Asianet News MalayalamAsianet News Malayalam

രോഗമുക്തിയിൽ റെക്കോർഡ്; ഒറ്റദിവസം 99651 രോഗമുക്തർ, 21402 പുതിയ രോഗികള്‍, ടിപിആര്‍ 24.74

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 100 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 19,612 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1610 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

pinarayi vijayan explain covid status in kerala and all the actions to prevent virus spread
Author
Trivandrum, First Published May 17, 2021, 6:03 PM IST

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 21,402 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 2941, തിരുവനന്തപുരം 2364, എറണാകുളം 2315, തൃശൂര്‍ 2045, കൊല്ലം 1946, പാലക്കാട് 1871, ആലപ്പുഴ 1679, കണ്ണൂര്‍ 1641, കോഴിക്കോട് 1492, കോട്ടയം 1349, കാസര്‍ഗോഡ് 597, പത്തനംതിട്ട 490, ഇടുക്കി 461, വയനാട് 211 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 86,505 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.74 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,80,14,842 സാമ്പിളുകളാണ് പരിശോധിച്ചത്.

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (115), സൗത്ത് ആഫ്രിക്ക (9), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 125 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 124 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 87 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6515 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 100 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 19,612 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1610 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 2858, തിരുവനന്തപുരം 2122, എറണാകുളം 2244, തൃശൂര്‍ 2030, കൊല്ലം 1938, പാലക്കാട് 986, ആലപ്പുഴ 1675, കണ്ണൂര്‍ 1507, കോഴിക്കോട് 1452, കോട്ടയം 1103, കാസര്‍ഗോഡ് 586, പത്തനംതിട്ട 469, ഇടുക്കി 442, വയനാട് 200 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

80 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 24, തിരുവനന്തപുരം 12, എറണാകുളം, പാലക്കാട് 7 വീതം, കാസര്‍ഗോഡ് 6, കൊല്ലം, പത്തനംതിട്ട, തൃശൂര്‍, കോഴിക്കോട് 5 വീതം, വയനാട് 3, കോട്ടയം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 99,651 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 16,100, കൊല്ലം 3899, പത്തനംതിട്ട 349, ആലപ്പുഴ 6947, കോട്ടയം 3004, ഇടുക്കി 7005, എറണാകുളം 14,900, തൃശൂര്‍ 17,884, പാലക്കാട് 1257, മലപ്പുറം 4050, കോഴിക്കോട് 5724, വയനാട് 6907, കണ്ണൂര്‍ 5722, കാസര്‍ഗോഡ് 5903 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 3,62,315 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 18,00,179 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 10,19,085 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 9,81,370 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 37,715 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3630 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടില്ല. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 853 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

മുഖ്യമന്ത്രിയുടെ വാക്കുകള്‍

സംസ്ഥാനത്ത് കർക്കശമായ ലോക്ക്ഡൗൺ നിയന്ത്രണമാണ് തുടരുന്നത്. എറണാകുളം, തൃശ്ശൂർ, മലപ്പുറം, തിരുവനന്തപുരം ജില്ലകളിൽ വിജയകരമായി ട്രിപ്പിൾ ലോക്ക്ഡൗൺ നടപ്പാക്കിയിട്ടുണ്ട്. ജനങ്ങൾ നന്നായി സഹകരിക്കുന്നുണ്ട്. കൊവിഡ് രോ​ഗികളും പ്രൈമറി കോണ്ടാക്ടുകളും വീട്ടിൽ കഴിയുന്നുവെന്ന് ഉറപ്പാക്കാനായി. മോട്ടോർ സ്കൂട്ടർ പെട്രോളിം​ഗ് അടക്കം നടത്തി ഇവിടെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. റോഡിലും കർശന പരിശോധന നടക്കുന്നുണ്ട്. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം പുറത്തിറങ്ങാം. ചുരുക്കം ചിലർക്ക് വ്യക്തിപരമായ അസൗകര്യമുണ്ടായെങ്കിലും എല്ലാവരും ഇതുമായി സഹകരിക്കുന്നു.

