Asianet News MalayalamAsianet News Malayalam

സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാരിന് കർക്കശ നിലപാടെന്ന് മുഖ്യമന്ത്രി

സ്ത്രീ സുരക്ഷക്കായി ഈ സർക്കാർ ഒട്ടേറെ നടപടികൾ എടുത്തിട്ടുണ്ട്. എത്ര കണ്ട് ഗൗരവത്തോടെ സർക്കാർ സ്ത്രീ വിഷയങ്ങളിൽ നിലകൊണ്ടു എന്നതാണ് വിസ്മയ കേസിലെ വിധി കാണിക്കുന്നത്. 

Pinarayi Vijayan About women safety
Author
Trivandrum, First Published May 24, 2022, 8:14 PM IST

കൊച്ചി: സ്ത്രീ സുരക്ഷയ്ക്കായി സർക്കാർ ഒട്ടേറെ നടപടികൾ എടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (Chief Minister Pinarayi Vijayan). വിസ്മയ കേസും ഉത്ര കേസും ഇത്തരം വിഷയങ്ങളിൽ സർക്കാർ എത്ര കർക്കശ നിലപാടാണ് സ്വീകരിക്കുന്നത് എന്നതിന് തെളിവാണ്. അതിവേഗ വിചാരണയാണ് ഈ കേസുകളിലുണ്ടായത്. ഈ കേസുകളിൽ മാത്രമല്ല ജിഷ കേസ് അടക്കമുള്ളവയും സർക്കാർ ഈ വിഷയങ്ങളിൽ സ്വീകരിക്കുന്ന ജാഗ്രതയ്ക്ക് തെളിവാണെന്നും അദ്ദേഹം പറഞ്ഞു. 

മുഖ്യമന്ത്രിയുടെ വാക്കുകൾ - 
സ്ത്രീ സുരക്ഷക്കായി ഈ സർക്കാർ ഒട്ടേറെ നടപടികൾ എടുത്തിട്ടുണ്ട്. എത്ര കണ്ട് ഗൗരവത്തോടെ സർക്കാർ സ്ത്രീ വിഷയങ്ങളിൽ നിലകൊണ്ടു എന്നതാണ് വിസ്മയ കേസിലെ വിധി കാണിക്കുന്നത്. പൊലീസ്  ഇക്കാര്യത്തിൽ  ഫലപ്രദമായി ഇടപെട്ടിരുന്നു. വിചാരണ അടക്കം വേഗതയിൽ നടന്നു. ഇത് ഈ കേസിൽ മാത്രമല്ല ജിഷ കേസിൽ അടക്കം ഫലപ്രദമയി കൈകാര്യം ചെയ്തത് നിങ്ങളുടെ മുന്നിലുണ്ട്.  എത്ര കാർക്കശ്യത്തോടെ സർക്കാർ ഇതിൽ ഇടപെട്ടെന്ന് എല്ലാവരും കണ്ടതാണ്. 

ഇടത് സർക്കാർ അല്ലെങ്കിൽ ഈ കേസിലൊക്കെ സംഭവിക്കുമെന്ന് നമ്മുക്ക് അറിയാം. കുറ്റാക്കരുടെ മേൽ നീതിയുടെ വിലങ്ങ് അണിയിച്ചത് എൽഡിഎഫ് സർക്കാരാണ്. അങ്ങനെ ഒരു അറസ്റ്റ് യുഡിഎഫ് ആയിരുന്നെങ്കിൽ നടക്കുമായിരുന്നോ? യുഡിഎഫ് എല്ലാ കാലത്തും പ്രതികൾക്ക് ഒപ്പമാണ്. സംഭവത്തിൻ്റെ തൊട്ടടുത്ത അദ്യ അറസ്റ്റ് ഉണ്ടായി. ക്വട്ടേഷൻ കൊടുത്ത  കാര്യം ഇവരുടെ മൊഴികളിൽ നിന്ന് പോലീസിന് ലഭിച്ചു. അങ്ങനെയാണ് കേസിലെ പ്രധാന പ്രതി അഴിക്കുള്ളിലായത്. പോലീസിൻ്റെ കൈ വിറച്ചില്ല. 

ഒരു തരത്തിൽ ഉള്ള തടസവും പോലീസിന് ഇല്ല. ഏത് ഉന്നതൻ്റെ അടുത്തേക്കും പോലീസിന് പോകാം. എല്ലാ ഘട്ടത്തിലും സർക്കാർ നടിക്കൊപ്പമാണ്.  സംവിധായകൻ ബാലചന്ദ്രകുമാറിൻ്റെ വെളിപ്പെടുത്തലിലും പൊലീസ് കൃത്യമായ അന്വേഷണം നടത്തിയിട്ടുണ്ട്. കേസ് കൃത്യമായി അതിൻ്റെ വഴിക്ക് പോകും. ഇവിടെ ചിലർക്ക് കൈപ്പിടിയിൽ ഒതുങ്ങിയത് മെല്ലെ കൈവിട്ടു പോകുന്നതിൻ്റെ പേടിയാണ്. പല തരത്തിലുള്ള കുപ്രചരണങ്ങൾ വരും. അതിനെ സൂക്ഷിക്കണം. യുഡിഎഫിന് ഇക്കാര്യത്തിൽ പ്രത്യേക കഴിവുണ്ട്. 
 

Follow Us:
Download App:
  • android
  • ios