Asianet News MalayalamAsianet News Malayalam

ഗവർണർ പുറത്താക്കിയതിനെതിരെ കേരള സർവകലാശാല സെനറ്റംഗങ്ങളുടെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

എന്നാൽ താൻ നാമനിർദേശം ചെയ്ത സെനറ്റംഗങ്ങൾ  തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റുന്നതിൽ പരാജയപെട്ടതിനെ തുടർന്നാണ് പുറത്താക്കിയതെന്ന്  ഗവർണർ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.

Petition of Kerala University senators against Governor in highcourt
Author
First Published Jan 17, 2023, 3:00 AM IST

കൊച്ചി: ഗവർണർ പുറത്താക്കിയതിനെതിരെ കേരള സർവകലാശാല സെനറ്റംഗങ്ങൾ നൽകിയ ഹർജികൾ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. ഗവർണരുടെ നടപടി നിയമ വിരുദ്ധമാണെന്നും റദ്ദാക്കണമെന്നുമാണ് സെനറ്റംഗങ്ങളുടെ ആവശ്യം. എന്നാൽ താൻ നാമനിർദേശം ചെയ്ത സെനറ്റംഗങ്ങൾ  തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റുന്നതിൽ പരാജയപെട്ടതിനെ തുടർന്നാണ് പുറത്താക്കിയതെന്ന്  ഗവർണർ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.

ഗവർണർ നാമനിർദേശം ചെയ്തവരാണെങ്കിലും സ്വതന്ത്രമായ തീരുമാനം എടുക്കാൻ സെനറ്റംഗങ്ങൾക്ക് അവകാശമുണ്ടെന്ന് ഇന്നലെ വാദം നടക്കവെ സർക്കാർ കോടതിയിൽ  വ്യക്തമാക്കിയിരുന്നു. നിയമപ്രകാരം നോട്ടീസ് നൽകിയാണോ അംഗങ്ങളെ പുറത്താക്കിയതെന്ന കാര്യത്തിൽ ചാൻസലറായ ഗവർണറുടെ മറുപടി കോടതി തേടിയിട്ടുണ്ട്. അതേസമയം, കെടിയുവിൽ വിസിയെ നിയന്ത്രിക്കാൻ സിൻഡിക്കേറ്റ് ഉപസമിതിയെ വെച്ചതിനെ ചൊല്ലി തർക്കം രൂക്ഷമായിരിക്കുകയാണ്.

തീരുമാനമെടുത്ത സിൻഡിക്കേറ്റ് യോഗത്തിൽ പങ്കെടുത്തെങ്കിലും മിനുട്സിൽ വിസി സിസ തോമസ് ഒപ്പിടാനിടയില്ല. ചൊവ്വാഴ്ച ചേരുന്ന സെനറ്റ് യോഗത്തിൽ വീണ്ടും തർക്കത്തിന് സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം ചേർന്ന കെടിയു സിൻഡിക്കേറ്റ് യോഗത്തിൽ വിസി ഒറ്റപ്പെട്ട നിലയിലായിരുന്നു. സർവകലാശാലകളുടെ ദൈനംദിന കാര്യങ്ങൾക്ക് വിസിയെ സഹായിക്കാനെന്ന പേരിലാണ് പി കെ ബിജു അധ്യക്ഷനായി നാലംഗ ഉപസമിതിയെ വെച്ചത്. സർക്കാറിനെ മറികടന്ന് ഗവർണർ നിയമിച്ച സിസ തോമസിനെ നിയന്ത്രിക്കൽ തന്നെയാണ് യഥാർത്ഥലക്ഷ്യം.

അംഗങ്ങളെല്ലാം ഒറ്റക്കെട്ടായി തീരുമാനങ്ങളെടുത്തതോടെ വിസി എതിർപ്പ് ഉയർത്തിയിരുന്നില്ല. യോഗതീരുമാനങ്ങൾ വാർത്താകുറിപ്പായി ഇറക്കിയതും വിസിയോ പിആർഒ ആയിരുന്നില്ല. വിസി വാർത്താകുറിപ്പ് തയ്യാറാക്കുന്നതിനിടെ സിൻഡിക്കേറ്റ് അംഗങ്ങൾ തന്നെ വാർത്താകുറിപ്പു പുറത്തിറക്കുകയായിരുന്നു. ഇതിലെല്ലാം വിസിക്ക് അതൃപ്തിയുണ്ട്. മാത്രമല്ല. ചാൻസലറും വിസിയും തമ്മിലെ കത്തിടപാടുകൾ സിൻഡിക്കേറ്റിന്‍റെ ശ്രദ്ധയിൽകൊണ്ടുവരണമെന്ന  തീരുമാനത്തിലും വിസിക്ക് അമർഷമുണ്ട്. വിസിയെ എല്ലാ അർത്ഥത്തിലും സിൻഡിക്കേറ്റ് മറികടക്കുന്നുവെന്നാണ് പരാതി. 

സേനയിൽ അടിമുടി ക്ലീനിം​ഗ്; ഗുണ്ടാ - റിയൽ എസ്റ്റേറ്റ് സംഘങ്ങളുമായി അടുത്ത ബന്ധം, കൂടുതൽ പേർക്കെതിരെ നടപടി

Follow Us:
Download App:
  • android
  • ios