Asianet News Malayalam

ജ്യേഷ്ഠതുല്യനായിരുന്നു, ഇനിയില്ലെന്ന് എങ്ങനെ വിശ്വസിക്കും? വികാരനിർഭരമായ കുറിപ്പുമായി ഫോട്ടോഗ്രാഫര്‍

ബുധനാഴ്ച വൈകിട്ട് വരെ തങ്ങൾക്കൊപ്പം ഉണ്ടായിരുന്ന നേതാവ് ഒരു രാത്രി ഇരുണ്ടു വെളുത്തപ്പോൾ കൂടെയില്ലെന്ന് അറിയുമ്പോഴുള്ള നടുക്കത്തിലാണ് പ്രവർത്തകർ. 

photographer facebook post about vv prakash
Author
Edakkara, First Published Apr 29, 2021, 11:19 PM IST
  • Facebook
  • Twitter
  • Whatsapp

രാഷ്ട്രീയത്തിലെ സൗമ്യ സാന്നിദ്ധ്യമായിരുന്ന ഒരാൾ പെട്ടെന്ന് ഓർമ്മ മാത്രമായി മാറിയതിന്റെ ഞെട്ടലിലാണ് കേരളം. നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയും മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വിവി പ്രകാശ് ഇന്ന് രാവിലെ പുലർച്ചെ 5 മണിക്കാണ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചത്. ബുധനാഴ്ച വൈകിട്ട് വരെ തങ്ങൾക്കൊപ്പം ഉണ്ടായിരുന്ന നേതാവ് ഒരു രാത്രി ഇരുണ്ടു വെളുത്തപ്പോൾ കൂടെയില്ലെന്ന് അറിയുമ്പോഴുള്ള നടുക്കത്തിലാണ് പ്രവർത്തകർ. വി വി പ്രകാശുമായി ആത്മബന്ധം സൂക്ഷിച്ചവർക്ക് ഈ വിയോഗം വിശ്വസിക്കാനേ കഴിയുന്നില്ല.  

അദ്ദേഹത്തെക്കുറിച്ച്, ഫോട്ടോഗ്രാഫറും മാധ്യമപ്രവർത്തകനുമായ ഷാജി എടക്കര ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ പ്രിയപ്പെട്ടവരെ വേദനിപ്പിച്ചു കൊണ്ട് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ബുധനാഴ്ച തന്നെ വിളിച്ച് എടുത്ത കുടുംബഫോട്ടോയും ഷാജി കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്. ഇന്നലെ എന്നെ വിളിച്ച് എടുപ്പിച്ച കുടുംബ ചിത്രമാണിത്. ജ്യേഷ്ഠ സഹോദരന് തുല്യമായിരുന്നു. ഒരിക്കലും നികത്താനാകാത്ത വിടവാണ്. ഷാജി എടക്കരയുടെ വേദനാനിർഭരമായ കുറിപ്പിങ്ങനെയാണ്. 

രാവിലെ ഒമ്പതരക്ക് എന്നെ വിളിച്ച് ഫോട്ടോയെടുക്കണം എന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ ഭാര്യ ആ സമയത്ത് ഓഫീസിലേക്ക് പോകും. അതിന് മുമ്പ് എടുക്കണം എന്ന് പറഞ്ഞു. ഞാൻ ചെന്നപ്പോൾ എല്ലാവരും ഫോട്ടോയ്ക്ക് റെഡിയായി നിൽക്കുന്നു. അദ്ദേഹത്തിന്റെ വീടിന് പിൻവശത്തിരുന്നാണ് ചിത്രമെടുത്തത്. ഷാജി എടക്കര ഏഷ്യാനെറ്റ് ന്യൂസ് ഡോട്ട്കോമിനോട് പറഞ്ഞു.

വിജയസാധ്യത ഉറപ്പിച്ചാണ് പ്രകാശ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ജയിക്കുമെന്ന ആത്മവിശ്വാസം തുടക്കം മുതൽ അദ്ദേഹത്തിനുണ്ടായിരുന്നു. ജയിക്കുമ്പോൾ അതിന് വേണ്ടി ഉപയോഗിക്കാം എന്നൊക്കെ ഫോട്ടോയെടുക്കുന്ന സമയത്ത് എന്നോട് പറഞ്ഞിരുന്നു. ചിരിക്കുന്ന ഫോട്ടോ വേണം എന്ന് പറഞ്ഞ് ഭയങ്കര സന്തോഷത്തിലായിരുന്നു. ഒരുപാട് ഫോട്ടോസ് എടുത്തിരുന്നു അതൊക്കെ അദ്ദേഹത്തിന് വാട്ട്സ്ആപ്പ് ചെയ്തു കൊടുത്തിരുന്നു. ഷാജിയുടെ വാക്കുകൾ.

എന്റെ കുട്ടിക്കാലം മുതൽ എനിക്ക് അദ്ദേഹത്തെ അറിയാം. ഫോട്ടോയെടുക്കാൻ എന്നെയാണ് വിളിച്ചു കൊണ്ടുപോയിക്കൊണ്ടിരുന്നത്. അതുപോലെ മാധ്യമപ്രവർത്തനത്തിലേക്ക് വരാൻ കാരണം അദ്ദേഹമാണ്.  വളരെ ലളിതമായി ജീവിക്കാനായിരുന്നു അദ്ദേഹത്തിനിഷ്ടം. പൊതുക്കാര്യങ്ങൾ ചർച്ച ചെയ്യാനും ഇടപെടാനും നാട്ടിൽ മുൻപന്തിയിലുണ്ടാകും. അദ്ദേഹം ഇനിയില്ല എന്ന് വിശ്വസിക്കാൻ ഈ നാടിനും നാട്ടുകാർക്കും സാധിക്കുന്നില്ല. എന്നെ സംബന്ധിച്ച് വളരെ വ്യക്തിപരമായ നഷ്ടമാണ്. എന്റെ സഹോദരനെപ്പോലെ കൂടെയുണ്ടായിരുന്ന ആളാണ്. ഈ വിയോഗം എന്നെ സംബന്ധിച്ച് ഒരിക്കലും നികത്താൻ സാധിക്കാത്ത വിടവാണ്- ഷാജി പറഞ്ഞ് നിർത്തുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios