Asianet News MalayalamAsianet News Malayalam

'അയ്യൻകാളിയുടെ ഓർമ്മകൾ എല്ലാ പുരോഗമന പ്രസ്ഥാനങ്ങൾക്കും വഴി കാട്ടിയാകണം'; മുഖ്യമന്ത്രി

അയ്യൻകാളി കൊളുത്തിയ അഗ്നി വഴിവിളക്കായി ജ്വലിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

pinarayi vijayan facebook post about ayyankali birth anniversary
Author
Thiruvananthapuram, First Published Aug 28, 2020, 3:51 PM IST

തിരുവനന്തപുരം: അയ്യൻകാളിയുടെ ജന്മദിനത്തിൽ അദ്ദേഹത്തെ സ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സമത്വവും സമാധാനവും നിറഞ്ഞ സമൂഹത്തെ വാർത്തെടുക്കാൻ പ്രധാന വിലങ്ങു തടികളിലൊന്നായി തുടരുന്ന കാലത്തോളം അതിനെ മറികടക്കാൻ അയ്യൻകാളി കൊളുത്തിയ അഗ്നി വഴിവിളക്കായി ജ്വലിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

നമ്മെ നാമാക്കി മാറ്റിയ അദ്ദേഹത്തിൻ്റെ ഓർമ്മകൾ മുന്നോട്ടുള്ള പോരാട്ടത്തിൽ എല്ലാ പുരോഗമന പ്രസ്ഥാനങ്ങൾക്കും വഴി കാട്ടിയാകണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. അയ്യൻകാളിയുടെ ജീവിതവും അദ്ദേഹം വരിച്ച ത്യാഗങ്ങളും അങ്ങനെ അർത്ഥപൂർണമാകട്ടെ എന്നും അദ്ദേഹം കുറിച്ചു. 

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഇന്ന് മഹാത്മാ അയ്യൻകാളിയുടെ ജന്മ ദിനമാണ്. ജന്മിത്വത്തിൻ്റെ കാൽച്ചുവട്ടിൽ ജാതീയതയുടേയും അനാചാരങ്ങളുടേയും വർഗ ചൂഷണത്തിൻ്റേയും ചങ്ങലകളാൽ ബന്ധിതരായ അടിയാളരുടെ വിമോചനപ്പോരാട്ടത്തിന് വിസ്ഫോടനശേഷി പകർന്ന മഹത് ചൈതന്യമായിരുന്നു അയ്യൻകാളി. അനീതികളുടെ വിളനിലമായിരുന്ന ഒരു പ്രാകൃത സംസ്കാരികതയിൽ നിന്നും ഇന്നു നമ്മൾ ജീവിക്കുന്ന ആധുനിക കേരളത്തിൻ്റെ പിറവിയിലേയ്ക്കു നയിച്ച സാമൂഹ്യ വിപ്ലവത്തിൻ്റെ മുന്നണിപ്പോരാളിയായിരുന്നു അദ്ദേഹം.

അടിമകളായി പരിഗണിക്കപ്പെട്ടിരുന്ന ദളിതരെ മനുഷ്യരെന്ന നിലയിൽ ചരിത്രത്തിൽ അടയാളപ്പെടുത്തുകയാണ് അയ്യൻകാളി ചെയ്തത്. സഞ്ചരിക്കാനും ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും, അക്ഷരം പഠിക്കാനും, കൂലി ചോദിക്കാനുമുള്ള അവൻ്റെ ഏറ്റവും മൗലികമായ അവകാശങ്ങൾ പോലും നിരാകരിക്കപ്പെട്ടിരുന്ന ഒരു സമൂഹത്തിൽ ആ അനീതികൾക്കെതിരെ അദ്ദേഹം ശബ്ദമുയർത്തി. സവർണ ജാതിക്കാർക്കു മാത്രം സഞ്ചാര സ്വാതന്ത്ര്യമുണ്ടായിരുന്ന രാജവീഥിയിലൂടെ അദ്ദേഹം ഓടിച്ചു കയറ്റിയ വില്ലുവണ്ടിയുടെ ചക്രങ്ങൾ, യാഥാസ്ഥിതികതയിൽ പൂണ്ടു കിടന്നിരുന്ന കേരള സമൂഹത്തെ ആധുനികതയിലേക്കാണ് നയിച്ചത്. അദ്ദേഹത്തിൻ്റെ കീഴിൽ അടിയാള സ്ത്രീകൾ ജാതിയുടെ ചിഹ്നങ്ങളുപേക്ഷിച്ചു കൊണ്ട് വസ്ത്ര സ്വാതന്ത്ര്യത്തിനായി സമരരംഗത്തിറങ്ങി. വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട ദളിത് കുട്ടികൾക്കായി അദ്ദേഹം വിദ്യാലയം തന്നെ ആരംഭിച്ചു. അവകാശ നിഷേധത്തിനെതിരെ കാർഷിക പണിമുടക്ക് സമരം നടത്തിക്കൊണ്ട് കേരളത്തിലെ കർഷകത്തൊഴിലാളി മുന്നേറ്റത്തിന് മാർഗദർശിത്വം നൽകി. ജാതിക്കെതിരായ സമരങ്ങൾ വർഗ ചൂഷണത്തിനെതിരായ സമരങ്ങൾ കൂടിയാണെന്നദ്ദേഹം നമ്മളെ ബോധ്യപ്പെടുത്തി.

നീതിരഹിതവും അധാർമ്മികവുമായ ജാതിവ്യവസ്ഥ സമത്വവും സമാധാനവും നിറഞ്ഞ സമൂഹത്തെ വാർത്തെടുക്കാൻ പ്രധാന വിലങ്ങു തടികളിലൊന്നായി തുടരുന്ന കാലത്തോളം അതിനെ മറികടക്കാൻ അയ്യൻകാളി കൊളുത്തിയ അഗ്നി വഴിവിളക്കായി ജ്വലിക്കും. അദ്ദേഹത്തിൻ്റെ ചരിത്രം നമ്മൾ പഠിക്കണം. നമ്മെ നാമാക്കി മാറ്റിയ അദ്ദേഹത്തിൻ്റെ ഓർമ്മകൾ മുന്നോട്ടുള്ള പോരാട്ടത്തിൽ എല്ലാ പുരോഗമന പ്രസ്ഥാനങ്ങൾക്കും വഴി കാട്ടിയാകണം. അയ്യൻകാളിയുടെ ജീവിതവും അദ്ദേഹം വരിച്ച ത്യാഗങ്ങളും അങ്ങനെ അർത്ഥപൂർണമാകട്ടെ.

Follow Us:
Download App:
  • android
  • ios