രാജമല: പെട്ടിമുടി മണ്ണിടിച്ചിൽ ദുരന്തത്തിൽ മരിച്ച ഒരാളുടെ കൂടി മൃതദേഹം കണ്ടെത്തി. ഒരു കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. പുഴയുടെ ഗ്രേവൽ ബാങ്കിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 59 ആയി. അപകടത്തിൽ കാണാതായ 11 പേർക്കായി തെരച്ചിൽ തുടരുകയാണ്. 

അവസാനയാളെ കണ്ടെത്തും വരെയും തെരച്ചിൽ തുടരാനാണ് സർക്കാർ തീരുമാനം. ദുരന്തത്തിനിരയായവർക്ക് ഉടൻ സഹായധനം ലഭ്യമാക്കാൻ ജില്ലാ ഭരണകൂടം പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ദുരന്തബാധിതർക്കുള്ള ധനസഹായം വേഗത്തിലാക്കും. അപകടത്തിൽ പരിക്കേറ്റവർക്കും സഹായം എത്തിക്കും. കന്നിയാറിലാണ് നിലവിൽ പ്രധാനമായും തെരച്ചിൽ നടത്തുന്നത്. പെട്ടിമുടിയിൽ നിന്ന് മാങ്കുളം വരെയുള്ള ഭാഗത്ത് യന്ത്രങ്ങൾ എത്തിച്ച് നടത്തുന്ന തെരച്ചിലിൽ കൂടുതൽ പേരെ കണ്ടെത്താനാകുമെന്നാണ് ദൗത്യസംഘത്തിന്‍റെ പ്രതീക്ഷ.