രോഗവ്യാപനത്തിൽ ശുഭകരമായ സൂചനകൾ കാണുന്നു. മെയ് ഒന്ന് മുതൽ എട്ട് വരെ ഒരു ദിവസം ശരാശരി 37144 കേസുകൾ ഉണ്ടായിരുന്നു. എന്നാൽ ലോക്ക്ഡൗൺ തുടങ്ങിയ ആഴ്ചയിൽ അത് 35919 ആയി കുറഞ്ഞു. ആ ഘട്ടത്തിൽ എട്ട് ജില്ലകളിൽ 10 മുതൽ 30 ശതമാനം വരെ കുറവ് രേഖപ്പെടുത്തി. ഏറ്റവും കുറവുണ്ടായത് വയനാട്ടിലാണ്. പത്തനംതിട്ടയിൽ രോഗവ്യാപനം സ്ഥായിയായി തുടരുകയാണ്. എന്നാൽ കൊല്ലം, മലപ്പുറം, തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ കേസുകൾ കൂടുന്നതായി കാണുന്നു. കൊല്ലത്ത് 23 ശതമാനം വർധനവുണ്ടായി. സംസ്ഥാനത്ത് പൊതുവിൽ ആക്ടീവ് കേസുകളിൽ നേരിയ കുറവുണ്ട്. ഇത് ആശ്വാസകരമായ കാര്യമാണ്. 444000 വരെ എത്തിയ ആക്ടീവ് കേസുകൾ 362315 ആയി കുറഞ്ഞു. ലോക്ക്ഡൗണിന് മുൻപ് നടപ്പാക്കിയ വാരാന്ത്യ നിയന്ത്രണവും രാത്രി കർഫ്യുവൂ പൊതുജാഗ്രതയും ഗുണം ചെയ്തുവെന്ന് കരുതണം.

ഒരു ദിവസം കണ്ടെത്തുന്ന രോഗവ്യാപനം ആ ദിവസത്തിന് ഒന്നുമുതൽ ഒന്നര ആഴ്ച വരെ മുൻപ് ബാധിച്ചതായതിനാൽ ലോക്ക്ഡൗൺ എത്ര കണ്ട് ഫലം ചെയ്തു എന്ന് ഇനിയുള്ള ദിവസങ്ങളിൽ അറിയാം. ലോക്ക്ഡൗൺ ഗുണകരമായി മാറും എന്ന് പ്രതീക്ഷിക്കാം. നമ്മുടെ ആരോഗ്യ സംവിധാനത്തിൻ്റെ അപ്പുറത്തേക്ക് രോഗവ്യാപനം ശക്തമാകാതിരിക്കാൻ ഈ ലോക്ക്ഡൗൺ വിജയിക്കേണ്ടത് അനിവാര്യമാണ്. ഇന്നത്തെ അവലോകന യോഗം നിലവിലെ സ്ഥിതി വിലയിരുത്തി. ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റ് കുറഞ്ഞു വരുന്നത് ആശ്വാസം തരുന്നതാണ്. രോഗവ്യാപനത്തിൻ്റെ ഉച്ഛസ്ഥായി കടന്നുപോയി എന്നാണ് വിദഗ്ദധരുടെ അനുമാനം. അതു പക്ഷേ ജാഗ്രത കൈവിടാനുള്ള പച്ചക്കൊടിയല്ല.

