Asianet News MalayalamAsianet News Malayalam

'കേരളം ഒറ്റക്കെട്ട്'; മോദിയുടെ പരാമർശം വാസ്തവവിരുദ്ധം, ആഞ്ഞടിച്ച് പിണറായി

വർഗീയ ലക്ഷ്യത്തോടെ ആർ എസ് എസ് ആസൂത്രണം ചെയ്തു നടപ്പാക്കുന്ന നിയമ ഭേദഗതിയെ മത നിരപേക്ഷതയുടെ ശക്തികൊണ്ടാണ് നേരിടേണ്ടത്. അതിലാണ് കേരളം രാജ്യത്തിനാകെ മാതൃകയാകുന്നത്

pinarayi vijayan against narendra modi for his speech about kerala
Author
Thiruvananthapuram, First Published Feb 7, 2020, 9:54 AM IST

തിരുവനന്തപുരം: രാജ്യസഭയില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുമേലുള്ള നന്ദിപ്രമേയ ചര്‍ച്ചയുടെ മറുപടിയായി പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിൽ കേരളത്തെ സംബന്ധിച്ച് നടത്തിയ പരാമർശം വസ്തുതാ വിരുദ്ധവും പ്രതിഷേധാർഹവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ യോജിച്ച പ്രക്ഷോഭത്തെ വിഭാഗീയ-വർഗീയ ലക്ഷ്യങ്ങളുള്ളവർക്കു അടിയറവെക്കാൻ കേരളം തയാറല്ല. അത്തരം നുഴഞ്ഞു കയറ്റങ്ങളെക്കുറിച്ചു തുടക്കത്തിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്; ജാഗ്രത പാലിച്ചിട്ടുമുണ്ട്. വർഗീയ ലക്ഷ്യത്തോടെ ആർ എസ് എസ് ആസൂത്രണം ചെയ്തു നടപ്പാക്കുന്ന നിയമ ഭേദഗതിയെ മത നിരപേക്ഷതയുടെ ശക്തികൊണ്ടാണ് നേരിടേണ്ടത്.

അതിലാണ് കേരളം രാജ്യത്തിനാകെ മാതൃകയാകുന്നത്. ആ മുന്നേറ്റത്തിൽ നുഴഞ്ഞു കയറുന്ന വർഗീയ ശക്തികളെ തടുത്തു നിർത്താനും തുറന്നു കാട്ടാനും മതനിരപേക്ഷ കേരളത്തിന് കരുത്തുണ്ട്. ചില സമരങ്ങളില്‍ എസ് ഡിപിഐ പോലുള്ള തീവ്രവാദ സ്വഭാവമുള്ള സംഘങ്ങളുടെ പങ്കാളിത്തത്തെ കുറിച്ചു നടത്തിയ പരാമർശം ഉത്തമ ബോധ്യത്തിലാണ്. സംഘപരിവാറിന്റെ വർഗീയ അജണ്ട തകർക്കാനുള്ള ഏക ആയുധം മതനിരപേക്ഷയുടേതാണ് എന്ന ശരിയായ ബോധ്യമാണ് കേരളത്തെ നയിക്കുന്നത്.

ആ മഹാ പ്രതിരോധത്തിൽ വർഗീയതയുടെ വിഷം തേക്കാൻ ആര് ശ്രമിച്ചാലും ചെറുത്തു തോൽപ്പിക്കും. കേരളത്തിന്റെ സമര മുന്നേറ്റത്തെ അപകീർത്തിപ്പെടുത്തുന്ന പരാമർശം പ്രധാനമന്ത്രി തിരുത്തണം. ആർഎസ്എസിന്റെയും എസ് ഡിപിഐയുടെയും വർഗീയ ലക്ഷ്യങ്ങൾക്കെതിരായ പോരാട്ടത്തിലും ഒന്നാം സ്ഥാനത്താണ് കേരളം എന്നത് കൊണ്ട് അസ്വസ്ഥത പ്രകടിപ്പിക്കുന്നവരിൽ രാജ്യത്തിന്റെ പ്രധാനമന്ത്രി ഉണ്ടാകുന്നത് ജനാധിപത്യ സംസ്കാരത്തിന് ഭൂഷണമല്ലെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

