Asianet News MalayalamAsianet News Malayalam

'പൗരാവകാശം സംരക്ഷിക്കാനുള്ള ഇടപെടല്‍'; പൗരത്വ നിയമത്തിനെതിരായ ഹര്‍ജിയെ കുറിച്ച് പിണറായി

പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭയാണ് ആദ്യം പ്രമേയം പാസാക്കിയത്. ഭരണഘടന മാനിക്കുന്ന മുഖ്യമന്ത്രിമാരോട് സമാനമായ ഇടപെടൽ നടത്താൻ അഭ്യർത്ഥിച്ചിട്ടുണ്ടെന്നും പിണറായി വിജയന്‍

pinarayi vijayan against writ against caa
Author
Thiruvananthapuram, First Published Jan 14, 2020, 5:48 PM IST

തിരുവനന്തപുരം: ഇന്ത്യൻ ഭരണഘടനയും പൗരൻമാരുടെ മൗലികാവകാശങ്ങളും സംരക്ഷിക്കാൻ കേരളം മുന്നിൽ തന്നെ നിൽക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടനയുടെ അന്തസ്സത്തയ്ക്ക് വിരുദ്ധമായ പൗരത്വഭേദഗതി നിയമത്തിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച സ്യൂട്ട് ഭരണഘടനയുടെ പരിധിയിൽ നിന്നുകൊണ്ട് തന്നെ പൗരാവകാശങ്ങൾ സംരക്ഷിക്കാനുള്ള ഇടപെടലിന്റെ ഭാഗമാണ്.

മതനിരപേക്ഷത ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന സ്വഭാവമാണ്. അതിൽ നിന്ന് വ്യതിചലിക്കുന്ന രീതി ഭരണഘടനയുടെ അടിത്തറ തോണ്ടുന്നതിന് സമമാണ്. തെറ്റായ ഈ നിയമം നടപ്പാക്കില്ല എന്ന തീരുമാനമെടുത്ത ആദ്യ സംസ്ഥാനമാണ് കേരളം. പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭയാണ് ആദ്യം പ്രമേയം പാസാക്കിയത്. ഭരണഘടന മാനിക്കുന്ന മുഖ്യമന്ത്രിമാരോട് സമാനമായ ഇടപെടൽ നടത്താൻ അഭ്യർത്ഥിച്ചിട്ടുണ്ട്.

ജനങ്ങളുടെ യോജിച്ച ശബ്‍ദമാണ് ഉയരുന്നത്. ജനാധിപത്യം അതിന്റെ സമഗ്രതയോടെ രാജ്യത്ത് പുലരാൻ സാധ്യമായ എല്ലാ മാർഗങ്ങളും തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്‍റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സ്യൂട്ട് ഹർജി നൽകിയത്.

നിയമം വിവേചനപരവും ഭരണഘടനാവിരുദ്ധവുമാണെന്ന് കേരളത്തിന്‍റെ ഹര്‍ജിയില്‍ പറയുന്നു. ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണ് നിയമമെന്നും സർക്കാർ കോടതിയിൽ പറഞ്ഞു. പൗരത്വ ദേദഗതിക്കെതിരെ കോടതിയിൽ എത്തുന്ന ആദ്യ സംസ്ഥാനമാണ് കേരളം. പൗരത്വ നിയമ ദേദഗതിക്കെതിരെ ആദ്യം മുതലേ വന്‍ വിമര്‍ശനമാണ് സംസ്ഥാന സര്‍ക്കാര്‍ ഉന്നയിച്ചിരുന്നത്. 

പൗരത്വനിയമഭേദഗതിക്കെതിരായ പ്രമേയവും കേരള നിയമസഭ പാസാക്കിയിരുന്നു. നിയമഭേദഗതി പിൻവലിക്കണമെന്ന് പ്രമേയത്തിലൂടെ കേരള നിയമസഭ വശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാരിന്‍റെ പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടിരുന്നു. പൗരത്വ ഭേദഗതി മത വിവേചനത്തിന് ഇടയാക്കുമെന്നും പിണറായി വിജയൻ നിയമസഭയിൽ അവതരിപ്പിച്ച പ്രമേയത്തിൽ പറഞ്ഞിരുന്നു.

രാജ്യമെങ്ങും ആശങ്കയാണ്. പ്രവാസികൾക്കിടയിലും ആശങ്ക ശക്തമാണ്. അതുകൊണ്ട് നിയമം റദ്ദാക്കാൻ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നാണ് മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തിൽ ഉള്ളത്.  നിയമ ഭേദഗതിക്കെതിരെ പ്രതിപക്ഷകക്ഷികളും വിവിധ സംസ്ഥാനങ്ങളും ഒന്നിച്ചു നീങ്ങുക എന്ന ലക്ഷ്യത്തോടെ രാജ്യത്തെ 11 മുഖ്യമന്ത്രിമാര്‍ക്ക് കേരള  മുഖ്യമന്ത്രി പിണറായി വിജയന്‍ കത്ത് അയക്കുകയും ചെയ്തിരുന്നു. 

Follow Us:
Download App:
  • android
  • ios