ഓക്സിജൻ വിതരണം വളരെ കാര്യക്ഷമമായി നടക്കുന്നുണ്ട്. വല്ലാർപാടത്ത് എത്തിയ ഓക്സിജൻ എക്സ്പ്രസിലെ ഓക്സിജൻ സംഭരണ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും നിലവിൽ വാക്സീൻ നൽകുന്നില്ല. അവരിൽ വാക്സീൻ പരീക്ഷണം നടക്കുന്നതിനാലായിരുന്നു ഇത്. അവർക്ക് വാക്സീൻ നൽകുന്നതില്‍ കുഴപ്പമില്ല എന്നാണ് വിദഗ്ധ്ദർ അഭിപ്രായപ്പെടുന്നത്. ഇന്ത്യയിൽ നാഷണൽ ടെക്നിക്കല്‍ അഡ്വൈസറി ഗ്രൂപ്പും നീതി ആയോഗും ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിന് ശുപാർശ നൽകിയിട്ടുണ്ട്. അതിനാൽ വാക്സീൻ നൽകാൻ അനുമതി ചോദിച്ച് ഐസിഎംആറുമായി ബന്ധപ്പെടും.കൊവിഡ് കാരണം ഗർഭകാല പരിശോധന കൃത്യമായി നടക്കാത്ത സ്ഥിതിയുണ്ട്. രക്തത്തിലെ ഗ്ലൂക്കോസ് രക്തസമ്മർദ്ദം എന്നിവ വാർഡ് സമിതിയിലെ ആശാവർക്കർമാരെ മുൻനിർത്തി പരിശോധിക്കും. 

ആദിവാസി മേഖലയിൽ രോ​ഗം പടരുന്നത് വളരെയേറെ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. ആദിവാസികൾ കൂടുതലുള്ള ജില്ലകളിൽ നല്ല ജാഗ്രത വേണം. രോ​ഗബാധിതരായ തോട്ടം തൊഴിലാളികളെ മാറ്റി പാർപ്പിക്കാൻ പ്രത്യേക സ്ഥലം ഇല്ലാത്ത പ്രശ്നം ചിലയിടത്തുണ്ട്. അത്തരം സാഹചര്യം ഉണ്ടായാൽ ഏതെങ്കിലും ലയത്തെ ഇതിനായി പ്രത്യേകം ഒരുക്കണം. അവിടെ താമസിക്കുന്നവരെ മറ്റു ലയങ്ങളിൽ താമസിപ്പിക്കണം. ഏതായാലും രോ​ഗബാധിതരായാവരെ പ്രത്യേകം താമസിപ്പിക്കാനുള്ള സംവിധാനം ഈ ലയത്തിൽ ഒരുക്കേണ്ടതാണ്.

കൊവിഡ് രോ​ഗികളെ ചികിത്സിക്കാനും പരിചരിക്കാനും അനാവശ്യമായ ഭീതി വേണ്ട. അതെല്ലാവരും ഒഴിവാക്കണം. രോ​ഗിയെ പരിചരിക്കുമ്പോൾ മാസ്ക് ധരിക്കുന്നതടക്കമുള്ള മുൻകരുതൽ എടുക്കാൻ ശ്രദ്ധിക്കണം. രോ​ഗം പകരും എന്ന് കരുതി കേരളത്തിലെ ആരോ​ഗ്യപ്രവർത്തകരെല്ലാം വിട്ടു നിന്നാൽ എന്താവും സംഭവിക്കുക. ഒട്ടേറെ സന്നദ്ധ പ്രവർത്തകർ ഈ രം​ഗത്തുണ്ട്. അവർ മാറി നിന്നാൽ നമ്മൾ എന്ത് ചെയ്യും. ഇങ്ങനെ ഒരുപാട് മനുഷ്യർ മറ്റുള്ളവർക്ക് വേണ്ടി ത്യാ​ഗം ചെയ്യുന്നതിനാലാണ് നമ്മുടെ നാട് സുരക്ഷിതമായി ഇരിക്കുന്നതെന്ന് ഓർക്കുക.

