Asianet News MalayalamAsianet News Malayalam

ടിപിആ‍ർ കുറയുന്നു, 25010 പുതിയ രോഗികള്‍; രോഗബാധയുടെ വളര്‍ച്ചാനിരക്ക് കുറയുന്നതിൽ ആശ്വാസമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇന്ന് 25,010 പുതിയ രോഗികള്‍.  2,37,643 പേരാണ് ചികിത്സയിൽ കഴിയുന്നത്. 177 മരണം സ്ഥിരീകരിച്ചു 

pinarayi vijayan explains kerala covid situvation instructions to follow and relaxations
Author
Trivandrum, First Published Sep 10, 2021, 6:06 PM IST

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 25,010 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. തൃശൂര്‍ 3226, എറണാകുളം 3034, മലപ്പുറം 2606, കോഴിക്കോട് 2514, കൊല്ലം 2099, പാലക്കാട് 2020, തിരുവനന്തപുരം 1877, ആലപ്പുഴ 1645, കണ്ണൂര്‍ 1583, കോട്ടയം 1565, പത്തനംതിട്ട 849, ഇടുക്കി 826, വയനാട് 802, കാസര്‍ഗോഡ് 364 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,51,317 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.53 ആണ്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) ഏഴിന് മുകളിലുള്ള 794 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ വാര്‍ഡുകളാണുള്ളത്. അതില്‍ 692 വാര്‍ഡുകള്‍ നഗര പ്രദേശങ്ങളിലും 3416 വാര്‍ഡുകള്‍ ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 6,21,039 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,88,784 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 32,255 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2412 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 2,37,643 കോവിഡ് കേസുകളില്‍, 12.9 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 177 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 22,303 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 102 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 23,791 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1012 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 105 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 23,535 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2385, കൊല്ലം 2284, പത്തനംതിട്ട 650, ആലപ്പുഴ 2035, കോട്ടയം 1451, ഇടുക്കി 544, എറണാകുളം 2722, തൃശൂര്‍ 2833, പാലക്കാട് 1815, മലപ്പുറം 2537, കോഴിക്കോട് 1909, വയനാട് 393, കണ്ണൂര്‍ 1520, കാസര്‍ഗോഡ് 457 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,37,643 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 40,74,200 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

മുഖ്യമന്ത്രിയുടെ വാക്കുകള്‍

ഐസിഎംആറിന്‍റെ സീറോ പ്രിവൈലൻസ് പഠനത്തിലെ കണ്ടെത്തൽ പ്രകാരം ഒന്നാം വ്യാപന കാലത്ത് കേരളത്തിലെ രോഗബാധിതരുടെ എണ്ണം കുറവായിരുന്നു. ഡെൽറ്റ വകഭേദം ആഞ്ഞടിച്ചപ്പോൾ കേരളത്തിൽ ഏറ്റവും പെട്ടെന്ന് രോഗം വ്യാപിച്ച് വലിയ നാശം വിതയ്ക്കാൻ കൂടുതൽ സാധ്യതയുള്ള സ്ഥലം നമ്മുടെ നാടായി. മരണ നിരക്ക് വലിയ തോതിൽ ഉയർത്താതെ രണ്ടാം തരംഗത്തെയും മികച്ച രീതിയിൽ പ്രതിരോധിച്ചു. രോഗികളുടെ എണ്ണം രണ്ടാം തരംഗത്തിൽ കൂടിയെങ്കിലും നിയന്ത്രണങ്ങളെ മറികടന്ന് പോയില്ല. രോഗികൾക്ക് എല്ലാവർക്കും സംരക്ഷണവും ചികിത്സയും ഉറപ്പാക്കി രോഗവ്യാപനത്തെ നിയന്ത്രിക്കാനായി

മരിച്ചവരുടെ എണ്ണത്തിൽ സ്വാഭാവിക വർധനവുണ്ടായി. മരണനിരക്ക് ഉയരാതെ പിടിച്ചുനിർത്താൻ കഴിഞ്ഞു. മരിച്ചവരിൽ 95 ശതമാനവും വാക്സീൻ കിട്ടാത്തവരാണ്. സെപ്തംബർ 30നകം 18 വയസിന് മുകളിലുള്ള എല്ലാവർക്കും ആദ്യ ഡോസ് വാക്സീൻ നൽകാനാണ് ശ്രമം. 2.23 കോടി പേർ ഒരു ഡോസ് വാക്സീൻ കിട്ടിയവരാണ്. 86 ലക്ഷത്തിലേറെ പേർക്ക് രണ്ട് ഡോസ് വാക്സീനും കിട്ടി. ഡെൽറ്റ വൈറസിന് വാക്സീന്‍റെ പ്രതിരോധം ഭേദിക്കാൻ ചെറിയ തോതിൽ കഴിയും. എന്നാൽ വാക്സീനെടുത്തവരിൽ രോഗം ഗുരുതരമാകില്ല. ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരില്ല. മരണസാധ്യത ഏറെക്കുറെ കുറവാണ്. 

