റേഷൻ വിതരണത്തിനുള്ള ഇ-പോസ് മെഷീന്‍റെ സെര്‍വര്‍ മാറ്റാതെ സംസ്ഥാനത്ത് റേഷൻ വിതരണത്തിൽ നേരിടുന്ന പ്രശ്നം പരിഹരിക്കാനാവില്ലെന്നാണ് റേഷൻ വ്യാപാരികൾ വ്യക്തമാക്കുന്നത്
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും റേഷൻ മസ്റ്ററിങ് തടസപ്പെട്ടു. ഇ പോസ് സെർവർ തകരാർ ഇന്നും തുടര്‍ന്നതോടെയാണ് റേഷൻ മസ്റ്ററിങ് തടസപ്പെട്ടത്. ഇന്ന് മഞ്ഞ കാര്‍ഡ് ഉടമകളുടെ മസ്റ്ററിങ് ആയിരുന്നു നടത്തേണ്ടിയിരുന്നത്. വിവിധ ജില്ലകളില്‍ മസറ്ററിങിനായി ആളുകള്‍ എത്തിയെങ്കിലും സെര്‍വര്‍ തകരാറിനെതുടര്‍ന്ന് ഒന്നും ചെയ്യാനായില്ല. പ്രശ്നം പരിഹരിക്കുമെന്ന പ്രതീക്ഷയില്‍ റേഷന്‍ കടകള്‍ക്ക് മുന്നില്‍ നിരവധി പേരാണ് കാത്തുനില്‍ക്കുന്നത്. പ്രശ്നം ഇതുവരെയായിട്ടും പരിഹരിക്കാത്തതിന്‍റെ പ്രതിഷേധത്തിലാണ് റേഷന്‍ വ്യാപാരികളും ഉപഭോക്താക്കളും. പ്രായമായവരും വൃദ്ധരും ഉൾപ്പെടെ നിരവധി പേരാണ് രാവിലെ മുതൽ റേഷൻ കടകളിൽ കാത്തു കെട്ടി നിൽക്കുന്നത്. റേഷൻ വിതരണത്തിനുള്ള ഇ-പോസ് മെഷീന്‍റെ സെര്‍വര്‍ മാറ്റാതെ സംസ്ഥാനത്ത് റേഷൻ വിതരണത്തിൽ നേരിടുന്ന പ്രശ്നം പരിഹരിക്കാനാവില്ലെന്ന് റേഷൻ വ്യാപാരികൾ.
റേഷൻ കടകളിൽ സംഘർഷം ഉണ്ടാകുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് റേഷൻ ഡീലേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി മുഹമ്മദ് അലി കുറ്റപ്പെടുത്തി. ഒരേ സമയം സംസ്ഥാനം മുഴുവൻ മസ്റ്റെറിങ് നടത്താൻ ആവില്ല. ഏഴ് ജില്ലകളായി വിഭജിച്ച് മസ്റ്ററിംഗ് പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.സെര്‍വര്‍ പണിമുടക്കിയതിനെ തുടര്‍ന്ന് സംസ്ഥാനത്ത് റേഷൻ കടകളിൽ കെവൈസി നടപടികൾ വൈകുകയാണ്. പലയിടത്തും വലിയ തിരക്കാണ്. ഈ സാഹചര്യത്തിൽ ഇന്നലെ മസ്റ്ററിങ് പ്രവര്‍ത്തനങ്ങൾ താത്കാലികമായി നിര്‍ത്തുന്നതായി ഭക്ഷ്യമന്ത്രി അനിൽ അറിയിച്ചിരുന്നു. ഇന്ന് വീണ്ടും ആരംഭിച്ചെങ്കിലും വീണ്ടും തടസം നേരിടുകയായിരുന്നു.
അരി വിതരണം നിർത്തണം എന്ന് പറഞ്ഞിട്ടും ചിലർ അത് പാലിച്ചില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. റേഷൻ വിതരണം മുടങ്ങാൻ പാടില്ല. ഈ മാസത്തെ റേഷൻ വാങ്ങാൻ പറ്റിയില്ലെങ്കിൽ അടുത്ത മാസം ആദ്യം അതിനുള്ള ക്രമീക്രണം ഒരുക്കും. പ്രശ്നം പരിഹരിക്കാൻ സാങ്കേതിക വിദഗ്ദ്ധരുടെ സഹായം തേടിയിട്ടുണ്ട്. മഞ്ഞ കാർഡുകാർക്ക് മാത്രം ഇന്ന് നടത്താൻ പറ്റിയാൽ അതിനുള്ള ശ്രമം നടത്തും. റേഷൻ വിതരണം ഇന്ന് സമ്പൂർണ്ണമായി നിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഫെബ്രുവരി 20 നാണ് സംസ്ഥാനത്ത് മസ്റ്ററിങ് തുടങ്ങിയത്. മഞ്ഞ, പിങ്ക് കാർഡ് ഉടമകൾ ആകെ 1.54 കോടിയാണ്. ഇതുവരെ മസ്റ്ററിങ്ങ് പൂർത്തിയാക്കിയത് 15 ലക്ഷം കാർഡ് ഉടമകൾ മാത്രമാണ്. മാർച്ച് 31 നകം മസ്റ്ററിങ് പൂർത്തിയാക്കാനാണ് കേന്ദ്ര നിർദേശം. മസ്റ്ററിങ് നടക്കുന്നതിനാല്‍ നാളെ വരെ റേഷന്‍ വിതരണം നിര്‍ത്തിവെച്ചിരുന്നു.
കണ്ണൂരില്‍ സ്കൂട്ടര്‍ നിയന്ത്രണം വിട്ടു, കെഎസ്ആര്‍ടിസി ബസിന്‍റെ അടിയില്‍പ്പെട്ട് യുവാവ് മരിച്ചു