18 മുതൽ 44 വയസ്സ് വരെയുള്ളവർക്കുള്ള കൊവിഡ് വാക്സിനേഷൻ ഇന്ന് ആരംഭിച്ചു. ഈ പ്രായത്തിലുള്ള ​ഗുരുതര  രോ​ഗങ്ങളുള്ളവർക്കാണ് ആദ്യം വാക്സീൻ നൽകുക. അവർ കേന്ദ്രസർക്കാരിൻ്റെ കൊവിൻ വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്ത ശേഷം അവിടെ നിന്നും ലഭിച്ച വിവരങ്ങൾ വച്ച് കൊവിഡ് കേരള വാക്സിനേഷൻ പേജിലും രജിസ്റ്റർ ചെയ്ത് ആവശ്യമായ വിവരങ്ങൾ കൊടുക്കണം. ആ വെബ് സൈറ്റിൽ നിന്നും രജിസ്റ്ററിൽ ചെയ്ത ഫോം ഒരു രജിസ്റ്റ്ഡ് മെഡിക്കൽ പ്രാക്ടീഷണറെ ഒപ്പീടിച്ച് കാണിക്കേണ്ടതാണ്. അല്ലാതെ മറ്റു രേഖകൾ സമർപ്പിച്ചാൽ അപേക്ഷകൾ തള്ളിപ്പോകും എന്നോർക്കണം. ഇതുവരെ 50178 പേരാണ് അപേക്ഷ സമർപ്പിച്ചത്. അതിൽ 45525 അപേക്ഷകൾ വെരിഫൈ ചെയ്തത്. അതു കൊണ്ട് അപേക്ഷകൾ സമർപ്പിക്കുന്നവർ നിർദേശങ്ങൾ തെറ്റുകൂടാതെ പാലിക്കണം. ചില പരാതികളും പ്രായോ​ഗിക പ്രശ്നങ്ങളും ഇക്കാര്യത്തിൽ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. അത്തരം പരാതികളിൽ ഉടൻ പരിഹാരം കാണും. ക്വാറന്‍റീന്‍ ലംഘനം പരിശോധിക്കാൻ വനിതാ പൊലീസിനെ നിയോ​ഗിച്ചത് വിജയകരമായി.

ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ എല്ലാ വനിതാ പൊലീസുകാരേയും ഇത്തരം ജോലികൾക്ക് നിയോ​ഗിക്കും. വിവിധ സ്ഥലങ്ങളിലായി നടന്നു വന്ന പൊലീസ് കോൺസ്റ്റബിൾമാരുടെ പരിശീലന പരിപാടി തത്കാലം നിർത്തിവച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഇങ്ങനെ പരിശീലനത്തിന് ആയിരുന്നവരെ പൊലീസിനൊപ്പം വളണ്ടിയർമാരായി നിയോ​ഗിക്കാൻ നിര്‍ദേശിച്ചിട്ടുണ്ട്. പരിശീലനത്തിലുണ്ടായിരുന്ന 341 വനിതകളെ അവരുടെ നാട്ടിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി നിയോ​ഗിക്കും.

പരിശീലനത്തിലുള്ള പുരുഷന്മാരായ 2476 പൊലീസുകാരേയും അവരുടെ നാട്ടിലെ പൊലീസ് സ്റ്റേഷനിൽ നിയോ​ഗിക്കും. പരിശീലനം നേടി കൊണ്ടിരിക്കുന്ന പട്ടികവ‍ര്‍ഗ വിഭാ​ഗത്തിൽപ്പെട്ട 124 പേരെ ട്രൈബൽ മേഖലകളിൽ ഡ്യൂട്ടിക്ക് നിയോ​ഗിക്കും. എസ്ഐ പരിശീലനത്തിലുള്ള 160 പേ‍ർ വിവിധ സ്ഥലത്ത് വളണ്ടിയർമാരായി ഡ്യൂട്ടിയിലുണ്ട്. കണ്ടെയിന്‍മെന്‍റ് സോണിൽ കൊവിഡ് നിയന്ത്രണം ക‍‍ർശനമായി നടപ്പാക്കുന്നതിൽ റസിഡൻ്റസ് അസോസിയേഷനുകൾ നല്ല സഹകരണം നൽകുന്നു. കൊച്ചിയിലും തിരുനനന്തപുരത്തും ഇതു നല്ല രീതിയിൽ പ്രകടമാണ്. മറ്റു ജില്ലകളിലും റസിഡന്‍സ് അസോസിയേഷനുകൾ ഇതിനായി മുന്നോട്ട വരണം.