സ്കൂളുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാനുള്ള ആലോചന നടക്കുന്നുണ്ട്. അറിവും അനുഭവ സമ്പത്തുമുള്ള വിദഗ്ദ്ധരുമായി ചർച്ച നടക്കുന്നുണ്ട്. വ്യവസായ - വ്യാപാര മേഖലയുടെ പുനരുജ്ജീവനവും അടിയന്തിരമായി നടപ്പിലാക്കും. അതിനാവശ്യമായ ഇടപെടലുണ്ടാകും. കോളേജ് വിദ്യാർത്ഥികൾക്ക് കൊവിഡ് വാക്സീനേഷന് സൗകര്യമൊരുക്കും. കോളേജിലെത്തും മുൻപ് വിദ്യാർത്ഥികൾ ഒരു ഡോസ് വാക്സീനെങ്കിലും എടുക്കണം. രണ്ടാമത്തെ ഡോസ് എടുക്കാൻ കാലാവധി ആയവർ അതും എടുക്കണം. വിദ്യാർത്ഥികൾ വാക്സീന് ആശാവർക്കറെ ബന്ധപ്പെടണം.

സർവകലാശാലകൾ കേന്ദ്രീകരിച്ച് വാക്സീനെടുക്കാത്ത വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും കണക്കെടുത്ത് ആരോഗ്യവകുപ്പിന് നൽകും. അത് അടിസ്ഥാനമാക്കി വാക്സീനേഷൻ ക്യാംപ് നടത്തും. ആരും വാക്സീനെടുക്കാതെ മാറിനടക്കരുത്. കൊവിഡ് ഭീഷണികളെ അവഗണിക്കാനാവില്ല. മുൻകരുതൽ പാലിച്ച് സുരക്ഷാ കവചം തകരാതെ മുന്നോട്ട് പോകാനാവണം. എന്നാലേ ഈ പ്രതിസന്ധി വിജയകരമായി മറികടക്കാനാവൂ.

വാക്സീനേഷൻ 80 ശതമാനത്തോട് അടുക്കുകയാണ്. 78 ശതമാനം പേർക്ക് ഒന്നാം ഡോസും 30 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകി. ഏഴ് ലക്ഷം വാക്സീൻ കയ്യിലുള്ളത് നാളെയോടെ കൊടുത്തുതീർക്കും. 45 വയസിന് മേലെ പ്രായമുള്ള 93 ശതമാനം പേർക്ക് ഒരു ഡോസും 50 ശതമാനം പേർക്ക് രണ്ട് ഡോസും നൽകി. ആർടിപിസിആർ വർധിപ്പിക്കാനാണ് നേരത്തെ തീരുമാനിച്ചത്. സംസ്ഥാനത്ത് ആദ്യ ഡോസ് വാക്സീൻ 80 ശതമാനം പൂർത്തിയാവുകയാണ്. ആർടിപിസിആർ വ്യാപകമായി നടത്തും. ചികിത്സ വേണ്ട ഘട്ടത്തിൽ ആന്‍റിജന്‍ നടത്തും.

ഡബ്ല്യുഐപിആർ എട്ടിന് മുകളിലുള്ള നഗര-ഗ്രാമ മേഖലകളിൽ കർശന നിയന്ത്രണം നടപ്പിലാക്കും. നിലവിലിത് ഏഴാണ്. ക്വാറന്‍റീന്‍ ലംഘിക്കുന്നവരെ നിർബന്ധിത ക്വാറന്‍റീനില്‍ അയക്കാൻ തദ്ദേശ സ്ഥാപനങ്ങൾ മുന്നിട്ടിറങ്ങണം. രോഗികളുള്ള വീടുകളിൽ നിന്നുള്ളവർ ക്വാറന്‍റീന്‍ ലംഘിക്കുന്നത് കർശനമായി തടയും.

