സർക്കാരിന്‍റെ വാഗ്ദാനങ്ങൾ കേട്ട് കാലങ്ങൾക്കു മുമ്പേ കുടിയൊഴിക്കപ്പെട്ട മൂലമ്പള്ളിക്കാരുടെയും കെ റെയിലിന് വഴിയൊരുക്കാനായി കുടിയിറങ്ങേണ്ടി വരുമെന്ന ഭീതിയിൽ കഴിയുന്നവരുടെയും ജീവിതാവസ്ഥകളിൽ സമാനതകളേറെയാണ്. 

കൊല്ലം: അതികഠിനമായ മാനസിക സംഘർഷത്തിലൂടെയാണ് നിർദ്ദിഷ്ട കെ റെയിൽ (K Rail) പാതയിലെ സാധാരണക്കാരായ മനുഷ്യരെല്ലാം ഇന്ന് കടന്നുപോകുന്നത്. പദ്ധതിക്കായി കുടിയൊഴിക്കപ്പെടുമെന്ന ആധിയിൽ ഉറക്കം പോലും നഷ്ടപ്പെട്ട പലരും ഇന്ന് രോഗികളായി മാറിക്കഴിഞ്ഞു. സർക്കാരിന്‍റെ വാഗ്ദാനങ്ങൾ കേട്ട് കാലങ്ങൾക്കു മുമ്പേ കുടിയൊഴിക്കപ്പെട്ട മൂലമ്പള്ളിക്കാരുടെയും കെ റെയിലിന് വഴിയൊരുക്കാനായി കുടിയിറങ്ങേണ്ടി വരുമെന്ന ഭീതിയിൽ കഴിയുന്നവരുടെയും ജീവിതാവസ്ഥകളിൽ സമാനതകളേറെയാണ്.

സ്വന്തം വീട് തന്നെ സമരഭൂമിയാക്കണ്ട ഗതികേടിലെത്തിയിരിക്കുകയാണ് കൊല്ലം തഴുത്തലയിലെ അജയകുമാറും ഭാര്യ സുധയും. പ്രവാസി ജീവിതത്തില്‍ നിന്ന് മിച്ചം പിടിച്ചതെല്ലാം ചേര്‍ത്തുവച്ച് പണിത വീട് കെറെയിലിനായി വിട്ടുകൊടുക്കണ്ടി വരുമെന്നറിഞ്ഞത് മുതല്‍ മാനസികമായി തളര്‍ന്ന അജയകുമാര്‍ ഇന്ന് മാനസിക സംഘര്‍ഷത്തിന് മരുന്ന് കഴിക്കേണ്ട സ്ഥിതിയിലാണ്. വികസന വിദ്രോഹികളെന്നും തീവ്രവാദികളെന്നുമെല്ലാം ഭരണകൂടം വിളിക്കുന്ന ഇവരെപ്പോലത്തെ സാധാരണ മനുഷ്യരുടെ സങ്കടങ്ങള്‍ കെ റെയില്‍ വഴിയിലുടനീളം സമാനമാണ്.

2008 ഫെബ്രുവരി ആറിനായിരുന്നു കേരളം കണ്ട ഏറ്റവും മനുഷ്യത്വരഹിതമായ കുടിയിറക്കൽ. മൂലമ്പള്ളിയിലെ 7 വില്ലേജിൽ ഉൾപ്പെടുന്ന 316 കുടുംബങ്ങളെ സർക്കാർ ബലം പ്രയോഗിച്ചിറക്കിവിട്ടു. ജനത്തെ ബന്ദികളാക്കി ബുൾഡോസറുകൾ വീട് ഇടിച്ച് നിരപ്പാക്കുന്നത് കണ്ണീരോടെ നോക്കി നിന്ന ജനത. സിൽവർ ലൈനിനായി സർക്കാർ വീണ്ടും പൊലീസും ബുൾഡോസറുമായെത്തുമ്പോള്‍ മൂലമ്പള്ളിക്കാര്‍ക്ക് പറയാനുള്ളത് ഇതാണ്. സലോമി എന്ന സ്ത്രീ പറയുന്നത് 15 വർഷമായിട്ടും അവർക്ക് ഭൂമി അളന്ന് കിട്ടിയില്ലെന്നാണ്. ചൂണ്ടികാണിച്ച ഭൂമി തുപ്പുമാണ്. 

അന്നുമുണ്ടായിരുന്നു ഇന്നത്തെപോലെ വലിയ വാഗ്ദാനം. ഏറ്റെടുത്ത ഭൂമിയ്ക്ക് പകരം നാല് സെന്‍റ് മുതൽ 6 സെന്‍റ് ഭൂമി, പുനരധിവാസഭൂമിയിലെ വീട് പണിയുന്നത് വരെ മാസം 5000 രൂപ വാടക. ഭൂമി വിട്ട് നൽകിയവരിൽ ഒരാൾക്ക് ജോലി. പക്ഷെ 50 ഓളം പേര് മാത്രമാണ് വീട് വെച്ചത്. മറ്റുള്ളവരിൽ പരും വാടകവീട്ടിലും ബന്ധുവീട്ടിലുമായി ജീവിതം തള്ളിനീക്കുന്നു. ഇന്നത്തപ്പോലെ അന്നും മൂലമ്പള്ളിക്കാര്‍ക്ക് നേരേ ഭരണകൂടം തീവ്രവാദം ബന്ധം ആരോപിച്ചു. സമരം ചെയ്തവർക്കെതിരെ കേസുകളെടുത്തു. 45 ദിവസത്തെ സമരത്തിനൊടുവിൽ പാക്കേജ് പ്രഖ്യാപിച്ചു. കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് 7 സ്ഥലങ്ങളിൽ ഭൂമി നൽകി. അതിൽ അഞ്ചും വാസയോഗ്യമല്ലാത്തതാണെന്ന് പൊതുമരാമത്ത് തന്നെ റിപ്പോർട്ട് നൽകിയിട്ടുണ്ട്.