2023ലെ ആൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് റൂൾസ് ചൂണ്ടിക്കാട്ടിയാണ് നടപടി.
തിരുവനന്തപുരം : റോബിൻ ബസിന്റെ പെർമിറ്റ് റദ്ദാക്കി. നിരന്തരമായി നിയമലംഘനങ്ങൾ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഗതാഗത സെക്രട്ടറിയുടെ നടപടി. 2023ലെ ആൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് റൂൾസ് ചൂണ്ടിക്കാട്ടിയാണ് നടപടി. നിയമലംഘനങ്ങൾ ഇനിയും ആവർത്തിക്കാൻ സാധ്യതയുണ്ടെന്നും അക്കാരണത്താൽ കൂടിയാണ് നടപടിയെന്നും ഉത്തരവിലുണ്ട്. കോഴിക്കോട് സ്വദേശിയായ കിഷോർ എന്ന പേരിലായിരുന്നു ബസിന്റെ ഓൾ ഇന്ത്യ പെർമിറ്റ്. നടത്തിപ്പ് ചുമതല ഗിരീഷിന് നൽകിയിരിക്കുകയായിരുന്നു. സര്‍ക്കാര്‍ നടപടി പ്രതീക്ഷിച്ചതായിരുന്നുവെന്ന് ബസ് ഉടമ കെ. കിഷോർ പ്രതികരിച്ചു. നിയമം പാലിച്ചാണ് മുന്നോട്ട് പോയത്. നിയമ ലംഘനം നടന്നിട്ടുണ്ടോ എന്ന് കോടതിയിൽ വ്യക്തമാകുമെന്നും കിഷോർ പ്രതികരിച്ചു.
റോബിൻ ബസ് സർക്കാരിനെ നിരന്തരം വെല്ലുവിളിക്കുകയാണെന്ന നിലപാടിലായിരുന്നു ഗതാഗത മന്ത്രി ആന്റണി രാജുവും എംവിഡിയും. ബസിനെതിരെ കടുത്ത നടപടികളാണ് മോട്ടോർ വാഹനവകുപ്പ് ഇതുവരെ സ്വീകരിച്ചത്. പെർമിറ്റ് ലംഘനം നടത്തുന്നുവെന്ന് കാണിച്ച് നിരന്തരം പിഴയിട്ടു. പിന്നാലെ ബസ് കഴിഞ്ഞ എംവിഡി പിടിച്ചെടുത്തു. വാഹനത്തിന് എതിരെ മോട്ടോർ വാഹനവകുപ്പ് കേസെടുമെടുത്തിട്ടുണ്ട്. ഹൈക്കോടതി ഉത്തരവ് തുടർച്ചയായി ലംഘിക്കും വിധം പെർമിറ്റ് ലംഘനം നടത്തുന്നുവെന്ന് കാണിച്ചാണ് ബസ് പിടിച്ചെടുത്തത്.
'കേസ് 11വർഷം മുമ്പത്തേത്, ഇപ്പോൾ അറസ്റ്റ് വന്നതെന്താണെന് അറിയില്ല'; റോബിൻ ബസ് നടത്തിപ്പുകാരൻ ഗിരീഷ്
ബസ് പിടിച്ചെടുത്തത് നിയമ നടപടിയുടെ ഭാഗമാണെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നുമാണ് ഗതാഗത മന്ത്രി ബസ് പിടിച്ചെടുത്തതിനോട് പ്രതികരിച്ചത്. കോടതി ഉത്തരവ് ദുർവ്യാഖ്യാനം ചെയ്താണ് ബസ് നിരത്തിലിറങ്ങുന്നത്. മോട്ടോർ വാഹനം വകുപ്പ് നിയമങ്ങൾ തുടർച്ചയായി ലംഘിക്കുന്നു. ഇതിനെതിരെ ശക്തമായ നടപടികൾ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് ഗതാഗത സെക്രട്ടറിയുടെ നടപടി.

