പത്തനംത്തിട്ട: ശബരിമല തീര്‍ഥാടനം കൂടുതല്‍ സുഗമമാക്കുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനും കേരളപൊലീസ് ഏര്‍പ്പെടുത്തുന്ന വിര്‍ച്വല്‍ ക്യൂവിന്‍റെ നവീകരിച്ച ഓണ്‍ലൈന്‍ വെബ്സൈറ്റിന്‍റെ സ്വിച്ച് ഓണ്‍ കര്‍മ്മം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ശബരിമലയില്‍ ദര്‍ശനത്തിന് വരുന്ന എല്ലാ തീര്‍ത്ഥാടകരും ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം ഉപയോഗിക്കണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു. ദേവസ്വം സേവനങ്ങള്‍ ഉള്‍പ്പെടെയുള്ള വിര്‍ച്വല്‍ക്യൂ ബുക്കിംഗ് ചൊവ്വാഴ്ച ആരംഭിച്ചു. ശരംകുത്തി വഴിയുളള പരമ്പരാഗത പാത (നോര്‍മല്‍ ക്യൂ) ബുക്കിംഗ് നവംബര്‍ 8 ന് ആരംഭിക്കും.

രണ്ട് രീതിയില്‍ ലഭ്യമാക്കുന്ന ക്യൂ ബുക്കിംഗ് സൗകര്യം സൗജന്യമാണ്. 2011 മുതല്‍ നടപ്പിലാക്കി വരുന്ന വിര്‍ച്വല്‍ക്യൂ സംവിധാനം കൂടുതല്‍ സൗകര്യങ്ങളോടെയാണ് ഈ വര്‍ഷം നടപ്പിലാക്കുന്നത്. സംസ്ഥാന സര്‍ക്കാരിനു വേണ്ടി ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസ് ((TCS) കോര്‍പ്പറേറ്റ് സാമൂഹ്യ ഉത്തര വാദിത്ത പദ്ധതിയില്‍ (TCS) ഉള്‍പ്പെടുത്തിയാണ് നവീകരിച്ച ഈ സംവിധാനം നടപ്പിലാക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡും കേരളാപോലീസും ഈ സംരംഭത്തില്‍ പങ്കാളികളാണ്.

ശബരിമല ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് www.sabarimalaonline.org എന്ന വെബ് പോര്‍ട്ടലിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ദേവസ്വം പ്രസാദങ്ങളായ അപ്പം, അരവണ, വിഭൂതി, നെയ്യ് തുടങ്ങിയവയും ഈ സംവിധാനം വഴി ബുക്ക് ചെയ്യാനുള്ള സൗകര്യം അടുത്തു തന്നെ ഏര്‍പ്പെടുത്തും.

വിര്‍ച്വല്‍ക്യൂ ബുക്കിംഗ് സംവിധാനത്തില്‍ മരക്കൂട്ടത്തുനിന്ന് ചന്ദ്രാനന്ദന്‍ റോഡ് വഴി സന്നിധാനം നടപ്പന്തലില്‍ എത്തുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. പരിമിത എണ്ണം കൂപ്പണുകള്‍ ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്ക് മുന്‍ഗണനാക്രമത്തില്‍ അനുവദിക്കുന്നതാണ്. സ്വാമി ക്യൂ ബുക്കിംഗ് എന്ന വിഭാഗത്തില്‍ മരക്കൂട്ടത്ത് നിന്ന് ശരംകുത്തി വഴി സന്നിധാനം നടപ്പന്തലില്‍ എത്തുന്ന പരമ്പതാഗത പാതയിലൂടെ തീര്‍ഥാടനം ഒരുക്കിയിരിക്കുന്നു.

തീര്‍ത്ഥാടകരുടെ പേര്, വയസ്സ്, ഫോട്ടോ, അഡ്രസ്സ്, ഫോട്ടോ ഐഡന്‍റിറ്റി കാര്‍ഡ് നമ്പര്‍, മൊബൈല്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ പോര്‍ട്ടലില്‍ നല്‍കണം. ബുക്ക് ചെയ്യുന്ന എല്ലാ തീര്‍ത്ഥാടകരുടെയും വിവരങ്ങള്‍ പ്രത്യേകമായി രേഖപ്പെടുത്തണം. വെബ് പോര്‍ട്ടലില്‍ നല്‍കിയ കലണ്ടറില്‍ നിന്നും ലഭ്യതയ്ക്കനുസരിച്ച് ദര്‍ശന ദിവസവും സമയവും തിരഞ്ഞെടുക്കാം. അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ബുക്കിംഗ് ആവശ്യമില്ല. അതിനു മുകളിലുള്ള കുട്ടികള്‍ക്ക് ബുക്കിംഗിന് സ്ക്കൂള്‍ ഐഡന്‍റിറ്റി കാര്‍ഡ് ഉപയോഗിക്കാം.

ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്ന ഓരോ സേവനത്തിനും പ്രത്യേകം കൂപ്പണ്‍ ലഭിക്കുന്നതാണ്. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്ന അപ്പം, അരവണ മുതലായ പ്രസാദങ്ങള്‍ വിതരണം ചെയ്യുന്നതിന് സന്നിധാനത്ത് പ്രത്യേകം കൗണ്ടര്‍ സൗകര്യം ഭാവിയില്‍ ഏര്‍പ്പെടുത്തും.

ബുക്കിംഗ് പൂര്‍ത്തിയാക്കിയശേഷം ദര്‍ശനസമയവും തീയതിയും തീര്‍ത്ഥാടകന്‍റെ പേരും ഫോട്ടോയും മറ്റ് വിവരങ്ങളുമടങ്ങിയ വിര്‍ച്വല്‍ക്യൂ / സ്വാമിക്യൂ കൂപ്പണ്‍ സേവ് ചെയ്ത് പ്രിന്‍റ് എടുക്കേണ്ടതാണ്. വിര്‍ച്വല്‍ക്യൂ കൂപ്പണ്‍ ദര്‍ശന ദിവസം പമ്പ ഗണപതി അമ്പലത്തിലെ ആഞ്ജനേയ മണ്ഡപത്തിലെ പോലീസിന്‍റെ വെരിഫിക്കേഷന്‍ കൗണ്ടറില്‍ കാണിച്ച് പ്രവേശന കാര്‍ഡ് (Virtual Q Entry Card) കൈപ്പറ്റേണ്ടതാണ്. തീര്‍ത്ഥാടകര്‍ ബുക്കിംഗിന് ഉപയോഗിച്ച ഫോട്ടോ ഐഡന്‍റി കാര്‍ഡ് കൗണ്ടറില്‍ കാണിക്കണം. വിര്‍ച്വല്‍ക്യൂ പ്രവേശന കാര്‍ഡ് (Entry Card) കൈവശമുള്ളവര്‍ക്കു മാത്രമേ വിര്‍ച്വല്‍ക്യൂ പ്രവേശനം അനുവദിക്കൂ. കൂപ്പണില്‍ രേഖപ്പെടുത്തിയ ദിവസം കൃത്യസമയത്ത് പമ്പയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്കു മാത്രമേ വിര്‍ച്വല്‍ ക്യൂ വഴി പ്രവേശനം സാധ്യമാകൂ.

ഈ സംവിധാനത്തിന് തീര്‍ത്ഥാടകരില്‍ നിന്ന് ഫീസ് ഈടാക്കുന്നില്ല. കൂടുതല്‍ വിവരങ്ങള്‍ www.sabarimalaonline.org എന്ന വെബ് പോര്‍ട്ടലില്‍ നിന്നും 7025800100 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറിലും ലഭിക്കും.