തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ ചേർന്ന സിപിഎം കൊല്ലം ജില്ലാ കമ്മിറ്റിയിൽ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം. പിണറായി വിജയൻ്റെ ധാർഷ്ട്യവും എം വി ഗോവിന്ദൻ്റെ തെറ്റായ നിലപാടുകളുമാണ് പരാജയത്തിന് കാരണമെന്ന് അംഗങ്ങൾ കുറ്റപ്പെടുത്തി. പാർട്ടി ഒരു പിരിവ് പാർട്ടിയായി മാറിയെന്നും വിമർശനമുയർന്നു.
കൊല്ലം. പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിലൊന്നായ കൊല്ലത്തുണ്ടായ കനത്ത തിരിച്ചടി സംസ്ഥാനനേതൃത്വത്തിൻ്റെ പിടിപ്പ് കേടാണെന്ന വിമർശനമാണ് അംഗങ്ങൾ ഉന്നയിച്ചത്. പിണറായിയുടെ ധാർഷ്ട്യം പാർട്ടിയെ തളർത്തിയെന്ന് സിപിഎം കൊല്ലം വിശാലജില്ലാകമ്മിറ്റിയിൽ വിമർശനം. ഇത് പാർട്ടിയെയും സർക്കാരിനെയും ജനങ്ങളിൽ നിന്ന് അകറ്റി. പാർട്ടിക്ക് മുകളിലേക്ക് പിണറായി പോയി. പിണറായി വിജയനും മകൾ വീണയും പാർട്ടിക്ക് അവമതിപ്പുണ്ടാക്കി. ഇഎംഎസും എകെജിയും മക്കൾക്ക് വേണ്ടി പാർട്ടിയെ ഉപയോഗിച്ചിട്ടില്ല. പിണറായിയുടെ ഏകപക്ഷീയ നിലപാടുകൾ തിരുത്താൻ പാർട്ടിക്ക് കഴിഞ്ഞില്ലെന്നും കമ്മിറ്റിയിൽ അംഗങ്ങൾ വിമർശിച്ചു. സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദനും വിമർശനമുനയിലായിരുന്നു. എം വി ഗോവിന്ദന് ഔചിത്യ ബോധമില്ലെന്ന് വിമർശനുണ്ടായി. സെക്രട്ടറിയുടെ തെറ്റായ നിലപാടുകൾ തെരെഞ്ഞെടുപ്പ് പരാജയത്തിന് കാരണമായെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി. ഒരു വനിതാ സ്ഥാനാർത്ഥിയെ ജില്ലയിൽ നിർത്തിയില്ല. എല്ലാം സംസ്ഥാനനേതൃത്വം പറയുന്നത് പോലെ ചെയ്യുന്നു. സംസ്ഥാനനേതൃത്വത്തിന് ജില്ലാ നേതൃത്വത്തിന് പേടിയാണ് . ഒരു പിരിവ് പാർട്ടിയായി സിപിഎം ആയി മാറിയെന്നും അംഗങ്ങൾ പരിഹസിച്ചു. എല്ലാത്തിനും പിരിവെന്ന രീതി മാറണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു. ഇന്നലെ തുടങ്ങിയ ജില്ലാ കമ്മിറ്റി ഇന്ന് സമാപിക്കും. തെക്കൻ കേരളത്തിലെ പാർട്ടിയുടെ ശക്തികേന്ദ്രമായ കൊല്ലത്ത് തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയാണ് ഉണ്ടായത്. കൊട്ടാരക്കരയിൽ കെ എൻ ബാലഗോപാലിന് മാത്രമാണ് ജയിക്കാൻ കഴിഞ്ഞത് . സിപിഎം സിപിഐ കോട്ടകൾ തകർന്നു. മാത്രമല്ല. ചാത്തന്നൂരിൽ ബിജെപി സ്ഥാനാർത്ഥി ജയിച്ചു. തിരിച്ച് പിടിക്കാൻ ജില്ലാകമ്മിറ്റിയിൽ പുതിയ അംഗങ്ങളെ ഉൾപ്പെടുന്നതുൾപ്പടെ ഇന്ന് പ്രഖ്യാപിച്ചേക്കും. തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ തിരുത്തൽ പ്രക്രീയയുടെ ഭാഗമായാണ് വിപുലീകൃതജില്ലാകമ്മിറ്റികൾ ചേരുന്നത്.