ഇന്നലെ നയപ്രഖ്യാപനത്തിന്‍ മേലുള്ള ചര്‍ച്ചയ്ക്ക് മറുപടി പറയവെയാണ് പ്രധാനമന്ത്രി മോദി പിണറായിയുടെ 'ചില തീവ്രവാദസംഘടനകൾ കേരളത്തിലെ സമരങ്ങളിൽ നുഴഞ്ഞു കയറുന്നുവെന്ന പ്രസ്താവന ചൂണ്ടികാട്ടി രംഗത്തെത്തിയത്. കേരളത്തിൽ അനുവദിക്കാത്ത സമരങ്ങൾ ഇനി ദില്ലിയിൽ അനുവദിക്കണമെന്ന് വാശി പിടിക്കുന്നതെന്തിനെന്നും മോദി ചോദിച്ചിരുന്നു. പിണറായിയുടെ പ്രസ്താവന എടുത്തുപറഞ്ഞെങ്കിലും എസ്‍‍ഡിപിഐയുടെ പേരെടുത്ത് മോദി പറഞ്ഞിരുന്നില്ല.

പിണറായി വിജയന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

ഭരണഘടനാ മൂല്യങ്ങളെ ചവിട്ടി മെതിക്കുന്ന പൗരത്വ നിയമ ഭേദഗതിക്കെതിരായ കേരളത്തിന്റെ പ്രതിരോധം ഒറ്റക്കെട്ടായതാണ്. അത് ജനാധിപത്യപരമാണ്. ഈ കൂട്ടായ്മയും അതിലൂടെ സൃഷ്ടിക്കപ്പെടുന്ന കരുത്തും കേരളത്തിന്റെ ഉന്നതമായ മതനിരപേക്ഷ മൂല്യങ്ങളുടെ സവിശേഷതയാണ്. അതിനെ ഇകഴ്ത്താനും തകർക്കാനും അവഹേളിക്കാനും ചിലർക്ക് അത്യാഗ്രഹമുണ്ട്. അത്തരം അതിമോഹക്കാർക്കു കേരളം ഒന്നിച്ചു നിന്ന് തന്നെ മറുപടി നൽകും.

എല്ലാ വർഗീയ-തീവ്രവാദ ശക്തികളെയും എതിർക്കുന്നതും അകറ്റി നിർത്തുന്നതുമാണ് കേരളത്തിന്റെ മത നിരപേക്ഷ പാരമ്പര്യം. മതത്തിന്റെ പേരിൽ ഇന്ത്യൻ പൗരത്വം നിർണ്ണയിക്കുന്ന കരിനിയമത്തിനെതിരായ പോരാട്ടത്തിൽ കേരളത്തെ മുന്നിൽ നിർത്തുന്നത് ആ പാരമ്പര്യമാണ്. ഒരു വർഗീയതയ്ക്കും ഇവിടെ സ്ഥാനമില്ല. വിവേചനപരവും ഭരണഘടനാമൂല്യങ്ങളുടെ നിരാസവുമായ പൗരത്വ ഭദഗതി നിയമത്തിനെതിരെ ജാതി-മത-കക്ഷി ഭേദമില്ലാത്ത ജനകീയ പ്രതിഷേധമാണ് കേരളം ഉയർത്തുന്നത്. മത പണ്ഡിതരും നേതാക്കളും കലാ- സാഹിത്യ-സാംസ്കാരിക നായകരും സമുദായ സംഘടനാ നേതാക്കളും മതനിരപേക്ഷ ചിന്താഗതിയുള്ള ജനസഞ്ചയവും സമൂഹത്തിന്റെ നാനാ തുറകളിലുള്ളവരും കൊടിയുടെ നിറം നോക്കാതെ അണിചേർന്ന പ്രതിഷേധത്തിന് സാർവത്രിക സ്വീകാര്യതയാണ് ലഭിച്ചത്. ആ അനുഭവമുള്ള കേരളത്തിന്, ഭരണഘടനാ വിരുദ്ധമായ നിയമഭേദഗതി അടിച്ചേൽപ്പിക്കുന്നവരെയും അതിനെതിരായി വർഗീയ സംഘാടനത്തിനു കൊതിക്കുന്നവരെയും മനസ്സിലാക്കാനും ഇരുകൂട്ടർക്കുമെതിരെ പ്രതികരിക്കാനും ആരുടേയും ട്യൂഷൻ വേണ്ടതില്ല.

