Asianet News MalayalamAsianet News Malayalam

'സുപ്രീംകോടതി നിര്‍ദ്ദേശമായതിനാല്‍ കേന്ദ്രത്തിന് പരിമിതിയുണ്ട്'; കേന്ദ്ര മന്ത്രി അറിയിച്ചതായി പിണറായി വിജയന്‍

ബന്ദിപ്പൂര്‍ ദേശീയപാതയിലെ യാത്രാനിരോധന പ്രശ്‌നത്തില്‍ ഉടന്‍ ഇടപെടണമെന്ന് കേന്ദ്ര വനം- പരിസ്ഥിതി വകുപ്പു മന്ത്രി പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു

pinarayi vijayan meet prakash javdekar in delhi
Author
Delhi, First Published Oct 1, 2019, 7:27 PM IST

ദില്ലി: ബന്ദിപ്പൂര്‍ ദേശീയപാതയിലെ യാത്രാനിരോധന പ്രശ്‌നത്തില്‍ ഉടന്‍ ഇടപെടണമെന്ന് കേന്ദ്ര വനം- പരിസ്ഥിതി വകുപ്പു മന്ത്രി പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. ഇപ്പോള്‍ രാത്രി ഒമ്പത് മുതല്‍ രാവിലെ ആറു വരെയുള്ള നിരോധനം ഇനി മുതല്‍ പൂര്‍ണ നിരോധനമാക്കാനുള്ള നടപടിക്കെതിരെ കേരളത്തില്‍ പ്രത്യേകിച്ച് വയനാട്ടില്‍ പ്രതിഷേധം ശക്തമാകുകയാണ്.

പകരം നിര്‍ദ്ദേശിച്ചിരിക്കുന്ന തോല്‍പ്പെട്ടി - നാഗര്‍ ഹോള സംസ്ഥാന പാതയെ ദേശീയ പാതയാക്കി പ്രശ്‌നം പരിഹരിക്കാമെന്ന നിര്‍ദ്ദേശമുണ്ട്. എന്നാല്‍ 40 കിലോ മീറ്റര്‍ അധിക യാത്ര ആവശ്യമുള്ള ഈ പാതയും വിവിധ സ്ഥലങ്ങളില്‍ വനത്തിലൂടെയാണ് കടന്നു പോകുന്നതെന്നുള്ള വസ്തുതയും കേന്ദ്രത്തെ ചൂണ്ടിക്കാണിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

ഇത് സംബന്ധിച്ച് പഠിക്കാനും അടിയന്തര പഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഒരു വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തുമെന്ന് കേന്ദ്ര മന്ത്രി അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ഇതില്‍ കേരള സര്‍ക്കാരിന്റെ അഭിപ്രായവും പരിഗണിക്കും.

ഇത് സംബന്ധിച്ച് കേരളത്തിലെ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും എന്നാല്‍ സുപ്രീം കോടതി നിര്‍ദ്ദേശമായതിനാല്‍ കേന്ദ്രത്തിന് പരിമിതമായി മാത്രമേ ഇടപെടാനാകൂ എന്നും കേന്ദ്ര മന്ത്രി അറിയിച്ചു. വിഷയം പഠിച്ച ശേഷം ഇത് സംബന്ധിച്ച കേന്ദ്രത്തിന്റെ നിലപാട് സുപ്രീം കോടതിയെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞതായി മുഖ്യമന്ത്രി അറിയിച്ചു. 

Follow Us:
Download App:
  • android
  • ios