Asianet News MalayalamAsianet News Malayalam

'പിണറായി സർക്കാർ കേരളത്തെ ശ്രീലങ്കയുടേയും പാക്കിസ്ഥാന്‍റേയും പാതയിലാണ് കൊണ്ടുപോകുന്നത്' കെ സുരേന്ദ്രന്‍

കാലാകാലങ്ങളായി കേരളം മാറി മാറി ഭരിച്ച ഇടതുപക്ഷത്തിന്‍റേയും യുഡിഎഫിന്‍റേയും തലതിരിഞ്ഞ സാമ്പത്തിക നയങ്ങളും അഴിമതിയും ധൂർത്തുമാണ് കേരളത്തെ തകർച്ചയിലെത്തിച്ചതെന്നും ബിജെപി സംസ്ഥാന പ്രസിഡണ്ട്.

Pinarayi goverment leading kerala to the  economic status of Sree Lanka and Pakistan, allege K Surendran
Author
First Published Jan 29, 2023, 5:24 PM IST

തിരുവനന്തപുരം:കേരളത്തെ പിണറായി സർക്കാർ ശ്രീലങ്കയുടേയും പാക്കിസ്ഥാന്‍റേയും പാതയിലാണ്  കൊണ്ടുപോകുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ കുറ്റപ്പെടുത്തി. സംസ്ഥാനത്തിന്‍റെ  സാമ്പത്തിക തകർച്ചയ്ക്ക് ഭരണകക്ഷിയോടൊപ്പം തന്നെ പ്രതിപക്ഷവും ഉത്തരവാദികളാണ്. കാലാകാലങ്ങളായി കേരളം മാറി മാറി ഭരിച്ച ഇടതുപക്ഷത്തിന്‍റേയും യുഡിഎഫിന്‍റേയും തലതിരിഞ്ഞ സാമ്പത്തിക നയങ്ങളും അഴിമതിയും ധൂർത്തുമാണ് കേരളത്തെ തകർച്ചയിലെത്തിച്ചത്. സംസ്ഥാനത്തിന്‍റെ  സാമ്പത്തിക സ്ഥിതിയെ കുറിച്ച് പ്രതിപക്ഷം അവതരിപ്പിച്ച ധവളപത്രം മലർന്ന് കിടന്ന് തുപ്പുന്നതിന് തുല്ല്യമാണ്. കേരളത്തെ കട്ടപ്പുറത്താക്കാൻ സിപിഎമ്മിനോട് മത്സരിക്കുകയാണ് കോൺഗ്രസ്. സംസ്ഥാനം ഇത്രയും വലിയ കടക്കെണിയിലാണെന്ന് പറയുമ്പോഴും പ്രതിപക്ഷ നേതാവ് ഖജനാവിൽ നിന്ന് ലക്ഷങ്ങൾ പൊടിച്ച് പുതിയ ഇന്നോവ ക്രിസ്റ്റ് വാങ്ങിയത് ധൂർത്തിന്‍റെ  കാര്യത്തിൽ ഇരുകൂട്ടരും തമ്മിൽ ഒരു വ്യത്യാസവുമില്ലെന്ന് തെളിയിക്കുന്നതാണ്.

ചിന്താ ജെറോമിന് കുടിശ്ശികയായി ലക്ഷങ്ങൾ കൊടുക്കുന്ന സർക്കാർ പരസ്യമായി ജനങ്ങളെ വെല്ലുവിളിക്കുകയാണ്. യുവജനങ്ങൾ തൊഴിലില്ലാതെ അലയുമ്പോൾ യുവജന കമ്മീഷൻ അദ്ധ്യക്ഷ ഒരു പണിയും ചെയ്യാതെ ലക്ഷങ്ങൾ പ്രതിഫലം വാങ്ങുകയാണ്. ചിന്ത ജെറോമിൻ്റെ ഗവേഷണ പ്രബന്ധം കോപ്പിയടിച്ചതാണെന്ന പരാതി ഗൗരവതരമാണ്. കേരളത്തിൽ സിപിഎമ്മുകാർക്ക് എന്തും നടക്കുമെന്ന സാഹചര്യമാണുള്ളതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.  

സാധാരണക്കാർക്ക് ബുദ്ധിമുട്ടില്ലാതെ നികുതികൂട്ടുമെന്ന ധനമന്ത്രി കെഎൻ ബാലഗോപാലിന്‍റെ  വാദം വിചിത്രമാണ്. എല്ലാത്തിനും വിലകൂട്ടി ജനങ്ങളെ ദ്രോഹിക്കുകയാണ് ഈ സർക്കാർ ചെയ്യുന്നത്. ഏറെ കൊട്ടിഘോഷിച്ച് കൊണ്ടു വന്ന കിഫ്ബിയുടെ ഇപ്പോഴത്തെ അവസ്ഥ പരമ ദയനീയമാണ്. കിഫ്ബി എന്നത് വെറും തട്ടിപ്പാണെന്ന് അന്നേ ബിജെപി പറഞ്ഞതാണ്. സംസ്ഥാന ബജറ്റ് കൂടി കഴിയുന്നതോടെ കേരളത്തിന്‍റെ  നില കൂടുതൽ പരുങ്ങലിലാവും. കേന്ദ്ര ബജറ്റാണ് സംസ്ഥാനത്തിന്‍റെ  ഏക ആശ്രയമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.


'ധൂര്‍ത്തും അഴിമതിയും കാരണം കേരളം തകര്‍ന്നു, ഗുരുതരമായ കടക്കെണി', വീണ്ടും ധവളപത്രവുമായി പ്രതിപക്ഷം

 

Follow Us:
Download App:
  • android
  • ios