Asianet News MalayalamAsianet News Malayalam

നയപ്രഖ്യാപന വിവാദം: മൂന്ന് വാക്കിൽ പ്രതികരണമൊതുക്കി മുഖ്യമന്ത്രി പിണറായി വിജയൻ

അതേസമയം പ്രതിപക്ഷത്തെ നിശിതമായി വിമര്‍ശിച്ച് മന്ത്രിമാരായ ഇപി ജയരാജനും എകെ ബാലനും രംഗത്തെത്തി. പ്രതിപക്ഷത്തിന് മാനസിക അസ്വാസ്ഥ്യമെന്ന് ഇപി ജയരാജൻ വിമര്‍ശിച്ചപ്പോൾ പ്രതിഷേധം പൊറാട്ട് നാടകമെന്നായിരുന്നു എകെ ബാലന്റെ വിമര്‍ശനം

Pinarayi Vijayan first response on UDF MLAs protest against Governor arif Muhammed Khan
Author
Thiruvananthapuram, First Published Jan 29, 2020, 1:28 PM IST

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിനെത്തിയ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സഭയില്‍ തടഞ്ഞ പ്രതിപക്ഷത്തിന്റെ നടപടി വിവാദമായിരിക്കെ വെറും മൂന്ന് വാക്കിൽ തന്റെ പ്രതികരണമൊതുക്കി മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് എല്ലാം നിങ്ങൾ കണ്ടല്ലേ എന്ന് മാത്രമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. 

അതേസമയം പ്രതിപക്ഷത്തെ നിശിതമായി വിമര്‍ശിച്ച് മന്ത്രിമാരായ ഇപി ജയരാജനും എകെ ബാലനും രംഗത്തെത്തി. പ്രതിപക്ഷത്തിന് മാനസിക അസ്വാസ്ഥ്യമെന്ന് ഇപി ജയരാജൻ വിമര്‍ശിച്ചപ്പോൾ പ്രതിഷേധം പൊറാട്ട് നാടകമെന്നായിരുന്നു എകെ ബാലന്റെ വിമര്‍ശനം.

"പ്രതിപക്ഷത്തിന് മാനസിക അസ്വാസ്ഥ്യം കൂടി വരുന്നു. മുൻപൊങ്ങും കാണാത്ത രീതിയിലാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം," എന്നായിരുന്നു വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജന്റെ പ്രതികരണം. "

ഭരണഘടനാപരമായ ദൗത്യം ഗവർണറും സർക്കാരും നിർവഹിച്ചു," എന്നായിരുന്നു എകെ ബാലൻ പറഞ്ഞത്. "സംസ്ഥാന മന്ത്രിസഭയുടെ തീരുമാനം ഗവര്‍ണര്‍ വായിച്ചു. ഒഴിവാക്കാൻ തീരുമാനിച്ച ഭാഗവും ഗവർണർ വായിച്ചത് നല്ല കാര്യം. പ്രതിപക്ഷത്തിന്റെ ഗൂഢാലോചന പൊളിഞ്ഞു. ജാള്യത മറച്ച് വയ്ക്കാൻ നടത്തിയ പൊറാട്ട് നാടകമാണ് ഇന്ന് സഭയിൽ നടന്നത്. ഗവർണറെ തടഞ്ഞത് പൊതു സമൂഹം അംഗീകരിക്കില്ല."

"വാർഡ് വിഭജന ഓർഡിനൻസ് എന്തിന് ഗവർണർ തടഞ്ഞു? അതിന് പ്രതിപക്ഷം ആദ്യം ഉത്തരം പറയട്ടെ. തോറ്റ് പോയാൽ വായിൽ തോന്നിയത് പറയുക അതാണ് പ്രതിപക്ഷം ഇന്ന് ചെയ്തത്. ഗവര്‍ണറുമായി വ്യക്തിപരമായ പ്രശ്നങ്ങളില്ല," എന്നും എകെ ബാലൻ വിശദീകരിച്ചു.

ഇന്ന് രാവിലെ നയപ്രഖ്യാപന പ്രസംഗത്തിനെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ, സഭയിൽ പ്രതിപക്ഷ അംഗങ്ങൾ തടഞ്ഞിരുന്നു. പ്രതിപക്ഷത്തിന്റേത് പ്രകടനാത്മക പ്രതിഷേധമാണെന്നായിരുന്നു എം സ്വരാജ് എംഎൽഎയുടെ വിലയിരുത്തൽ. പൗരത്വ ഭേദഗതി പ്രതിഷേധത്തിൽ തങ്ങളുമുണ്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള ആത്മാര്‍ത്ഥയില്ലായ്മയാണ് വ്യക്തമായതെന്നും അദ്ദേഹം വിമര്‍ശിച്ചു.
 

Follow Us:
Download App:
  • android
  • ios