Asianet News Malayalam

ആശങ്കയുടെ ദിനം: 26 പേര്‍ക്ക് കൂടി കൊവിഡ്, 3 പേര്‍ക്ക് രോഗമുക്തി, സംസ്ഥാനത്താകെ 64 പേര്‍ ചികിത്സയില്‍

കാസര്‍കോട് 10, മലപ്പുറം 5, പാലക്കാട്, വയനാട് മൂന്ന് വീതം, കണ്ണൂർ രണ്ട്, പത്തനംതിട്ട, ഇടുക്കി കോഴിക്കോട് ഒന്ന് വീതം എന്നിങ്ങനെയാണ് പുതിയ രോഗബാധിതരുടെ കണക്ക്

pinarayi vijayan press meet detailing covid situation
Author
Trivandrum, First Published May 14, 2020, 5:32 PM IST
  • Facebook
  • Twitter
  • Whatsapp

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 26  പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കാസര്‍കോട് 10, മലപ്പുറം 5, പാലക്കാട്, വയനാട് 3 വീതം, കണ്ണൂർ 2, പത്തനംതിട്ട, ഇടുക്കി കോഴിക്കോട് 1 വീതം എന്നിങ്ങനെയാണ് രോഗബാധിതരുടെ കണക്കുകള്‍. മൂന്ന് പേര്‍ക്ക് രോഗം ഭേദമായി. കൊല്ലത്ത് രണ്ടുപേരും കണ്ണൂരില്‍ ഒരാളുമാണ് നെഗറ്റീവായത്. പൊസിറ്റീവായ 14 പേർ പുറത്ത് നിന്ന് വന്നവരാണ്. ഏഴ് പേർ വിദേശത്ത് നിന്ന് വന്നവരാണ്. ചെന്നൈ രണ്ട്, മുംബൈ നാല്, ബെംഗളൂരു ഒന്ന് എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരുടെ കണക്കുകള്‍. 11 പേർ സമ്പർക്കത്തിലൂടെയാണ് രോഗികളായത്. കാസർകോട് ഏഴുപേര്‍ക്കും വയനാട് മൂന്നുപേര്‍ക്കും പാലക്കാട് ഒരാൾക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 

മുഖ്യമന്ത്രിയുടെ വാക്കുകള്‍

ഇത് നാം നേരിടുന്ന വിപത്തിന്‍റെ സൂചന. പ്രതിസന്ധി അഭിമുഖീകരിക്കാനും മറികടക്കാനും കഴിയുമെന്ന ആത്മവിശ്വാസം ഉണ്ട്. ജനങ്ങളും സർക്കാർ സംവിധാനങ്ങളും എല്ലാ കരുത്തും ഉപയോഗിച്ച് ഇതിനെ അതിജീവിക്കും. ഇതുവരെ 560 പേർക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. 64 പേർ ഇപ്പോൾ ചികിത്സയിലാണ്. 36362 പേർ വീടുകളിലും 548 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്ന് 174 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 40692 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. 39619 എണ്ണം നെഗറ്റീവാണ്. മുൻഗണനാ വിഭാഗത്തിലെ 4347 സാമ്പിളുകൾ ശേഖരിച്ചതിൽ 4249 നെഗറ്റീവാണ്. ഹോട്ട്സ്പോട്ടുകളുടെ എണ്ണം 15 ആയി. കണ്ണൂരിൽ മൂന്ന്, കാസർകോട് മൂന്ന്, വയനാട് ഏഴ്, കോട്ടയം, തൃശ്ശൂർ ഒന്ന് വീതം ഹോട്ട്സ്പോട്ടുകൾ.

