തിരുവനന്തപുരം: കേരളത്തിന് ആശ്വാസവമായി കൊവിഡ് 19 കണ്ടെത്താനുള്ള അധിക പിസിആർ പരിശോധന ഫലങ്ങള്‍. കഴിഞ്ഞ ദിവസം എടുത്ത മൂവായിരത്തിലേറെ സാംപിളുകളിൽ നിന്നുള്ള ഫലങ്ങളാണ് പുറത്ത് വന്നത്. രണ്ട് ദിവസം മുൻപാണ് 3000 പേരുടെ സാപിളുകളെടുത്തുള്ള അധിക പിസിആർ പരിശോധന കേരളം തുടങ്ങിയത്. ഹോട്ട്സ്പോട്ട് പ്രദേശങ്ങളിലെ റാൻഡം പരിശോധനയാണ് നടന്നത്. 3101 സാമ്പിളുകള്‍ സംസ്ഥാനത്തെ 14 ലാബുകളിലായി പരിശോധിച്ചു.

അതില്‍ 2682 സാമ്പിളുകള്‍ നെഗറ്റീവാണ്. മൂന്നെണ്ണമാണ് പോസിറ്റീവ് ആയത്. 391 ഫലം വരാനുണ്ട്. 25 സാമ്പിളുകള്‍ പുനപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പോസിറ്റീവ് ആയവരെ കണ്ടെത്തി ആശുപത്രിയിലാക്കിയെന്നും ഈ ഫലങ്ങള്‍ ഉറപ്പു വരുത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

നിരീക്ഷണത്തിലുള്ളവരും സമ്പർക്കമുള്ളവർക്കും പുറമെ കൊവിഡ് പ്രതിരോധം, ക്രമസമാധാന പാലനം, ജനങ്ങളുമായി ഇടപഴകുന്നവർ എന്നിവർ അടക്കമുള്ളവർക്ക് മുൻഗണന നൽകിയായിരുന്നു പ്രത്യേക സാംപിൾ പരിശോധന. ജനപ്രതിനിധികൾക്കും തദ്ദേശസ്ഥാപന ജീവനക്കാർക്കും കച്ചവടക്കാർക്കുമൊക്കെ പരിശോധന നടത്തി. അതേസമയം, ഇന്ന് കേരളത്തിൽ നാല് കൊവിഡ് കേസുകൾ പുതുതായി സ്ഥിരീകരിച്ചു.

കണ്ണൂർ 3, കാസർകോട് 1 എന്നാണ് കണക്കുകൾ. രണ്ട് പേർ വിദേശത്ത് നിന്നും, രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം എത്തിയത്. ഇതുവരെ 485 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 123 പേർ ഇപ്പോള്‍ ചികിത്സയിലാണ്. 20,273 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ വീടുകളിൽ 20,255 പേരും, ആശുപത്രികളിൽ 518 പേരുമാണുള്ളത്. ഇന്ന് 151 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതുവരെ പരിശോധനയ്ക്ക് അയച്ച സാമ്പിളുകൾ 23,980. 23,277 എണ്ണം ഇതിൽ രോഗബാധയില്ലാത്തതാണ് എന്നുറപ്പാക്കി.