നില്ല. പ്രസ്തുത സാഹചര്യത്തില്‍ ആരോഗ്യമന്ത്രിയോട് ചില ചോദ്യങ്ങള്‍.

1.കേരളത്തില്‍ പ്രതിദിനം 10000നും 20000നും ഇടയില്‍ രോഗികളുണ്ടാവും എന്ന് അങ്ങ് പറഞ്ഞത് ഏത്/ ആരുടെ പഠനത്തിന്റെ അടിസ്ഥാനത്തിലാണ്?
2.പുതിയ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ഇത്രയും ടെസ്റ്റുകള്‍ നടത്താനുള്ള ലാബ്, അടിസ്ഥാന സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടോ ?
3.ഇത്രയും രോഗികള്‍ ഉണ്ടാകാനിടയുണ്ടെന്നത് കണക്കാക്കി ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലും ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും നിയമനം, അനുബന്ധ സൗകര്യങ്ങള്‍ എന്നിവ പൂര്‍ത്തിക്കിയിട്ടുണ്ടോ?
4.കേസുകള്‍ സംബന്ധിച്ച് ആരോഗ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍ ക്രമാനുഗതമായ വര്‍ധനവിനെയല്ല കാണിക്കുന്നതെങ്കില്‍, കേസുകള്‍ കുറച്ചു കാണിക്കാന്‍ മനപൂര്‍വം ടെസ്റ്റുകളുടെ എണ്ണം കുറച്ചുവെച്ചു എന്ന ആരോപണം ശരിവയ്ക്കുകയല്ലേ?
5.മന്ത്രിയുടെ പ്രസ്താവന ശരിയെങ്കില്‍ കഴിഞ്ഞ 6 മാസക്കാലമായി ജനങ്ങളുടെ ജീവിതം ദുരിതത്തില്‍ ആക്കിയ നിയന്ത്രണങ്ങള്‍, സ്പ്രിംഗ്ലര്‍ , ബിഗ്‌ഡേറ്റാ അനാലിസിസ് , ലോക്ക് ഡൗണ്‍ , ട്രിപ്പിള്‍ ലോക്ക് ഡൗണ്‍, തോക്ക്, കമാന്‍ഡോ, റൂട്ട് മാര്‍ച്ച് ഇവയില്‍ നിന്ന് ഉണ്ടായ നേട്ടങ്ങള്‍ ജനങ്ങളോട് വിശദീകരിക്കുക.

അതല്ല; എണ്ണം കൂടുമായിരുന്നു പക്ഷേ ഞങ്ങളുടെ മികവുകൊണ്ട് കുറച്ചു എന്ന് സ്ഥാപിക്കാന്‍ മന്ത്രി ഒരുമുഴം മുന്നേ എറിഞ്ഞതാണെങ്കില്‍ സാരമില്ല.

പി.സി വിഷ്ണുനാഥ്
കെപിസിസി വൈസ് പ്രസിഡന്റ്

 

Follow Us:
Download App:
  • android
  • ios