കൊറോണവൈറസ് ഒരിക്കലും ഇല്ലാതാവില്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. വാക്സിന്‍റെ അഭാവത്തിൽ എച്ച്ഐവിയെ പോലെ ലോകത്താകെ നിലനിൽക്കുന്ന വൈറസായി നോവൽ കൊറോണ നിലനിൽക്കാനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ദ്ധർ പറയുന്നു. സമൂഹത്തിന്‍റെ രോഗപ്രതിരോധ ശക്തി വർധിപ്പിക്കൽ, കൊവിഡ് 19 നെ ചികിത്സിച്ച് സുഖപ്പെടുത്തുന്ന സംവിധാനം യാഥാർത്ഥ്യമാക്കലും പ്രധാനമാണ്. പൊതുജനാരോഗ്യ സംവിധാനം അത്തരം ഇടപെടലിൽ കേന്ദ്രീകരിക്കും. പൊതുസമൂഹം ജീവിതശൈലിയിൽ ചില മാറ്റങ്ങൾ ഉൾക്കൊള്ളണം. മാസ്ക് പൊതുജീവിതത്തിന്‍റെ ഭാഗമാകണം. തിക്കും തിരക്കും ഉണ്ടാകാത്ത വിധം കച്ചവട സ്ഥാപനങ്ങളിലും ഗതാഗത സൗകര്യങ്ങളിലും ചന്തകളിലും ക്രമീകരണം വേണം.

അത്യാവശ്യ യാത്രകളും കൂടിച്ചേരലുകളും മാത്രം നടത്തുക. ആളുകളുടെ എണ്ണം ക്രമീകരിക്കുക. ഇതിന് വ്യക്തികളും കുടുംബങ്ങളും സ്വയമേ തയ്യാറാകണം. ഭക്ഷണശാലകളിലും ഷോപ്പിങ് സെന്‍ററുകളിലും മുൻകൂട്ടി സമയം നിശ്ചയിച്ച് ഉപഭോക്താക്കൾക്ക് സമയം നൽകണം. ലോക്ക് ഡൗൺ തുടർന്നാലും ഇല്ലെങ്കിലും ഇനിയുള്ള നാളുകൾ നാം കൊറോണയെ കരുതിയാവണം ജീവിക്കേണ്ടത്. കൊവിഡ് 19 മനുഷ്യജീവൻ കവർന്നെടുത്ത് വിനാശകരമായി മാറിയ സാഹചര്യമാണ് ചുറ്റിലും. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ 124 മലയാളികൾ ഇതുവരെ മരിച്ചു. അവരുടെ വേർപാട് വേദനാജനകമാണ്. ആരോഗ്യ സാമൂഹ്യ പ്രവർത്തനത്തിന്‍റെ ഭാഗമായി നിൽക്കുന്നവരും രോഗത്തിന് കീഴടങ്ങി. എല്ലാവരുടെയും ബന്ധുക്കളുടെ ദുഖത്തിൽ പങ്കുചേരുന്നു.

പ്രതിരോധ പ്രവർത്തനത്തിൽ അതത് രാജ്യങ്ങളിലെ നിർദ്ദേശങ്ങൾ പ്രവാസികൾ വിട്ടുവീഴ്ചയില്ലാതെ പാലിക്കണം. നാട് ഒപ്പമുണ്ട്. വിദേശത്ത് നിന്നും വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെ വിമാനത്താവളങ്ങളിലും ചെക്പോസ്റ്റുകളിലും എത്തിയ ശേഷം വീടുകളിലേക്ക് പോകുന്നവരുടെ സൗകര്യാര്‍ത്ഥം ജില്ലകളിൽ 185 കേന്ദ്രങ്ങൾ പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ സജ്ജീകരിച്ചു. ഈ കേന്ദ്രങ്ങളുടെ പട്ടിക ഹെൽപ്പ് ഡെസ്‍ക്കുകളില്‍ ലഭിക്കും.