മറ്റ് സംസ്ഥാനങ്ങൾ വിദ്യാർത്ഥികൾക്ക് രണ്ട് ഡോസ് വാക്സീൻ നിർബന്ധമാക്കി. അത് കേരളത്തിൽ നിന്ന് മറ്റ് സംസ്ഥാനങ്ങളിൽ പോയി പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രയാസമാണ്. അവരുടെ രണ്ട് ഡോസ് വാക്സീൻ അടിയന്തിരമായി പൂർത്തിയാക്കും.  പോസിറ്റീവായി ക്വാറന്‍റീനില്‍ കഴിയുന്നവർ വീടുകളിൽ തുടരുന്നത് ഉറപ്പാക്കാൻ പൊലീസ് ശക്തമായ നടപടി സ്വീകരിക്കുന്നുണ്ട്. തദ്ദേശ സ്ഥാപനങ്ങൾ ഫലപ്രദമായി ഈ രംഗത്ത് പ്രവർത്തിക്കുന്നുണ്ട്. പൊലീസിൽ മോട്ടോർ സൈക്കിൾ പട്രോൾ സംഘത്തിന്‍റെ സഹായത്തോടെ പരിശോധന നടത്തും. നേരത്തെ വളണ്ടിയർമാരുടെ സേവനം പൊലീസ് ഉപയോഗിച്ചത് ആവശ്യമുള്ളിടത്ത് തുടരാം.

സംസ്ഥാനത്തെ അതിഥി തൊഴിലാളികൾക്ക് ഈ ഘട്ടത്തിൽ തന്നെ വാക്സീൻ നൽകാനാവശ്യമായ നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി. സ്വകാര്യ ആശുപത്രികൾ വഴി വാക്സീൻ നൽകാൻ 20 ലക്ഷം ഡോസ് വാക്സീൻ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് വാങ്ങി വിതരണം ചെയ്യാൻ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷനെ ചുമതലപ്പെടുത്തിയിരുന്നു. ഇതിൽ 10 ലക്ഷം ഡോസ് വാങ്ങി സംഭരിച്ചു. ആ വിതരണം നടക്കുന്നുണ്ട്. ഈ പദ്ധതിയുടെ ഭാഗമായി അതിഥി തൊഴിലാളികൾക്കുള്ള വാക്സീൻ നൽകാനാണ് കളക്ടർമാർ ശ്രദ്ധിക്കുക. രോഗനിയന്ത്രണത്തിന് കേസ് കണ്ടെത്തൽ പ്രധാനം. സംസ്ഥാനം ഉചിതമായ അളവിൽ പരിശോധന നടത്തുന്നുണ്ട്. ആന്‍റിജന്‍ ടെസ്റ്റ് അടിയന്തിര ആവശ്യങ്ങളിൽ മാത്രമാണ് നടത്തേണ്ടത്. ആർടിപിസിആർ ടെസ്റ്റ് എല്ലാവരും നടത്തണം. ഗൃഹ ചികിത്സയിൽ കഴിഞ്ഞ എല്ലാ യുവാക്കളും പ്രമേഹ പരിശോധന നടത്തണം. 

കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം പഞ്ചായത്തിലെ കുട്ടിയുടെ വീടിന്‍റെ മൂന്ന് കിലോമീറ്റർ ചുറ്റളവിലെ എല്ലാ വീടുകളിലും സർവേ നടത്തി. അസ്വാഭാവികമായ പനി, മരണം എന്നിവ അറിയാനാണ് സർവേ നടത്തിയത്. അത്തരം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

സെപ്തംബർ 11 ഓടെ മധ്യ-വടക്കൻ ബംഗാൾ ഉൾക്കടലിൽ വീണ്ടുമൊരു ന്യൂനമർദ്ദം രൂപപ്പെടും. പിന്നീടുള്ള 48 മണിക്കൂറിൽ ന്യൂനമർദ്ദം കൂടുതൽ ശക്തിപ്രാപിക്കും. സെപ്തംബർ 12 ഓടെ കേരളത്തിൽ കാലവർഷം സജീവമാകും. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

സ്കൂളുകൾ തുറക്കുന്നത് അടുത്ത മാസത്തേക്കാണ് ആലോചിക്കുന്നത്. തയ്യാറെടുപ്പാണ് ഇപ്പോൾ നടത്തുന്നത്. കോളേജുകളിലെ കുട്ടികൾക്കാണ് വാക്സീനേഷൻ പറയുന്നത്. എൽപി മുതല്‍ ഹയർ സെക്കന്‍ററി കുട്ടികൾക്ക് വാക്സീൻ പറയുന്നില്ല. ഇവരുടെ വീടുകളിലുള്ളവരും അധ്യാപകരും സ്കൂൾ ജീവനക്കാരും വാക്സീനെടുക്കണം. ഡബ്ല്യുഐപിആറിന്‍റെ കാര്യത്തിൽ ഒരു മാറ്റം വന്നിട്ടുണ്ട്. രോഗവ്യാപനത്തോത് നോക്കി മാറ്റം വരുത്തും. ക്വാറന്‍റീന്‍ നിർബന്ധമായും പാലിക്കണം. വാക്സീനേഷൻ പൂർണമായാൽ കാര്യങ്ങളിൽ മാറ്റം വരും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

 

Follow Us:
Download App:
  • android
  • ios