നിറത്തിന്‍റെ പേരിൽ മുസ്ലീം ലീഗ് എം എൽ എ ബഷീറിനാൽ വംശീയമായി അധിക്ഷേപിക്കപ്പെടുമ്പോൾ കയ്യടിക്കാനല്ല, ചേർത്തു പിടിക്കുക എന്നതാണ് എന്റെ രാഷ്ട്രീയ ബോധം, ഐക്യദാർഢ്യം'- ഗോമതി ഫേസ്ബുക്കില്‍ കുറിച്ചു.

ഇടുക്കി: മുന്‍ വൈദ്യുത മന്ത്രിയും ഉടുമ്പുംചോല എംഎല്‍എയുമായ എം.എം. മണിയെ നിറത്തിന്റെ പേരില്‍ അധിക്ഷേപിച്ച മുസ്‌ലിം ലീഗ് എംഎല്‍എ പി.കെ. ബഷീറിനെതിരെ വിമര്‍ശനവുമായി മൂന്നാര്‍ സമരനായിക ഗോമതി. രാഷ്ട്രീയമായി നിരവധി വിയോജിപ്പുകളുണ്ടെങ്കിലും വംശീയമായി അധിക്ഷേപിക്കപ്പെടുമ്പോള്‍ ചേര്‍ത്തു പിടിക്കുമെന്ന് ഗോമതി പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് ഗോമതി എംഎം മണിക്ക് പിന്തുണ പ്രഖ്യാപിച്ചത്.

'സഖാവ് എം എം മണി, എനിക്ക് താങ്കളോട് രാഷ്ട്രീയമായി നിരവധി വിയോജിപ്പുകളുണ്ട്. താങ്കളുടെ സ്ത്രീവിരുദ്ധ നിലപാടുകളെ ശക്തമായി ഞാൻ വിമർശിച്ചിട്ടുണ്ട്. ഇനിയും അങ്ങനെ തന്നെ.
താങ്കൾ നിറത്തിന്റെ പേരിൽ മുസ്ലീം ലീഗ് എം എൽ എ ബഷീറിനാൽ വംശീയമായി അധിക്ഷേപിക്കപ്പെടുമ്പോൾ കയ്യടിക്കാനല്ല, ചേർത്തു പിടിക്കുക എന്നതാണ് എന്റെ രാഷ്ട്രീയ ബോധം. ഐക്യദാർഢ്യം'- ഗോമതി ഫേസ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞ ദിവസമാണ് മുസ്‌ലിം ലീഗ് എംഎല്‍എ പി.കെ. ബഷീര്‍ എംഎം മണിയെ നിറത്തിന്‍റെ പേരില്‍ അധിക്ഷേപിച്ച് സംസാരിച്ചത്. കറുപ്പ് കണ്ടാൽ ഭയക്കുന്ന മുഖ്യമന്ത്രി എം എം മണിയെ കണ്ടാൽ എന്താകും സ്ഥിതിയെന്നായിരുന്നു പി കെ ബഷീറിന്‍റെ പരിഹാസം. സാദിഖലി ശിഹാബ് തങ്ങളുടെ വയനാട് പര്യടന കൺവൻഷൻ വേദിയിലായിരുന്നു വിവാദ പ്രസംഗം. എം എം മണിയുടെ കണ്ണും മോറും കറുപ്പല്ലേ എന്ന് പി കെ ബഷീർ എംഎൽഎ പരിഹസിച്ചു. 'കറുപ്പ് കണ്ടാൽ പിണറായിക്ക് പേടി, പർദ കണ്ടാൽ പേടി, ഇനി എനിക്കുള്ള പേടിയെന്തെന്നാൽ, ഇവരുടെ സംസ്ഥാന കമ്മിറ്റിയിൽ എം എം മണി ചെന്നാൽ എന്തായിരിക്കും സ്ഥിതിയെന്നാണ്... കാരണം അയാളുടെ കണ്ണും മോറും കറുപ്പല്ലേ...' എന്നിങ്ങനെയായിരുന്നു ബഷീറിന്‍റെ വിവാദം പ്രസംഗം. 

Read More : 'എം എം മണിയുടെ കണ്ണും മോറും കറുപ്പല്ലേ, മുഖ്യമന്ത്രി കണ്ടാൽ എന്താകും സ്ഥിതി'; അധിക്ഷേപിച്ച് ലീ​ഗ് എംഎൽഎ

പി കെ ബഷീറിന്‍റെ വിവാദ പ്രസംഗത്തിനെതിരെ സമൂഹ മാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. ബഷീർ പറഞ്ഞത് വിവരക്കേടാണെന്നായിരുന്നു ബഷീറിന്‍റെ പരാമര്‍ശത്തോടുള്ള എം.എം മണിയുടെ പ്രതികരണം. അയാൾ മുസ്ലീം ലീഗല്ലേ? അതിന്‍റെ വിവരക്കേട് അയാൾക്കുണ്ട്. ഒരിക്കൽ നിയമസഭയിൽ താനുമായി ഏറ്റുമുട്ടിയതാണ്. അന്ന് ഞാൻ പറഞ്ഞ് ഇരുത്തിയതാണ്. അതിന് ശേഷം ഇപ്പോഴാണെന്ന് എം.എം മണി പറഞ്ഞു. പി.കെ ബഷീര്‍ പറഞ്ഞ വിവരക്കേടിന് ഇപ്പോൾ മറുപടിയില്ലെന്ന് പറഞ്ഞ എം.എം മണി, സമൂഹമാധ്യമങ്ങളിൽ അയാള്‍ ഇഷ്ടം പോലെ തെറി കേട്ടുകൊണ്ടിരിക്കുകയാണെന്നും അത് അങ്ങനെ നടക്കട്ടെയെന്നും പ്രതികരിച്ചു.