അതിർത്തിയിൽ പണം വാങ്ങി ആളുകളെ കടത്തുന്നുവെന്ന പരാതിയുണ്ട്. കാസർകോട് ഇതിന്‍റെ വാർത്ത വന്നു. പാസില്ലാതെ ആളെ കടത്തിവിട്ടുവെന്ന വാർത്തയും കണ്ടു. ഇതുണ്ടാക്കുന്ന അപകടമാണ് വാളയാറിൽ കണ്ടത്. മെയ് എട്ടിന് ചെന്നൈയിൽ നിന്ന് മിനി ബസിൽ പുറപ്പെട്ട് ഒൻപതിന് രാത്രി വാളയാറിൽ എത്തിയ മലപ്പുറം പള്ളിക്കൽ സ്വദേശിയായ 46 കാരൻ കൊവിഡ് ബാധിച്ച് പാലക്കാട് ജില്ലാശുപത്രിയിൽ ചികിത്സയിലാണ്. കൂടെ ഉണ്ടായിരുന്ന ആളും നിരീക്ഷണത്തിലാണ്. മറ്റ് എട്ട് പേർ മഞ്ചേരി മെഡിക്കൽ കോളേജിലാണ്. പരിശോധനയും രേഖയുമില്ലാതെ ആളുകളെത്തുന്നത് സംവിധാനത്തെ തകർക്കും. ഒരാൾ അങ്ങനെ വന്നാൽ സമൂഹം പ്രതിസന്ധിയിലാകും. ഇത് പറയുമ്പോള്‍ മറ്റ് തരത്തിൽ ചിത്രീകരിക്കേണ്ടതില്ല. കർശനമായി നിർദ്ദേശം നടപ്പാക്കാൻ എല്ലാവർക്കും നിർദ്ദേശം നൽകി.

അനധികൃതമായി കടത്തുന്നവർക്കെതിരെ നടപടിയുണ്ടാകും. വികാരമല്ല, വിചാരമാണ് എല്ലാവരെയും നയിക്കേണ്ടത്. ഛര്‍ദ്ദിയും ശാരീരിക അസ്വാസ്ഥ്യവും ഉണ്ടായതിനെ തുടർന്ന് ചെന്നൈയിൽ നിന്ന് വന്നയാളെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇയാളുമായി സമ്പർക്കത്തിലുണ്ടായ നഴ്സുമാരെ ആശുപത്രിയിലും പൊലീസുകാരെ വീടുകളിലും ക്വാറന്‍റൈനിലാക്കി. ആരോഗ്യ പ്രവർത്തകർക്കും പൊലീസിനും പ്രത്യേക പിന്തുണ നൽകേണ്ടതുണ്ട്. അവർക്ക് സൗകര്യങ്ങളൊരുക്കും.

വാളയാർ ചെക്ക്പോസ്റ്റിൽ ജനങ്ങളെ കടത്തിവിടുന്നതുമായി ബന്ധപ്പെട്ട് പ്രശ്നമുണ്ടായിരുന്നു. അവിടെയുണ്ടായിരുന്ന 130 ഓളം യാത്രക്കാരെയും മാധ്യമപ്രവർത്തകരെയും പൊലീസിനെയും മറ്റ് നാട്ടുകാരെയും 14 ദിവസത്തേക്ക് വീടുകളിൽ ക്വാറന്‍റൈനിലാക്കും. ഇവരിൽ ലക്ഷണമുള്ളവരുടെ സ്രവം പരിശോധിക്കണം എന്നാണ് പാലക്കാട് മെഡിക്കൽ ബോർഡ് റിപ്പോർട്ട്. വാളയാറിൽ പോയ ജനപ്രതിനിധികളടക്കമുള്ളവരെ ക്വാറന്‍റൈനിലാക്കിയ സാഹചര്യം ഒഴിവാക്കാമായിരുന്നു. രാഷ്ട്രീയ നാടകം കളിക്കേണ്ട ഘട്ടമല്ലിത്.

