ചുരുങ്ങിയ സമയത്തിനുള്ളിലാണ് നടപടികൾ പൂർത്തിയാക്കിയത്. അതാണ് പിഴവ് സംഭവിക്കാൻ കാരണമെന്നാണ് സർക്കാരിന്റെ വിശദീകരണം.

കൊച്ചി: പി എഫ് ഐ പ്രവർത്തകരുടെ വസ്തു വകകൾ ജപ്തി ചെയ്തത് സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചു. ജപ്തി നേരിട്ടവർക്ക് പിഎഫ്ഐയുമായുള്ള ബന്ധം വ്യക്തമാക്കുന്ന സത്യവാങ്മൂലവും സർക്കാർ കോടതിക്ക് കൈമാറി. അതേസമയം, ചിലയിടത്ത് പിഴവ് സംഭവിച്ചെന്നെന്നും സർക്കാർ സമ്മതിക്കുന്നു.

ചിലയിടത്ത് പിഎഫ്ഐയുമായി ബന്ധമില്ലാത്തവരുടെ വസ്തുവകകൾ ജപ്തി ചെയ്തു എന്നാണ് സര്‍ക്കാര്‍ സമ്മതിക്കുന്നത്. റജിസ്ട്രേഷൻ ഐജിയിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ജപ്തി നടത്തിയത്. ചുരുങ്ങിയ സമയത്തിനുള്ളിലാണ് നടപടികൾ പൂർത്തിയാക്കിയത്. അതാണ് പിഴവ് സംഭവിക്കാൻ കാരണമെന്നാണ് സർക്കാരിന്റെ വിശദീകരണം. പിഎഫ്ഐയുമായി ബന്ധമില്ലാത്തവർക്കെതിരെ ആരംഭിച്ച നടപടികൾ നിർത്തിവെക്കാൻ നിർദേശം നൽകിയെന്നും സർക്കാർ കോടതിയെ അറിയിച്ചു. 

Also Read : മക്കൾ പോപ്പുലർ ഫ്രണ്ടുകാര്‍, കുടുംബം എന്ത് പിഴച്ചു? സ്വത്ത്‌ ജപ്തി ചെയ്യുന്നത് എന്തടിസ്ഥാനത്തില്‍?; കെഎം ഷാജി

പിഎഫ്ഐ ബന്ധമില്ലാത്തവരെ ഒഴിവാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ജപ്തി നടപടികൾ നേരിട്ട പിഎഫ്ഐയുമായി ബന്ധമില്ലാത്ത 18 പേരെ പട്ടികയിൽ നിന്നും ഒഴിവാക്കണമന്നാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. പിഴവ് പറ്റി ഉൾപ്പെടുത്തിയവരെ കുറിച്ചുള്ള വിശദാംശങ്ങൾ സമർപ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. പിഎഫ്ഐയുമായി ബന്ധമില്ലാത്തവർക്കെതിരെയുള്ള നടപടികൾ നിർത്തിവെച്ചെന്ന് സർക്കാർ കോടതിയിൽ പറഞ്ഞു. തെറ്റായി ജപ്തി ചെയ്ത ഹർജിക്കാരനായ കാടാമ്പുഴ സ്വദേശി ടി പി യൂസുഫിൻ്റേതുൾപെടെ 18 പേർക്കെതിരെയുള്ള ജപ്തി നടപടികൾ അടിയന്തിരമായി പിൻവലിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു.

Also Read : 'സ്വത്ത് കണ്ട് കെട്ടപ്പെട്ടവര്‍ക്ക് പോപ്പുലർഫ്രണ്ടുമായുള്ള ബന്ധമെന്താണെന്ന് വ്യക്തമാക്കണം' ഹൈക്കോടതി

YouTube video player

അതേസമയം, പി എഫ് ഐ സ്വത്ത് കണ്ടു കെട്ടലുമായി ബന്ധപ്പെട്ട നിരപരാധികളുടെ ആശങ്കകൾ പരിഹരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ഒരേസമയം തീവ്രവാദികളായി ചിത്രീകരിക്കപ്പെടുകയും അതേസമയം സ്വത്ത് കണ്ടു കെട്ടുകയും ചെയ്യുന്ന സാഹചര്യമാണുള്ളതെന്ന് വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.