ശമ്പളം നൽകാൻ 103 കോടി രൂപ അനുവദിക്കണമെന്ന ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവിൽ സർക്കാർ ഡിവിഷൻ ബഞ്ചിൽ നിന്ന് സ്റ്റേ വാങ്ങി. 

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ യൂണിയൻ നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ചയ്ക്ക്. തിങ്കളാഴ്ച്ചയാണ് ചര്‍ച്ച. മുഖ്യമന്ത്രിയുടെ ചര്‍ച്ചയില്‍ ഒരു തീരുമാനം ഉണ്ടാകുമെന്ന് മന്ത്രി ആന്‍റണി രാജു പറഞ്ഞു. സെപ്റ്റംബ‍ർ ഒന്നിന് മുമ്പ് കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പള കുടിശ്ശിക തീർത്ത് നൽകാനുള്ള നീക്കം പാളിയിരിക്കുകയാണ്. ശമ്പളം നൽകാൻ 103 കോടി രൂപ അനുവദിക്കണമെന്ന ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവിൽ സർക്കാർ ഡിവിഷൻ ബഞ്ചിൽ നിന്ന് സ്റ്റേ വാങ്ങി. ഇതോടെ രണ്ട് മാസമായി ശമ്പളമില്ലാതെ ജോലി ചെയ്യുന്ന ജീവനക്കാർ കടുത്ത നടപടികളിലേക്ക് നീങ്ങാൻ ആലോചന തുടങ്ങി.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കെഎസ്ആർടിസി ജീവനക്കാർക്കും മാനേജ്മെന്‍റിനും വൻ തിരിച്ചടിയായി ഹൈക്കോടതി ഡിവിഷൻ ബ‌ഞ്ചിന്‍റെ ഉത്തരവ്. ഏറെ വൈകിയെങ്കിലും ഇന്നും നാളെയുമായി രണ്ട് മാസത്തെ ശമ്പളവും ഉത്സവ ബത്തയും കിട്ടുമെന്നായിരുന്നു പ്രതീക്ഷ. ഒരു സ്ഥാപനത്തിന് തുടർച്ചയായി ബജറ്റിന് പുറത്തെ പണം നൽകുന്നത് തെറ്റായ കീഴ്വഴക്കം ഉണ്ടാക്കുമെന്നും കെഎസ്ആര്‍ടിസി ജീവനക്കാ‌ർക്ക് ശമ്പളം നൽകാൻ ഉത്തരവാദിത്തമില്ലെന്നും കാട്ടി നൽകിയ സർക്കാർ അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിന്‍റെ നടപടി. സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്ത കോടതി നാളെ വിശദമായ വാദം കേൾക്കും. ശമ്പളം നൽകാൻ കയ്യിൽ പണമില്ലെന്ന് പറയുന്ന കെഎസ്ആര്‍ടിസി മാനേജ്മെന്‍റിനെ സർക്കാർ കയ്യൊഴി‌ഞ്ഞതോടെ പ്രതീക്ഷ കോടതി വിധിയിൽ മാത്രമായി. 

ജീവനക്കാരിൽ നിന്ന് സമ്മർദ്ദം ശക്തമായതോടെ നിയമിവിദഗ്ധരോടക്കം കാര്യങ്ങൾ ചർച്ചചെയ്ത് നേതാക്കൾ കൂടിയാലോചനകൾ തുടങ്ങി. പ്രശ്നം പരിഹരിക്കാൻ തിങ്കളാഴ്ച യൂണിയൻ നേതാക്കളുമായി മുഖ്യമന്ത്രി ചർച്ച നടത്തും. ഗതാഗതമന്ത്രി ആന്‍റണി രാജുവുമായി നിയമസഭയിൽ വച്ച് നടത്തിയ കൂടിക്കാഴ്ച്ചയിലാണ് തീരുമാനം. ഡ്യൂട്ടി പരിഷ്കാരത്തിൽ വിട്ടുവീഴ്ചയ്ക്ക് തൊഴിലാളികൾ തയ്യാറായാൽ കെഎസ്ആർടിസിയിലെ പ്രശ്നപരിഹാരത്തിന് സാധ്യത തെളിയും. എന്നാൽ തൊഴിൽ സമയത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്നാണ് പ്രതിപക്ഷ യൂണിയനുകളുടെ നിലപാട്.