ബഹുരാഷ്ട്ര ഷിപ്പിംഗ് കമ്പനിയായ എംഎസ്‍സിക്ക് വിഴിഞ്ഞം തുറമുഖത്തിന്‍റെ 49% ഓഹരി കൈമാറാനുള്ള നീക്കത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആശങ്ക പ്രകടിപ്പിച്ചു. ഈ നീക്കം തുറമുഖത്തെ ഒരു കമ്പനിയുടെ കുത്തകയാക്കി മാറ്റുമെന്നും, ഇത് സംസ്ഥാന താല്പര്യങ്ങൾക്കും ദേശീയ സുരക്ഷയ്ക്കും വിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം: ബഹുരാഷ്ട്ര ഷിപ്പിംഗ് കമ്പനിയായ എംഎസ്‍സിക്ക് വിഴിഞ്ഞം തുറമുഖത്തിന്‍റെ 49 ശതമാനം ഓഹരികൾ കൈമാറാൻ പോകുന്നതുമായി ബന്ധപ്പെട്ട വാർത്തകൾ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കൺസഷൻ എഗ്രിമെന്റ് പ്രകാരം 25 ശതമാനത്തിൽ കൂടുതൽ ഓഹരി കൈമാറ്റം നടക്കണമെങ്കിൽ സംസ്ഥാന സർക്കാരിന്‍റെ കർശനമായ മുൻകൂർ അംഗീകാരം ആവശ്യമാണ്. ഈ സാഹചര്യത്തിൽ, സംസ്ഥാന താല്പര്യത്തിനു വിരുദ്ധമായി 13000 കോടി രൂപയുടെ ഓഹരി അന്താരാഷ്ട്ര ഷിപ്പിംഗ് ഭീമന് കൈമാറുന്നതിനു പിന്നിലെ ലക്ഷ്യം ദുരൂഹമാണ്.
വിഴിഞ്ഞത്തെ ലോകോത്തര നിലവാരത്തിലുള്ള ഒരു 'മൾട്ടി-ഓപ്പറേറ്റർ' തുറമുഖമാക്കി മാറ്റാനാണ് നമ്മൾ ലക്ഷ്യമിട്ടത്. എന്നാൽ നിലവിൽ വിഴിഞ്ഞത്തെ ഒരു പ്രത്യേക ഷിപ്പിംഗ് കമ്പനിക്കുവേണ്ടി കുത്തകവൽക്കരിക്കാനുള്ള ഗൂഢനീക്കമാണ് നടക്കുന്നത്. ഇത് അനുവദിച്ചാൽ വിഴിഞ്ഞത്ത് മൾട്ടി ഓപ്പറേറ്റർ മാത്രമല്ല മൾട്ടി-ക്ലയൻ്റ് സംവിധാനം പോലും ഇല്ലാതാകും. തുറമുഖം ഒരു കമ്പനിയുടെ മാത്രം കുത്തകയായാൽ, നമ്മുടെ നാട്ടിലെ കയറ്റുമതിക്കാർക്ക് ആ കമ്പനിയുടെ കപ്പലുകളെയും അവർ നിശ്ചയിക്കുന്ന നിരക്കുകളെയും മാത്രം ആശ്രയിക്കേണ്ട ഗതികേടുണ്ടാകും. മത്സരക്ഷമതയാണ് ഏതൊരു വിപണിയുടെയും ആണിക്കല്ല്. ആ മത്സരക്ഷമത ഒറ്റയടിക്ക് തുടച്ചുനീക്കപ്പെടുന്ന നിലവരും.
രാജ്യത്തെ ഒരു 'ഹൈലി ക്രിട്ടിക്കൽ ഇൻഫ്രാസ്ട്രക്ചർ' ആയ വിഴിഞ്ഞം തുറമുഖത്തിന്റെ ഉടമസ്ഥാവകാശം മാറുമ്പോൾ ദേശീയ സുരക്ഷാ താൽപര്യങ്ങൾ കൂടി കണക്കിലെടുക്കേണ്ടതുണ്ട്. കൂടാതെ, 2035 മുതൽ സംസ്ഥാന സർക്കാരിന് ലഭിക്കേണ്ട വരുമാന വിഹിതത്തിൽ കൃത്രിമമായി കുറവ് വരുത്താൻ ഇത്തരം സാമ്പത്തിക ക്രമീകരണങ്ങൾ ഇടയാക്കാനുള്ള സാധ്യതയും ഗൗരവമായി പരിശോധിക്കേണ്ടതുണ്ട്. കോൺകോർ (CONCOR), സി.ഡബ്ല്യു.സി (CWC) തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളുമായി 5000 കോടി രൂപയുടെ ധാരണാപത്രം നമ്മൾ നേരത്തെ ഒപ്പുവെച്ചിട്ടുള്ളതാണ്.
ഒരു കുത്തക കമ്പനി വിഴിഞ്ഞം പിടിച്ചെടുത്താൽ, ഈ പൊതുമേഖലാ സ്ഥാപനങ്ങൾക്കും മറ്റ് ലോജിസ്റ്റിക്സ് കമ്പനികൾക്കും നമ്മുടെ നാട്ടിൽ വളരാനുള്ള സാഹചര്യം ഇല്ലാതാകും. സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ ഇത്തരം ഓഹരി കൈമാറ്റം സാധ്യമല്ലെന്നും, അങ്ങനെയൊരു അപേക്ഷ സർക്കാരിന് മുന്നിൽ വന്നിട്ടില്ലെന്നും ഇന്ന് രാവിലെ മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തത വരുത്തിയിട്ടുണ്ട്. ഒരു കാരണവശാലും ഈ കുത്തകവൽക്കരണത്തിന് സർക്കാർ കൂട്ടുനിൽക്കരുത്. വിഴിഞ്ഞം കേരളത്തിന്‍റെ ഭാവി വികസനത്തിന്റെ താക്കോലാണ്. അതിനെ ഒരു കമ്പനിയുടെയും കുത്തകയാക്കി മാറ്റാൻ അനുവദിക്കരുത്. 49 ശതമാനം ഓഹരി എംഎസ്‍സി കയ്യടക്കുമ്പോൾ പോർട്ടിൻ്റെ ഭാവി വികസന സാധ്യതകളും അതിൽ സംസ്ഥാനത്തിൻ്റെ താല്പര്യങ്ങളും സംരക്ഷിക്കാനുള്ള ജാഗ്രത സർക്കാർ കൈക്കൊള്ളുകയും കേരളത്തിൻ്റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ സംരക്ഷിക്കുകയും ചെയ്യണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.


