തിരുവനന്തപുരം: തിരുവനന്തപുരത്ത് നടക്കുന്ന മൂന്ന് ദിവസത്തെ സിപിഎം കേന്ദ്ര കമ്മറ്റിയോഗത്തിനെത്തിയ നേതാക്കള്‍ക്ക് വിഭവസമൃദ്ധമായ 'കടല്‍സദ്യ'യൊരുക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. കരിമീന്‍ പൊള്ളിച്ചത്, നെയ്മീന്‍, ചെമ്മീന്‍, ചാള തുടങ്ങിയ ഏഴുതരം മത്സ്യങ്ങള്‍ കൊണ്ടുണ്ടാക്കിയ വ്യത്യസ്തമായ വിഭവങ്ങളാണ് മുഖ്യമന്ത്രിയുടെ വിരുന്നില്‍ നേതാക്കള്‍ക്കായി ഒരുക്കിയത്.

മൂന്ന് വര്‍ഷത്തിന് ശേഷം കേരളത്തിലെത്തിയ കേന്ദ്ര കമ്മറ്റി അംഗങ്ങള്‍ക്കായി കേരളത്തിന്‍റെ തനത് രുചിക്കൂട്ടാണ് തയ്യാറാക്കിയത്. 2016ല്‍ അധികാരത്തിലെത്തിയതിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ദില്ലി കേരള ഹൗസില്‍ കേന്ദ്ര കമ്മറ്റി അംഗങ്ങള്‍ക്ക് വിരുന്നൊരുക്കിയിരുന്നു.

അതേസമയം പൗരത്വ നിയമ ഭേദഗതിയടക്കം മോദി സർക്കാരിനെതിരായ പ്രതിഷേധങ്ങളിൽ കോൺഗ്രസ് അടക്കം മറ്റ് പാർട്ടികളുമായി യോജിച്ച് പ്രക്ഷോഭം തുടരണമെന്ന കേന്ദ്ര കമ്മിറ്റി നിലപാടിൽ രണ്ടാം ദിവസവും ചർച്ച തുടരുകയാണ്. 
ഇഎംഎസ് അക്കാദമിയില്‍ നടക്കുന്ന കേന്ദ്ര കമ്മറ്റിയോഗം നാളെ സമാപിക്കും. 

Read More: സിപിഎം കേന്ദ്ര കമ്മിറ്റിയോഗം രണ്ടാം ദിനത്തിലേക്ക്; യുഎപിഎ ചര്‍ച്ചയാകും, പിണറായിക്കെതിരെ വിമര്‍ശനമോ?