Asianet News MalayalamAsianet News Malayalam

'ദുരിത കാലത്തെ നഴ്സുമാരുടെ നിസ്വാര്‍ത്ഥ സേവനങ്ങള്‍ക്ക് നാടും ലോകവും കടപ്പെട്ടിരിക്കുന്നു': മുഖ്യമന്ത്രി

ഈ ദുരിത കാലത്തും കേരളത്തിന്റെ അംബാസിഡറുമാരായി നിലകൊണ്ട് ധീരമായ സേവനങ്ങളാണ് നഴ്സുമാർ കാഴ്ച വയ്ക്കുന്നത്. ഈ നഴ്സസ് ദിനത്തില്‍ ലോകത്താകെ ഉള്ള നഴ്സുമാർ‌‍ പ്രത്യേകിച്ച് കേരളത്തിലുള്ളവര്‍ക്ക് അഭിവാദനം അര്‍പ്പിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

pinarayi vijayan press meet about nurses day
Author
Thiruvananthapuram, First Published May 12, 2020, 5:54 PM IST

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പൊതുജന ആരോഗ്യ സംവിധാനത്തെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതില്‍ നഴ്സുമാര്‍ സ്തുത്യര്‍ഹമായ പങ്കാണ് വഹിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ നഴ്സുമാര്‍ നടത്തുന്ന മാതൃകാപരമായ സേവനങ്ങളുടെ നിരവധി ഉദാഹരണങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. സേവനത്തിന്‍റെ ഭാഗമായി സ്വന്തം ജീവന്‍വരെ അര്‍പ്പിച്ച സിസ്റ്റര്‍ ലിനിയുടെ ഓര്‍മ്മ എല്ലാവരുടേയും മനസിലുണ്ടെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വയോധികരെ ശുശ്രൂഷിച്ച് കൊവിഡ് ബാധിച്ച രേഷ്മയും വൈറസ് ബാധയെ അതിജീവിച്ച് കൊവിഡ് രോഗികളെ ശുശ്രൂഷിക്കന്‍ ഡ്യൂട്ടിക്കെത്തിയ മറ്റ് നഴ്സുമാര്‍ നമ്മുടെ നാടിന്‍റെ അഭിമാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോകം ആദരിക്കുന്ന കേരളത്തിന്‍റെ കൊവിഡ് പ്രതിരോധത്തിന്റെ കീര്‍ത്തിയുടെ വലിയൊരു പങ്കും വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ നഴ്സുമാര്‍ക്കും അവകാശപ്പെട്ടതാണ്. ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് കേരള സര്‍ക്കാര്‍ വലിയ നിഷ്കര്‍ഷയാണ് പുലര്‍ത്തുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളത്തില്‍ മാത്രമല്ല ലോകത്തെമ്പാടും മലയാളി നഴ്സുമാരുടെ സേവനം പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. പല സര്‍ക്കാരുകളും അവരുടെ സേനവങ്ങളെ പ്രത്യേകമായി അഭിനന്ദിച്ചിട്ടുമുണ്ട്. ഈ മഹാമാരിയെ ചെറുക്കുന്നതില്‍ ലോക രാജ്യങ്ങളെ സഹായിക്കുന്നത് അവിടങ്ങളിലെ മലയാളി നഴ്സുമാര്‍ ഉള്‍പ്പടെയുള്ള ആരോഗ്യപ്രവര്‍ത്തകരാണ്. അതിന് സംസ്ഥാനത്തിന് അഭിമാനമുണ്ടെന്നും മുഖ്യമന്ത്രി പറയുന്നു. 

ഈ ദുരിത കാലത്തും കേരളത്തിന്റെ അംബാസിഡറുമാരായി നിലകൊണ്ട് ധീരമായ സേവനങ്ങളാണ് നഴ്സുമാർ കാഴ്ച വയ്ക്കുന്നത്. ഈ നഴ്സസ് ദിനത്തില്‍ ലോകത്താകെ ഉള്ള നഴ്സുമാർ‌‍ പ്രത്യേകിച്ച് കേരളത്തിലുള്ളവര്‍ക്ക് അഭിവാദനം അര്‍പ്പിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. നഴ്സുമാര്‍ നടത്തുന്ന നിസ്വാര്‍ത്ഥ സേവനങ്ങള്‍ക്ക് ഈ നാടും ലോകവും  കടപ്പെട്ടിരിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 

Follow Us:
Download App:
  • android
  • ios