കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതക കേസ് അന്വേഷിക്കുന്ന സിബിഐ സംഘം പെരിയയിൽ എത്തി.   ശരത് ലാലും കൃപേഷും വെട്ടേറ്റ് വീണ കല്യോട്ടെ കൂരാങ്കര റോഡിലാണ് തിരുവനന്തപുരം  യൂണിറ്റ് എസ് പി നന്ദകുമാർ നായരുടെ നേതൃത്വത്തിലുള്ള പതിനേഴംഗ  സിബിഐ സംഘം ആദ്യമെത്തിയത്. ചോരയിൽ കുളിച്ചു കിടന്ന ശരത് ലാലിനെ ആദ്യം കണ്ട വലിയച്ഛൻ ദാമോദരി നിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞു. കല്യോട്ട് കൂരാങ്കര റോഡിൽ കൊലപാതകത്തിന്‍റെ പുനഃരാവിഷ്കാരവും നടത്തി. സാക്ഷികളുടേയും നാട്ടുകാരുടേയും എല്ലാം സാന്നിധ്യത്തിലാണ് അന്വേഷണ സംഘം സൂക്ഷ്മമായ വിവര ശേഖരണം നടത്തിയത് 

No description available.

സംഭവം നടന്ന 2019 ഫെബ്രുവരി 17 ലെ സംഭവ വികാസങ്ങൾ അതേപടി പുനരാവിഷ്കരിക്കുകയാണ് സിബിഐ സംഘം ചെയ്തത്. നാട്ടുകാരായ യുവാക്കളുടെ സഹായത്തോടെ എട്ടംഗകൊലയാളി സംഘം ഒളിച്ചിരുന്നതാണ് ആദ്യം പുനരാവിഷ്ക്കരിച്ചത്. തുടർന്ന് ബൈക്കിൽ ശരത് ലാലും കൃപേഷും വരുന്നതും കൊലയാളി സംഘം ചാടി വീണ് ഇരുവരേയും വെട്ടിവീഴ്ത്തുന്നതും എല്ലാം പുനരാവിഷ്കരിച്ചു. ജീപ്പിലെത്തിയ വല്യച്ഛൻ ദാമോദരനും കുടുംബവും ശരത് ലാലിനെ കാണുന്നതും വണ്ടിയിലേക്ക് കയറ്റുന്നതും പുനരാവിഷ്ക്കരിച്ചു. തലയിൽ വെട്ടേറ്റ് കൃപേഷ് ഓടിയ വഴിയേ സിബിഐ സംഘവും പോയി. 500 മീറ്റർ അകലെ കൃപേഷ് വീണു കിടന്ന സ്ഥലത്തെത്തി ദൃക്സാക്ഷികളുടെ മൊഴിയെടുത്തു.

ഈ മാസം ഒന്നിനാണ് സർക്കാർ അപ്പീൽ തള്ളി  സുപ്രീം കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. സിപിഎം ലോക്കൽ സെക്രട്ടറി പീതാംബരൻ ഒന്നാം പ്രതിയായ കേസിൽ ഉദുമ മുൻ ഏരിയ സെക്രട്ടറി കെ. മണികണ്ഠൻ, ലോക്കൽ സെക്രട്ടറി ബാലകൃഷ്ണൻ അടക്കം 14 പേരാണ് നിലവിൽ പ്രതികൾ . 

കഴിഞ്ഞ ദിവസമാണ് ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട കേസ് ഫയലുകൾ ക്രൈം ബ്രാഞ്ച് സംഘം സിബിഐക്ക് കൈമാറിയത്. കേസിൽ സിബിഐ അന്വേഷണം ശരിവച്ച് സുപ്രീംകോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് സിബിഐ കേസ് ഏറ്റെടുത്തതും അന്വേഷണം ആരംഭിച്ചതും. കേസ് അന്വേഷണത്തിന് സൗകര്യം ഒരുക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോടും സിബിഐ ആവശ്യപ്പെട്ടിരുന്നു. 

No description available.

2019 ഫെബ്രുവരി 17ന് രാത്രിയാണ് കാസര്‍കോട് ജില്ലയിലെ പെരിയയിലെ കണ്ണാടിപ്പാറയില്‍ വെച്ച് കല്യോട്ടെയൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാലും കൃപേഷും കൊല്ലപ്പെടുന്നത്. ഒരു കല്യാണ വീട്ടിൽ നിന്ന് ഇറങ്ങിയ ഇരുവര്‍ക്കും എതിരെയാണ് ആക്രമണം ഉണ്ടായത്.