32 ദിവസം വയനാട് ഗ്രീൻ സോണിലായിരുന്നു. ഇടവേളക്ക് ശേഷമാണ് ഇവിടെ ഡ്രൈവർക്ക് രോഗം സ്ഥിരീകരിച്ചത്. ഇയാൾ കോയമ്പേട് മാർക്കറ്റിൽ പോയതിനാലാണ് സ്രവം പരിശോധിച്ചത്. ഇയാളിൽ നിന്ന് പത്ത് പേർക്ക് രോഗബാധയുണ്ടായി. പലരും ഭീതിയിലാണ്. ഇവരുടെ കോണ്ടാക്ടിലുണ്ടായിരുന്ന ഒരാളിൽ നിന്നാണ് മാനന്തവാടിയിൽ മൂന്ന് പൊലീസുകാർക്ക് രോഗം വന്നത്. വയനാട് ജില്ലയിൽ തൃപ്തികരമായ രോഗ പ്രതിരോധ പ്രവർത്തനം നടക്കുന്നുണ്ട്. അതിർത്തി ജില്ല ആയതിനാൽ കൂടുതൽ പ്രശ്നമുണ്ട്. ഡ്യൂട്ടിയിലുള്ള 1200 പൊലീസുകാരിൽ മുന്നൂറ് പേർക്ക് ടെസ്റ്റ് നടത്തി. സിപിഒ മാർ മുതൽ സംസ്ഥാന പൊലീസ് മേധാവി വരെ എല്ലാവരുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കും. വിവിധ മേഖലയിൽ പൊലീസിന്‍റെ പ്രവർത്തന ക്രമങ്ങളിൽ മാറ്റം വരുത്തും. ഇത് സംബന്ധിച്ച് പൊലീസ് ഉന്നതതല സമിതി റിപ്പോർട്ട് സമർപ്പിക്കും.

ദില്ലിയിൽ നിന്നുള്ള ട്രെയിൻ നാളെ പുലർച്ചെ തിരുവനന്തപുരത്തെത്തും. മൂന്നിടത്ത് സ്റ്റോപ്പ്. യാത്രക്കാർ സംസ്ഥാനത്തിന്‍റെ പാസിനായി കൊവിഡ് 19 വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. ദില്ലിക്ക് പുറമെ രാജ്യത്തെ പ്രധാന നഗരങ്ങളിൽ നിന്ന് പ്രത്യേക ട്രെയിൻ ലഭ്യമാക്കാൻ ശ്രമിക്കുന്നു. മുംബൈ, കൊൽക്കത്ത, അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ തുടങ്ങിയ നഗരങ്ങളിൽ നിന്ന് നോൺ സ്റ്റോപ്പ് ട്രെയിൻ വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

ചെറുകിട വ്യവസായികളെ സംബന്ധിച്ച് ലോക്ക് ഡൗൺ വലിയ നഷ്ടമാണ്. രണ്ട് ആവശ്യങ്ങൾ അവർ സർക്കാരിനോട് ആവശ്യപ്പെട്ടു. വായ്പയ്ക്ക് ഒരു വർഷത്തെ മൊറട്ടോറിയം, പുതിയ വായ്പ എന്നീ ആവശ്യങ്ങളാണിത്. കേന്ദ്ര പാക്കേജിന്‍റെ വിശദാംശങ്ങളുടെ ഭാഗമായി രണ്ടാമത്തെ കാര്യമേ പരിഗണിച്ചിട്ടുള്ളൂ. അതും ബാങ്കുകൾ കനിയണം. മൊറട്ടോറിയം കാലത്ത് പലിശ ഒഴിവാക്കുക പ്രധാനമാണ്. അത് പരിഗണിച്ചിട്ടില്ല. അങ്ങനെ ചെയ്യുമ്പോൾ കേന്ദ്രത്തിന്‍റെ കൈയ്യിൽ നിന്ന് തന്നെ പണം ചെലവിടണം. പാക്കേജിൽ കേന്ദ്രത്തിന്‍റെ ബജറ്റിൽ നിന്ന് ചെലവാക്കുന്നത് നാമമാത്രമായ തുക മാത്രമായിരിക്കും. ഈ സ്ഥിതിക്ക് മാറ്റം വരണം.

