കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നതായും പിണറായി വിജയന്‍

തിരുവനന്തപുരം: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്‍റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടായിട്ടും ഭരണ രംഗത്ത് പരീക്കര്‍ തന്‍റെ ചുമതലകള്‍ നിര്‍വ്വഹിച്ചിരുന്നെന്നും കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നതായും മുഖ്യമന്ത്രി കുറിച്ചു. അര്‍ബുദരോഗത്തിന് ദീര്‍ഘനാളായി ചികിത്സയിലായിരുന്ന പരീക്കര്‍ പനാജിയിലെ വസതിയില്‍ വച്ചാണ് മരിച്ചത്.

മൂന്ന് വട്ടം ഗോവ മുഖ്യമന്ത്രിയായ മനോഹര്‍ പരീക്കര്‍ മോദി മന്ത്രിസഭയിൽ മൂന്ന് വര്‍ഷം പ്രതിരോധമന്ത്രിയായിരുന്നു. ഐഐടി ബിരുദധാരിയായ രാജ്യത്തെ ആദ്യ മുഖ്യമന്ത്രി കൂടിയായിരുന്നു പരീക്കര്‍. മനോഹർ ഗോപാലകൃഷ്ണ പ്രഭു പരീക്കർ എന്ന മനോഹർ പരീക്കർ 1955 ഡിസംബർ 13ന് ഗോവയിലെ സാരസ്വത് ബ്രാഹ്മണ കുടുംബത്തിലാണ് ജനിച്ചത്. കുട്ടിക്കാലത്ത് തന്നെ അദ്ദേഹം ആർഎസ്എസിൽ ആകൃഷ്ടനായി. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാകും മുമ്പ് തന്നെ പരീക്കർ ആർഎസ്എസിന്‍റെ നേതൃനിരയിലേക്ക് ഉയർന്നിരുന്നു.