പരിക്കേറ്റ ഉഷാകുമാരിയെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്ന് കഴക്കൂട്ടം പൊലീസ് പറഞ്ഞു.
തിരുവനന്തപുരം: കഴക്കൂട്ടം ചന്തവിളയിൽ സ്‍കൂട്ടര്‍ ഇടിച്ച് കാൽനടയാത്രക്കാരിക്ക് പരിക്ക്. ചന്തവിള സ്വദേശിനി ഉഷാ കുമാരിക്കാണ് പരിക്കേറ്റത്. റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്കൂട്ടറിടിച്ചാണ് അപകടം. പരിക്കേറ്റ ഉഷാ കുമാരിയെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്ന് കഴക്കൂട്ടം പൊലീസ് പറഞ്ഞു. റോഡപകടങ്ങള്‍ തുടര്‍ക്കഥയാകുന്ന വാര്‍ത്തകളാണ് ദിവസവും എത്തുന്നത്. റോഡിലെ കുഴിയില്‍ വീണ് ദിവസങ്ങളായി ചികിത്സയില്‍ ആയിരുന്ന വയോധികന്‍ ആലുവയില്‍ മരിച്ചു. മാറമ്പിള്ളി സ്വദേശി കുഞ്ഞു മുഹമ്മദാണ് മരിച്ചത്. അറ്റക്കുറ്റപ്പണി കഴിഞ്ഞ് ദിവസങ്ങൾക്കകം തകർന്ന ആലുവ പെരുമ്പാവൂര്‍ റോഡിലെ കുഴിയിൽ വീണ് അബോധാവസ്ഥയിലായിരുന്ന കുഞ്ഞു മുഹമ്മദ്. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ഇന്ന് വൈകിട്ടാണ് കുഞ്ഞു മുഹമ്മദ് മരിച്ചത്. ആലുവ പെരുമ്പാവൂര്‍ റോഡിലെ ചാലക്കൽ പതിയാട്ട് കവലയിലെ കുഴിയിൽ വീണാണ് ദിവസങ്ങള്‍ക്ക് മുമ്പ് കുഞ്ഞു മുഹമ്മദിന് ഗുരുതരമായി പരിക്കേറ്റത്.
തലയടിച്ച് വീണതിനാൽ ദിവസങ്ങളായി സംസാര ശേഷിയും ഓർമ്മശ്കതിയും നഷ്ടമായി ആശുപത്രിയിൽ കഴിയുകയായിരുന്നു. മൃതദേഹം വൈകിട്ടോടെ കുന്നത്തുകരിയിലെ വീട്ടിലേക്ക് കൊണ്ടുപോയി. തന്‍റെ രക്ഷിതാവിനുണ്ടായ അവസ്ഥ ഇനിയാർക്കും ഉണ്ടാകാതിരിക്കാൻ കുഴി അടയ്ക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് കുഞ്ഞു മുഹമ്മദിന്‍റെ മകൻ പറഞ്ഞു. എന്നാല്‍ കുഞ്ഞു മുഹമ്മദ് വീണ കുഴിയിൽ ഇന്നും ബൈക്ക് യാത്രക്കാരന്‍ വീണ് പരിക്കേറ്റിരുന്നു. ഇയാൾ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആലുവ പെരുമ്പാവൂര്‍ റോഡിലെ മരണക്കുഴികളിൽ വീണ് ദിനം പ്രതി യാത്രക്കാർക്ക് അപകടമുണ്ടാകുന്നുണ്ട്. സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാരും രംഗത്ത് വന്നിട്ടുണ്ട്. കുഞ്ഞു മുഹമ്മദിന്‍റെ മരണത്തിന് സർക്കാർ ആണ് ഉത്തരവാദിയെന്ന് ആലുവ എം എൽ എ അൻവർ സാദത്ത് പറഞ്ഞു.