രാജ്യസഭയില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുമേലുള്ള നന്ദിപ്രമേയ ചര്‍ച്ചയുടെ മറുപടിയായി പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിൽ കേരളത്തെ സംബന്ധിച്ച് നടത്തിയ പരാമർശം വസ്തുതാ വിരുദ്ധവും പ്രതിഷേധാർഹവുമാണ്.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ യോജിച്ച പ്രക്ഷോഭത്തെ വിഭാഗീയ-വർഗീയ ലക്ഷ്യങ്ങളുള്ളവർക്കു അടിയറവെക്കാൻ കേരളം തയാറല്ല. അത്തരം നുഴഞ്ഞു കയറ്റങ്ങളെക്കുറിച്ചു തുടക്കത്തിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്; ജാഗ്രത പാലിച്ചിട്ടുമുണ്ട്. വർഗീയ ലക്ഷ്യത്തോടെ ആർ എസ് എസ് ആസൂത്രണം ചെയ്തു നടപ്പാക്കുന്ന നിയമ ഭേദഗതിയെ മത നിരപേക്ഷതയുടെ ശക്തികൊണ്ടാണ് നേരിടേണ്ടത്. അതിലാണ് കേരളം രാജ്യത്തിനാകെ മാതൃകയാകുന്നത്. ആ മുന്നേറ്റത്തിൽ നുഴഞ്ഞു കയറുന്ന വർഗീയ ശക്തികളെ തടുത്തു നിർത്താനും തുറന്നു കാട്ടാനും മതനിരപേക്ഷ കേരളത്തിന് കരുത്തുണ്ട്.

ചില സമരങ്ങളില്‍ എസ് ഡിപിഐ പോലുള്ള തീവ്രവാദ സ്വഭാവമുള്ള സംഘങ്ങളുടെ പങ്കാളിത്തത്തെ കുറിച്ചു നടത്തിയ പരാമർശം ഉത്തമ ബോധ്യത്തിലാണ്. സംഘപരിവാറിന്റെ വർഗീയ അജണ്ട തകർക്കാനുള്ള ഏക ആയുധം മതനിരപേക്ഷയുടേതാണ് എന്ന ശരിയായ ബോധ്യമാണ് കേരളത്തെ നയിക്കുന്നത്. ആ മഹാ പ്രതിരോധത്തിൽ വർഗീയതയുടെ വിഷം തേക്കാൻ ആര് ശ്രമിച്ചാലും ചെറുത്തു തോൽപ്പിക്കും. കേരളത്തിന്റെ സമര മുന്നേറ്റത്തെ അപകീർത്തിപ്പെടുത്തുന്ന പരാമർശം പ്രധാനമന്ത്രി തിരുത്തണം.

ആർഎസ്എസിന്റെയും എസ് ഡിപിഐയുടെയും വർഗീയ ലക്ഷ്യങ്ങൾക്കെതിരായ പോരാട്ടത്തിലും ഒന്നാം സ്ഥാനത്താണ് കേരളം എന്നത് കൊണ്ട് അസ്വസ്ഥത പ്രകടിപ്പിക്കുന്നവരിൽ രാജ്യത്തിന്റെ പ്രധാനമന്ത്രി ഉണ്ടാകുന്നത് ജനാധിപത്യ സംസ്കാരത്തിന് ഭൂഷണമല്ല.

Follow Us:
Download App:
  • android
  • ios