തിരുവനന്തപുരം: കിഫ്ബിയിൽ നിയമപോരാട്ടത്തിനൊരുങ്ങി സംസ്ഥാന സർക്കാർ. സിഎജി റിപ്പോർട്ടിനിതിരായ തുടർ നടപടികൾക്ക് മുതിർന്ന അഭിഭാഷകനായ ഫാലി എസ് നരിമാനിൽ നിന്നും നിയമോപദേശം തേടും.  ഹൈക്കോടതിയിലെ കേസിൽ മുതിർന്ന അഭിഭാഷകരെ ഇറക്കാനും സർക്കാർ ശ്രമം തുടങ്ങിയിട്ടുണ്ട്. 

രാഷ്ട്രീയമായും നിയമപരമായും സി.എ.ജിക്കെതിരെ പോരാട്ടം പ്രഖ്യാപിച്ച സർക്കാർ നീങ്ങുന്നത് ശക്തമായ നടപടികളിലേക്കാണ്. സർക്കാരിന് വിശദീകരണത്തിന് അവസരം നൽകാതെ കിഫ്ബി വായ്പകളുടെ ഭരണഘടനാ സാധുതയെന്തെന്ന ചോദ്യം ചെയ്യുന്ന കണ്ടെത്തലുകൾ സിഎജി റിപ്പോർട്ടിലുൾപ്പെടുത്തിയത് നടപടിക്രമങ്ങൾ പാലിക്കാതെയാണ്. ഇക്കാര്യത്തിൽ സിഎജിക്ക് എതിരെ തുടർ നടപടികളുടെ ഭാഗമായാണ് മുതിർന്ന അഭിഭാഷകനും ഭരണഘടനാ വിദഗ്ദനുമായ ഫാലി എസ് നരിമാനിൽ നിന്നും നിയമോപദേശം തേടുന്നത്. 

കിഫ്ബി വായ്പകളുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത്  ഹൈക്കോടതിയിൽ സ്വദേശി ജാഗരൺ മഞ്ച് നൽകിയ കേസും ഉടൻ തന്നെ കോടതിയുടെ പരിഗണനയ്ക്ക് വരുന്നതും സർക്കാർ മുന്നിൽ കാണുന്നു. ഈ പശ്ചാത്തലത്തിൽ മുതിർന്ന അഭിഭാഷകരെ തന്നെ എത്തിച്ച് കേസ് നേരിടാനാണ്  തീരുമാനം.  ധനമന്ത്രി ഇക്കാര്യങ്ങളിൽ എ.ജിയുമായി ചർച്ച നടത്തി. സിഎജിക്കെതിരെ രാഷ്ട്രീയ പ്രചരണം ശക്തമാക്കാൻ നേരത്തെ സിപിഎമ്മും തീരുമിച്ചിരുന്നു.