പീച്ചി കസ്റ്റഡി മര്‍ദനം നടന്ന സംഭവത്തില്‍ പണം വാങ്ങിയിട്ടില്ലെന്ന് ഹോട്ടല്‍ ജീവനക്കാര്‍ക്കെതിരെ പരാതി നല്‍കിയ വണ്ടാഴി സ്വദേശി ദിനേശ്
തൃശ്ശൂര്‍: പീച്ചി കസ്റ്റഡി മര്‍ദനം നടന്ന സംഭവത്തില്‍ പണം വാങ്ങിയിട്ടില്ലെന്ന് ഹോട്ടല്‍ ജീവനക്കാര്‍ക്കെതിരെ പരാതി നല്‍കിയ വണ്ടാഴി സ്വദേശി ദിനേശ്. ഹോട്ടലില്‍ വച്ച് ക്രൂരമർദ്ദനം ഏറ്റിരുന്നെന്നും അതിന്റെ ദൃശ്യങ്ങൾ പൊലീസിന്റെ പക്കൽ ഉണ്ടെന്നുമാണ് ദിനേശ് പറയുന്നത്. അതുകൊണ്ടാണ് എസ്ഐ ഔസേപ്പിനെയും ജീവനക്കാരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചതെന്നാണ് ദിനേശന്‍റെ വാദം. തുടർന്ന് നടത്തിയ സന്ധി സംഭാഷണത്തിൽ തനിക്ക് ജോലി നൽകാമെന്നും വീട്ടിലേക്ക് വരണം എന്നും പറഞ്ഞ് വിളിച്ചുകൊണ്ടു പോവുകയായിരു, പണമടക്കുന്ന കവർ എന്‍റെ കയ്യിൽ തന്നെങ്കിലും പിന്നീടത് കാറിൽ വച്ച് അവരുടെ ഡ്രൈവർ തന്നെ തിരികെ വാങ്ങിച്ചു. 5000 രൂപ മാത്രമാണ് ചികിത്സാചെലവിൽ എന്ന് പറഞ്ഞ് കയ്യിൽ വച്ചുതന്നത്. പൊലീസ് സ്റ്റേഷനിൽ കേസ് ഒത്തുതീർപ്പായ ശേഷം ബാക്കി നൽകാമെന്നാണ് പറഞ്ഞത് എന്നാണ് ദിനേശ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്.
കഴിഞ്ഞ ദിവസമാണ് തൃശ്ശൂര്‍ പീച്ചിയില്‍ ഹോട്ടല്‍ ജീവനക്കാര്‍ക്കും ഹോട്ടല്‍ മാനേജര്‍ക്കും മര്‍ദനം നേരിടുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നത്. ഔസേപ്പ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയ ദിനേശന്‍റെ പരാതിയിലാണ് ഇവരെ സ്റ്റേഷനില്‍ എത്തിച്ചത്. ഭക്ഷണം മോശമാണെന്ന് പരാതിപറഞ്ഞ ദിനേശനെ ഹോട്ടല്‍ ജീവനക്കാര്‍ അടിച്ചെന്നായിരുന്നു പരാതി. സ്റ്റേഷനിലെത്തിച്ച ഇവരെ ക്രൂരമായി മര്‍ദിക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്തു വന്നിരുന്നത്. സംഭവത്തില്‍ എസ്ഐ പി എം രതീഷ് ഫ്‌ളാസ്‌ക് കൊണ്ട് തല്ലാൻ ശ്രമിച്ചെന്നും ശേഷം മുഖത്ത് അടിച്ചു. ഇത് ചോദിക്കാൻ ചെന്ന തന്റെ മകനേയും ലോക്കപ്പിലിട്ടുവെന്ന് ഔസേപ്പ് പറഞ്ഞിരുന്നു.
ജീവനക്കാരേയും മകനേയും ലോക്കപ്പിലാക്കി തന്നെ സമ്മര്‍ദത്തിലാക്കി. ഭക്ഷണം മോശമാണെന്ന് പരാതിപറഞ്ഞ ദിനേശന്‍ എന്നയാൾക്ക് പണം നല്‍കിയില്ലെങ്കില്‍ വധശ്രമത്തിനും പോക്സോയും ചുമത്തി ജാമ്യം കിട്ടാത്ത വിധം ജയിലില്‍ അടക്കുമെന്നും അതൊഴിവാക്കാന്‍ പണം നല്‍കി സെറ്റില്‍മെന്‍റ് നടത്തണമെന്നും എസ്ഐ ആവശ്യപ്പെട്ടു എന്നും ഔസേപ്പ് പ്രതികരിച്ചിരുന്നു.

