കൊച്ചി: മുൻ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ വീണ്ടും കുരുക്ക് മറുകുന്നു. ആലുവ മണപ്പുറം പാലം നിർമ്മാണ അഴിമതിയിൽ ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അപേക്ഷയിൽ സർക്കാർ നടപടി വൈകുന്നത് ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജി. പ്രോസിക്യൂഷൻ അപേക്ഷയിൽ ഒരു വർഷമായിട്ടും സർക്കാർ തീരുമാനമെടുത്തില്ലെന്നാണ് ആരോപണം. ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി.

2014ൽ വി കെ ഇബ്രാഹിം കുഞ്ഞ് പൊതുമരാമത്ത് മന്ത്രിയായിരിക്കെയാണ് ആലുവ മണപ്പുറത്ത് സ്ഥിരം ആർച്ച് പാലം നിർമ്മിച്ചത്. ആറ് കോടി രൂപയ്ക്കായിരുന്നു നിർമ്മാണ കാരാർ. പദ്ധതി പൂർത്തിയാക്കിയത് പതിനേഴ് കോടി രൂപയ്ക്കാണ്. രണ്ട് കമ്പനികളെ മാത്രം ഉൾപ്പെടുത്തി നടത്തിയ ടെണ്ടറിൽ കരാർ ലഭിച്ച് കമ്പനിയ്ക്ക് ആർച്ച് പാലം നിർമ്മിച്ച് മതിയായ പരിചയം ഉണ്ടായിരുന്നില്ല. 

പാലത്തിന് ഉപയോഗിച്ച നിർമ്മാണ സാമഗ്രികളുടെ യാതൊരു വിവരവും പൊതുമരാമത്ത് വകുപ്പിന്‍റെ പക്കൽ ഇല്ലെന്നും 4.20 കോടി ഖജനാവിന് നഷ്ടം ഉണ്ടായിട്ടുണ്ടെന്നുമാണ് ഹർജിക്കാരന്‍റ ആരോപണം.  മൂവാറ്റുപുഴ വിജിയലൻസ് കോടതിയിൽ നൽകിയ ഹർ‍ജിയിൽ വി കെ ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതിയ്ക്കായി ഹർജിക്കാരൻ 2019 സെപ്റ്റംബറിൽ സർക്കാറിന് അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ, ഈ ഫയലിൽ സർക്കാർ ഒരു തീരുമാനവും എടുത്തില്ലെന്നാണ് പരാതി. 

സർക്കാർ ഈ അപേക്ഷയിൽ തുടരുന്ന അലംഭാവത്തിൽ ഹൈക്കോടതി ഇടപെടണമെന്നും നിശ്ചിത സമയപരിധിക്കുള്ളിൽ പ്രോസിക്യൂഷൻ അനുമതിയിൽ തീരുമാനമെടുക്കാൻ സർക്കാരിന് നിർദ്ദേശം നൽകണമെന്നുമാണ് ആവശ്യം. മുൻ ചീഫ് സെക്രട്ടറി ജിജി തോംസൻ, പിഡബ്യൂഡി സെക്രട്ടറി അടക്കമുള്ളവർക്കെതിരെയും പ്രോസിക്യൂഷൻ അനുമതി തേടിയിട്ടുണ്ട്. പൊതു പ്രവർത്തകനായ ഖാലിദ് മുണ്ടപ്പിള്ളിയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജിയിൽ ഹൈക്കോടതി സംസ്ഥാന സർക്കാറിന്‍റെ വിശദീകരണം തേടി.