ബാങ്കുകൾ വായ്‍പ കൊടുക്കാൻ വിസമ്മതിക്കുന്നുണ്ട്. വാർത്തകൾ പ്രകാരം ബാങ്കുകൾ റിസർവ് ബാങ്കിൽ പണമടച്ച് പലിശ നേടാനാണ് ശ്രമിക്കുന്നത്. എട്ടര ലക്ഷം കോടി ഇങ്ങനെ നിക്ഷേപിച്ചിട്ടുണ്ട്. വൈദ്യുതിയുടെ ഫിക്സഡ് ചാർജ് എഴുതി തള്ളാൻ കേന്ദ്ര സഹായം വേണം. ചെറുകിട മേഖലയിലെ തൊഴിലാളികൾക്ക് ധനസഹായം നൽകണം. 15000 രൂപയിൽ താഴെ ശമ്പളമുള്ളവർക്ക് പിഎഫ് എന്ന് നിബന്ധന നീക്കണം. വൈദ്യുതി കമ്പനികൾക്ക് അനുവദിച്ച 90000 കോടിയുടെ സഹായത്തിന്‍റെ ഗ്യാരണ്ടി സംസ്ഥാനങ്ങൾ വഹിക്കേണ്ടി വരും. സംസ്ഥാനങ്ങൾക്ക് കേന്ദ്രം ഇതുവരെ സഹായം പ്രഖ്യാപിച്ചിട്ടില്ല. ഈ സമീപനം തിരുത്തുമെന്ന് കേരള സർക്കാർ പ്രതീക്ഷിക്കുന്നു. കേന്ദ്ര ധനമന്ത്രി സംസ്ഥാന ധനമന്ത്രിമാരുമായി ചർച്ച നടത്തി സാമ്പത്തിക സഹായത്തിന് പദ്ധതിയൊരുക്കണം. വരുമാനമില്ല, ചിലവിരട്ടിച്ച ഘട്ടത്തിൽ ഇത് അത്യാവശ്യം. നഷ്ടം ചെറുതല്ല. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്താൽ സർക്കാരിന്‍റെ വരുമാനത്തിൽ 6051 കോടിയുടെ നഷ്ടം.

കേരളം സുരക്ഷിത നിക്ഷേപത്തിനുള്ള ഇടമായി മാറുകയാണ്. ഇത് കഴിഞ്ഞ ദിവസം സൂചിപ്പിച്ചു. നാടിന് അനുയോജ്യമായ വ്യവസായങ്ങളെ ആകർഷിക്കണം. വ്യാവസായിക അന്തരീക്ഷം മെച്ചപ്പെടുത്തണം. സംസ്ഥാനത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കായുള്ള പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകി. 3431 കോടിയുടെ സഹായമാണ് ഈ പാക്കേജിലൂടെ വ്യവസായങ്ങൾക്ക് ലഭ്യമാക്കും. കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തിലുള്ളതാണ് പാക്കേജ്. നിലവിൽ പ്രവർത്തിക്കുന്ന എംഎസ്എംഇകൾക്കുള്ള അധിക വായ്പയ്ക്ക് പലിശ ഇളവും മാർജിൻ മണിയും അനുവദിക്കും. കെഎസ്ഐഡിസിയും കിൻഫ്രയും വായ്പക്കുടിശിക ഒറ്റത്തവണ തീർപ്പാക്കും. സംരംഭങ്ങൾക്ക് വായ്പാ പലിശ തിരിച്ചടവിന് ആറ് മാസം സമയം നൽകും. വ്യവസായ പാർക്കുകളിലെ പൊതുസൗകര്യങ്ങൾക്കായുള്ള വാടക മൂന്ന് മാസത്തേക്ക് ഒഴിവാക്കും. മൂലധനത്തിന് പ്രത്യേക വായ്പ അനുവദിക്കും. ഉൽപ്പാദന വ്യവസായങ്ങൾക്ക് പലിശ സബ്സിഡി അനുവദിക്കും.