ടൗട്ടെ ചുഴലിക്കാറ്റിൻ്റെ പ്രഭാവത്തിൽ നിന്നും സംസ്ഥാനം പതിയെ രക്ഷപ്പെട്ടു വരികയാണ്. അതേസമയം ചുഴലിക്കാറ്റ് കാരണം അറബിക്കടൽ പ്രക്ഷുബ്ധമാണ്. അതിനാൽ തീരദേശ വാസികൾ ജാ​ഗ്രത പാലിക്കണം. 175 ദുരിതാശ്വാസ ക്യാംപുകളിലായി 5042 പേരുണ്ട്. ഏറ്റവും കൂടുതൽ പേ‍ർ ക്യാംപുകളിലുള്ളത് എറണാകുളത്തും തിരുവനന്തപുരത്തുമാണ്. മെയ് 12 മുതൽ ഇന്ന് വരെ തിരുവനന്തപുരത്തും കോഴിക്കോടും രണ്ട് പേർ വീതവും ആലപ്പുഴ ഇടുക്കി എറണാകുളം എന്നിവടങ്ങളിൽ ഒരോരുത്തരും അടക്കം ആകെ ഏഴുപേ‍ർ മരിച്ചു. 310.3 കിലോമീറ്റർ റോഡുകൾ കാലവർഷക്കെടുതിയിൽ തക‍ർന്നു. 37 അം​ഗനവാടികൾ, പത്ത് സ്കൂളുകള്‍ 13 പ്രാഥമിക ആരോ​ഗ്യകേന്ദ്രങ്ങൾ എന്നിവയ്ക്കും നാശനഷ്ടമുണ്ടായി. സംസ്ഥാനത്ത് ആകെ 1464 വീടുകൾ ഭാ​ഗികമായും 68 എണ്ണം പൂർണ്ണമായും മഴക്കെടുതിയിൽ ത‍കർന്നു.

പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ മെയ് 20 വ്യാഴാഴ്ച  മൂന്ന് മണിക്ക് നടക്കും. സെൻട്രൽ സ്റ്റേഡത്തിൽ ഒരുക്കുന്ന വേദിയിൽ ​ഗവർണർക്ക് മുൻപാകെ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാർ ജനങ്ങൾക്ക് നടുവിലാണ് അധികാരമേൽക്കേണ്ടത്. പക്ഷേ നിർഭാ​ഗ്യവശാൽ കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ജനമധ്യത്തിൽ ജനങ്ങളുടെ ആഘോഷത്തിമിർപ്പിനിടയിൽ പരിമിതമായ തോതിൽ ഈ ചടങ്ങ് നടത്താൻ തീരുമാനിച്ചത്. അരലക്ഷത്തോളം പേരെ ഉൾക്കൊള്ളാവുന്ന സ്റ്റേഡിയമാണെങ്കിലും പരമാവധി 500 പേരുടെ സാന്നിധ്യമാണ് സത്യപ്രതിജ്ഞ ചടങ്ങിൻ്റെ ഭാ​ഗമായിട്ടുണ്ടാവുക. അഞ്ച് വർഷം മുൻപ് 40000 പേരുടെ സാന്നിധ്യത്തിൽ നടത്തിയ പരിപാടിയാണ് ഇപ്പോൾ ചുരുക്കുന്നത്. അഞ്ഞൂറ് പേരിൽ 140 എംഎൽഎമാരും 29 എംപിമാരും ഉൾപ്പെടും. ഇതോടൊപ്പം ബഹുമാനപ്പെട്ട ന്യായാധിപൻമാരേയും അനിവാര്യരായ ഉദ്യോ​ഗസ്ഥരേയും ചടങ്ങിലേക്ക് ക്ഷണിക്കും. ഇതോടൊപ്പം ജനാധിപത്യത്തിൻ്റെ നാലാം തൂണായ മാധ്യമങ്ങളേയും പരിപാടിയിലേക്ക് പ്രവേശിപ്പിക്കും. മൂന്ന് കോടി ജനങ്ങളുടെ ഭാഗധേയം നിശ്ചയിക്കുന്ന ചടങ്ങിൽ 500 വലിയ എണ്ണം അല്ല. 21 മന്ത്രിമാ‍ർ സത്യപ്രതിജ്ഞ ചെയ്യുന്നുണ്ട്. ഇതോടൊപ്പം ​ഗവർണർ ചീഫ് സെക്രട്ടറി രാജ്ഭവനിലേയും സെക്രട്ടേറിയറ്റിലേയും ഒഴിച്ചു കൂടാനാവാത്ത ഉദ്യോ​ഗസ്ഥർ ഇവരെല്ലാം ഉണ്ടാവും. സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞ എന്ന് കേൾക്കുമ്പോൾ ജനസമുദ്രമായിരിക്കും ചിലരുടെ മനസ്സിൽ അതല്ല വേണ്ടത്. ഒരു വലിയ തുറസായ സ്ഥലം ഇങ്ങനെയൊരു പരിപാടിക്ക് ആവശ്യമാണ്. നല്ല നിലയിൽ വായുസഞ്ചാരവും സ്ഥലവും വേണം. അതിനാലാണ് സ്റ്റേഡിയത്തെ പരിപാടിക്കുള്ള വേദിയായി തെരഞ്ഞെടുത്തത്.

ഭരണഘടനാ പദവി വഹിക്കുന്നവർ, പ്രോട്ടോക്കോൾ പ്രകാരം ഒഴിവാക്കാനാവാത്തവർ, ഇതോടൊപ്പം സമൂഹത്തിലെ വിവിധ വിഭാ​ഗങ്ങളുടെ പ്രതിനിധികൾ. ഈ വിധം പരിപാടി ചുരുക്കുമ്പോൾ ജനലക്ഷങ്ങളോട് പറയാനുള്ളത് ഇതാണ്. സെൻട്രൽ സ്റ്റേഡിയമല്ല കേരളത്തിലെ ഒരോ മനുഷ്യരുടേയും മനസ്സാണ് സത്യപ്രതിജ്ഞാ വേദി. ഈ പരിമതി ഇല്ലായിരുന്നുവെങ്കിൽ കേരളമാകെ സെൻട്രൽ സ്റ്റേഡിയത്തിലേക്ക് ഇരമ്പിയെത്തുമായിരുന്നുവെന്ന് ‍ഞങ്ങൾക്കറിയാം. ഇടതുമുന്നണിക്ക് ചരിത്രവിജയം നൽകി രണ്ടാമൂഴം ചരിത്രത്തിൽ ആദ്യമെന്ന പോലെ സാധ്യമാക്കിയവരാണ് നിങ്ങൾ. തുടങ്ങിവച്ചതും ഏറെ മുന്നോട്ട് പോയതുമായ ക്ഷേമപദ്ധതികൾ തുടരാൻ വിധി എഴുതിയവരാണ് നിങ്ങൾ. നിങ്ങൾ എല്ലാവരും ഞങ്ങളുടെ മനസിലുണ്ട്. അതിനപ്പുറമല്ല ഒരു സ്റ്റേ‍ഡിയവും.

