Asianet News MalayalamAsianet News Malayalam

'പിണറായി സർക്കാർ ബ്രാൻഡിംഗ് എന്തിന് ? ഇടതിന് ചേരാത്തത്'; ധനമന്ത്രിക്കും സിപിഐ കൊല്ലം സമ്മേളനത്തിൽ വിമർശനം

മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനുമെതിരെ രൂക്ഷമായ വിമര്‍ശനമാണ് സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തിൽ ഉയർന്നത്. പിണറായി സർക്കാർ എന്ന നിലയിൽ എൽഡിഎഫ് സർക്കാരിനെ ബ്രാൻഡ് ചെയ്യുന്നതിനെതിരെ കൊല്ലത്തും വിമർശനം ഉയർന്നു. 

pinarayi government branding is not good for ldf criticism in Kollam cpi district conference
Author
KOLLAM, First Published Aug 19, 2022, 8:54 AM IST

കൊല്ലം :  പിണറായി സർക്കാർ ബ്രാൻഡിംഗിനും ധനമന്ത്രി കെ എൻ ബാലഗോപാലിനുമെതിരെ സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തിൽ വിമർശനം. ജിഎസ്ടി കൗൺസിലിൽ പോയി മിണ്ടാതിരുന്ന് എല്ലാം അംഗീകരിച്ച ശേഷം തിരികെ കേരളത്തിൽ വന്ന് തീരുമാനങ്ങളെ എതിർത്തുവെന്ന് മാറ്റി പറഞ്ഞുവെന്നാണ് ധനമന്ത്രിക്കെതിരെ ഉയർന്ന ആരോപണം. 

പിണറായി സർക്കാർ എന്ന നിലയിൽ എൽഡിഎഫ് സർക്കാരിനെ ബ്രാൻഡ് ചെയ്യുന്നതിനെതിരെ കൊല്ലത്തും വിമർശനം ഉയർന്നു. ഇടത് സർക്കാരിനെ പിണറായി സർക്കാരെന്ന് ബ്രാൻഡ് ചെയ്യുന്നത് ശരിയായ രീതിയല്ലെന്ന് പ്രതിനിധികൾ നിലപാടെടുത്തു. ദേശീയ തലത്തിൽ ബിജെപിക്ക് എതിരായ പോരാട്ടത്തിൽ, മമത ബാനർജിയെയും കൂടെ കൂട്ടണമെന്നും സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തിൽ അഭിപ്രായമുയർന്നു.

മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനുമെതിരെയും സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തിൽല വിമർശനമുണ്ടായി.  ഇടത് മുഖ്യമന്ത്രിക്ക് ചേര്‍ന്നതല്ല അധിക സുരക്ഷയെന്നാണ് വിമര്‍ശനം. അഭ്യസ്ത വിദ്യരായ ചെറുപ്പക്കാർ പുറത്ത് നിൽക്കുമ്പോൾ സിപിഎം പിൻവാതിൽ നിയമനം നടത്തുന്നുവെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ അമിത സുരക്ഷയ്ക്കെതിരെയാണ് ചര്‍ച്ചയിൽ കൊട്ടാരക്കര മണ്ഡലം കമ്മറ്റി വിമര്‍ശനം ഉന്നയിച്ചത്. ഇത് ഇടത് മുഖ്യമന്ത്രിക്ക് ചേര്‍ന്നതല്ല. അധിക സുരക്ഷ ജനങ്ങളിൽ നിന്നുമകറ്റുമെന്നും പ്രതിനിധികൾ അഭിപ്രായപ്പെട്ടു. 

'ഒന്നാം പിണറായി സര്‍ക്കാരിന്‍റെ ഏഴയലത്തെത്തിയില്ല'; ഇഴകീറി മികവ് പരിശോധിച്ച് സിപിഎം, അമര്‍ഷം, അഴിച്ചുപണി?

സിപിഎം പിൻവാതിൽ നിയമനം നടത്തുമ്പോൾ പാര്‍ട്ടി മൗനം പാലിക്കുന്നതിനെരെയും വിമര്‍ശനമുയര്‍ന്നു. അഭ്യസ്തവിദ്യരായ ചെറുപ്പക്കാർ പുറത്ത് നിൽക്കുമ്പോഴാണ് പിൻവാതിൽ നിയമനം നടക്കുന്നത്. ഇതു കണ്ടില്ലെന്ന് പാര്‍ട്ടി നടിക്കരുത്. കൃഷി മന്ത്രി പി പ്രസാദ്, പരാജയമാണെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി. സംസ്ഥാനത്തെ സഹകരണ മേഖല കയ്യടക്കിവെച്ചിരിക്കുന്ന സിപിഎമ്മിൽ നിന്ന് ഇടതുകാഴ്ച്ചപ്പാടിന് നിരക്കാത്ത പ്രവണതകൾ ഉണ്ടാകുന്നുവെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടിൽ വിമര്‍ശനമുയര്‍ന്നു. സിപിഎം തന്നിഷ്ട പ്രകാരം പ്രവർത്തിക്കുന്നതിനാൽ ഇടതുപക്ഷത്തിൽ വിശ്വാസം അർപ്പിച്ചിട്ടുള്ള ജനസമൂഹം മാറിചിന്തിക്കുമോ എന്ന് സംശയിക്കേണ്ടി വരുന്നു. ക്യാമ്പസുകളിൽ എസ്എഫ്ഐയുടെ മര്‍ദനം സഹിച്ചാണ് എഐഎസ്എഫ് പ്രവര്‍ത്തിക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. കേരള കോണ്‍ഗ്രസ് (ബി)ക്കും കൊല്ലം ജില്ലയിൽ കാര്യമായ സ്വാധീനമില്ലെന്നും സിപിഐ വിലയിരുത്തുന്നു.

'പിണറായി സർക്കാർ ബ്രാൻഡിംഗ് എന്തിന് ? ഇടതിന് ചേരാത്തത്'; ധനമന്ത്രിക്കും സിപിഐ കൊല്ലം സമ്മേളനത്തിൽ വിമർശനം
 

Follow Us:
Download App:
  • android
  • ios