കേസ് കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കേണ്ട സാഹചര്യമില്ല. യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷണം കാര്യക്ഷമമെന്നുമാണ് സര്‍ക്കാര്‍ വാദം. 

കൊച്ചി: കാസർകോട് പെരിയയിൽ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ വെട്ടികൊലപ്പെടുത്തിയ കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീൽ നല്‍കി. കേസില്‍ കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആവശ്യമില്ലെന്നും കുറ്റപത്രം സമർപ്പിച്ചതാണെന്നുമാണ് സർക്കാരിന്‍റെ വാദം.

കൃത്യത്തിന് പിന്നിൽ സിപിഎമ്മിന്‍റെ ഗൂഢാലോചനയുണ്ടെന്നും നിഷ്പക്ഷ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കൊല്ലപ്പെട്ട കൃപേഷിന്‍റെയും ശരത്‍ലാലിന്‍റെയും മാതാപിതാക്കൾ സമ‍ർപ്പിച്ച ഹർജിയിലായിരുന്നു സിബിഐ അന്വേഷണത്തിന് ഹൈക്കോടതി സിംഗിൾ ബെഞ്ച് രണ്ടാഴ്ച മുൻപ് ഉത്തരവിട്ടത്. എന്നാല്‍, എല്ലാ പ്രതികളെയും പിടികൂടിയതാണെന്നും ഗൂഢാലോചന അടക്കം മുഴുവൻ കാര്യങ്ങളും നേരത്തെ തന്നെ അന്വേഷിച്ചതുമാണെന്നാണ് ഇക്കാര്യത്തിൽ സർക്കാരിന്‍റെ വാദം. ക്രൈംബ്രാഞ്ച് അന്വേഷണം കാര്യക്ഷമമാണെന്നും ഹര്‍ജിയില്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നു. സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീൽ ചൊവ്വാഴ്ച ബെഞ്ച് പരിഗണിക്കും.

കഴിഞ്ഞ മാസം 30നായിരുന്നു പെരിയ കൊലപാതകക്കേസിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് രൂക്ഷമായി വിമർശിച്ചത്. എത്രയും വേഗം കേസ് സിബിഐക്ക് കൈമാറണമെന്നായിരുന്നു നിർദ്ദേശം. രണ്ട് യുവാക്കൾ അതിക്രൂരമായ കൊലപ്പെട്ട കേസാണിതെന്ന് ഓ‌ര്‍മ്മിപ്പിച്ച കോടതി, കേസിൽ ഗൗരവപൂർണ്ണവും കാര്യക്ഷമവുമായ അന്വേഷണം നടന്നിട്ടില്ലെന്ന് നിരീക്ഷിച്ചിരുന്നു. കുറ്റപത്രം സമർപ്പിച്ചതിൽ പോലും ഇത് വ്യക്തമാണെന്ന് പറഞ്ഞ കോടതി വിചാരണ നടന്നാൽ പോലും പ്രതികൾ രക്ഷപ്പെടാൻ സാധ്യതയുണ്ടെന്ന് അഭിപ്രായപ്പെട്ടിരുന്നു.

ഇത്രയും പ്രധാനമായ കേസിൽ ഫോറൻസിക് സർജന്‍റെ മൊഴി പോലും യഥാസമയം രേഖപ്പെടുത്തിയില്ല. വിശ്വാസ്യത നഷ്ടപ്പെട്ട അന്വേഷണമാണ് നടന്നതെന്ന് പറഞ്ഞ കോടതി കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത് ആദ്യ പ്രതിയുടെ മൊഴി മാത്രം വിശ്വാസത്തിലെടുത്താണെന്ന് ചൂണ്ടിക്കാട്ടി. അഞ്ചാം പ്രതിയുടെ മൊഴി സുവിശേഷമാക്കിയാണ് അന്വേഷണം നടന്നതെന്നും കോടതി കുറ്റപ്പെടുത്തി. സാക്ഷികളെക്കാൾ പ്രതികളെയാണ് പൊലീസ് അന്വേഷണത്തിൽ വിശ്വാസത്തിലെടുത്തതെന്നും കോടതി ആരോപിച്ചിരുന്നു. സംസ്ഥാന പൊലീസിന്‍റെ അന്വേഷണത്തെ രൂക്ഷമായി വിമർശിച്ച ശേഷമാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് കേസ് സിബിഐക്ക് വിട്ടത്. തിരുവനന്തപുരം സിബിഐ യൂണിറ്റ് ഡിവൈഎസ്പി അനന്തകൃഷ്ണനാണ് അന്വേഷണ ചുമതല.

Also Read:പെരിയ ഇരട്ട കൊലപാതകക്കേസ് സിബിഐ ഏറ്റെടുത്തു

കേസിലെ ഉന്നതതല ഗൂഡാലോചന കണ്ടെത്തണമെന്നാവശ്യപ്പെട്ടാണ് കൊല്ലപ്പെട്ട കൃപേഷ്, ശരത് ലാല്‍ എന്നിവരുടെ അച്ഛൻമാർ ഹൈക്കോടതിയെ സമീപിച്ചത്. ഫെബ്രുവരി 17 ന് ആയിരുന്നു പെരിയ കല്യോട്ട് ക്ഷേത്രത്തിലെ ആഘോഷ കമ്മിറ്റി രൂപീകരണത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവരെ മൂന്നംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്.