കൊവിഡ് മഹാമരി മൂലം നിയുക്ത ജനപ്രതിനിധികൾക്ക് വോട്ടർമാരെ കണ്ട് നന്ദി പറയാൻ പോലും സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിന്‍റെ പ്രത്യേകത മൂലം വരാൻ ആ​ഗ്രഹിച്ചിട്ടും അതിന് സാധിക്കാതിരുന്ന ജനതയെ ഈ ഘട്ടത്തിൽ അഭിവാദ്യം ചെയ്യുന്നു. ജനകീയ സർക്കാർ അധികാരമേൽക്കുമ്പോൾ അതിനെ ആഘോഷിക്കാൻ ജനങ്ങൾക്ക് അവകാശമുണ്ട്. ഈ മഹാമാരി മാറും, അതിൻ്റെ തീവ്രത കുറയും ആ ഘട്ടത്തിൽ രണ്ടാമൂഴത്തിൻ്റെ വിജയം നാം ഒന്നിച്ചു നിന്ന് ആഘോഷിക്കുക തന്നെ ചെയ്യും. രോ​ഗാതുരതയുടെ കാ‍ർമേഘം അകന്നു പോവുകയും സുഖസന്തോഷത്തിൻ്റെ സൂര്യപ്രകാശം തെളിയുകയും ചെയ്യും. ആ നല്ല കാലത്തിന് വേണ്ടി നാം ചെയ്യുന്ന വിട്ടുവീഴ്ചയാണ് ഇന്നത്തെ അസൗകര്യങ്ങളാണ് ഇതെല്ലാം.

നാട്ടിലുള്ളവർ മുതൽ പ്രവാസി സഹോദരങ്ങൾ വരെ സത്യപ്രതിജ്ഞാ ചടങ്ങിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് എന്നറിയാം. സത്യപ്രതിജ്ഞയ്ക്ക് വേണ്ടി മാത്രം വിദേശത്ത് നിന്നും വരാൻ നിന്ന നൂറുകണക്കിന് ആളുകളുണ്ട്. വിദൂര ദിക്കുകളിൽ നിന്നും തിരുവനന്തപുരത്തേക്ക് വരാൻ നിന്നവരുണ്ട്. അവരുടെയൊന്നും ആത്മാർത്ഥ സ്നേഹത്തിന് വാക്കുകളാൽ നന്ദി പറയാനാവില്ല. ദൃശ്യമാധ്യമങ്ങളിലൂടെ ചടങ്ങുകൾ കണ്ട് സത്യപ്രതിജ്ഞയിൽ നേരിട്ട് പങ്കെടുത്തതായി കരുതണം എന്ന് അഭ്യർത്ഥിക്കുന്നു. ജനാധിപത്യവും മതനിരപേക്ഷതയും ഈ നാട്ടിൽ എക്കാലവും പുലരണം എന്ന് ആ​ഗ്രഹിക്കുന്നവർ ഈ സർക്കാർ അധികാരത്തിൽ വരാൻ അഹോരാത്രം പ്രയത്നിച്ചിട്ടുണ്ട്. ഒരുപാട് സഹിച്ചവരും കടുത്ത യാതനകളിലൂടെ കടന്നു പോയവരുണ്ട്. കൊവിഡിൽ സ്വന്തം ജീവൻ തൃണവത്കരിച്ച് രം​ഗത്തിറങ്ങയിവരുണ്ട്. അവരോടൊക്കെ ഒന്നു പറയട്ടെ കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമായശേഷം നമ്മുക്കെല്ലാം ഒന്നിച്ചു നിന്ന് ആഘോഷിക്കാൻ സാധിക്കും. സത്യപ്രതിജ്ഞാ ചടങ്ങിന് വരുന്നവർ 2.45-ന് മുൻപായി വേദിയിൽ എത്തണം. അതിഥികളെല്ലാം 48 മണിക്കൂറിനുള്ളിൽ നടത്തിയ കൊവിഡ് ആർടിപിസിആർ, ആൻ്റിജൻ, ട്രൂനാറ്റ് പരിശോധനാ ഫലം കയ്യില്‍ കരുതണം.

Follow Us:
Download App:
  • android
  • ios