നെടുമങ്ങാട്: മഴ ശക്തിപ്പെട്ടതോടെ നെടുമങ്ങാട് പേപ്പാറ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു. 107.2 മീറ്ററായാണ് ഉയർന്നത്. ഇതോടെ പ്രദേശത്ത്  ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 107.5 മീറ്ററായി ഉയരുകയാണെങ്കിൽ അണക്കെട്ടിലെ ഷട്ടർ തുറക്കുമെന്ന് അധികൃതർ അറിയിച്ചു. കൂടാതെ ജലനിരപ്പ് 107.25 ആയി ഉയരുകയാണെങ്കിൽ പ്രദേശത്ത് റെഡ് അലർട്ട് പ്രഖ്യാപിക്കും.

മഴ വീണ്ടും ശക്തിപ്പെടാൻ തുടങ്ങിയതോടെ സംസ്ഥാനത്തെ എട്ട് ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. ബുധനാഴ്ച കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർക്കോട് എന്നീ ജില്ലകളിലും യെല്ലോ അലർട്ടുണ്ട്.