വികസനത്തിന് വേണ്ടിയുള്ള പലിശയ്ക്ക് ആറ് മാസത്തേക്ക് ആറ് ശതമാനം ഇളവ് നൽകും. കെഎസ്ഐഡിസി വായ്‍പ  ലഭിച്ചവർക്ക് പ്രത്യേക വായ്പ അനുവദിക്കും. പലിശയും മുതലും തിരിച്ചടക്കാൻ മൂന്ന് മാസത്തെ മൊറട്ടോറിയം അനുവദിക്കും. കെഎസ്ഐഡിസിയൽ  നിന്ന് വായ്പയെടുത്തവരുടെ പിഴപ്പലിശ ആറ് മാസത്തേക്ക് ഒഴിവാക്കും. എംഎസ്എംഇകൾക്ക് 50 ലക്ഷത്തിന് മുകളിൽ കെഎസ്ഐഡിസി വായ്പ അനുവദിക്കും.കെഎസ്ഐഡിസി, കിൻഫ്ര വ്യവസായ പാർക്കുകളിലെ സ്ഥലമെടുപ്പിന്‍റെ പാട്ട പ്രീമിയം കുറയ്ക്കും. സ്ത്രീക്കൾക്കും യുവാക്കൾക്കും പിന്നാക്ക വിഭാഗക്കാർക്കും 25 ശതമാനം മാർജിൻ മണി നൽകും.

ദില്ലിയിൽ നിന്ന് റെയിൽവെ വിവിധ സംസ്ഥാനങ്ങൾക്ക് ട്രെയിൻ ഓടിക്കുന്നുണ്ട്. കേരളത്തിലേക്കുള്ള ട്രെയിൻ മറ്റ് പല സ്ഥലങ്ങളിലും നിർത്തിയിട്ടാണ് ഇവിടെ എത്തുന്നത്. രോഗവ്യാപനം തടയാനുള്ള നടപടികൾ ഇത് നിഷ്പ്രഭമാക്കും. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവരുടെ കാര്യത്തിൽ കേരളം ഫലപ്രദമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. യാത്രക്കാരുടെ വിവരങ്ങൾ പൂർണ്ണമായി ലഭിക്കാനും യാത്രാപഥം മനസിലാക്കാനും ഇത് ഫലപ്രദം. 

സംസ്ഥാന സർക്കാരിന്‍റെ രജിസ്ട്രേഷൻ നോക്കാതെ ഓൺലൈൻ ബുക്കിങ് വഴി യാത്രക്കാരെ കൊണ്ടുവന്നാൽ രോഗവ്യാപനത്തിന് സാധ്യത. ഇവിടെ വന്നിറങ്ങുന്ന യാത്രക്കാർ ആരെന്ന് മനസിലാക്കണം. രോഗം നിയന്ത്രിക്കാനുള്ള ശ്രമങ്ങൾക്ക് തടസമുണ്ടാകും. സർക്കാർ പോർട്ടലിൽ രജിസ്റ്റർ ചെയതവർക്കേ ട്രെയിനിൽ ബുക്കിങ് അനുവദിക്കാവു എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രമന്ത്രിക്കയച്ച കത്തിനെ ചില മാധ്യമങ്ങൾ തെറ്റായി ചിത്രീകരിച്ചത് ഖേദകരം. വിദ്യാർത്ഥികൾക്ക് പ്രത്യേക ട്രെയിൻ വേണ്ടെന്ന് ഒരു ചാനൽ വാർത്ത നൽകി. വിവിധ സംസ്ഥാനങ്ങളിൽ പെട്ടുപോയ മലയാളികളെ നാട്ടിലെത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. തെറ്റായ വാർത്തകൾ ദുരിതത്തിലായവരുടെ ആശങ്ക വർധിപ്പിക്കും. 

അധ്യയന വർഷത്തിലേക്കുള്ള പ്രവേശന നടപടികൾ മെയ് 18 ന് ആരംഭിക്കും. നേരിട്ടെത്തി പ്രവേശനം നേടാം. ഓൺലൈൻ വഴിയും പ്രവേശനം നൽകും. ഓൺലൈൻ സൗകര്യം ഉപയോഗിക്കാൻ കഴിയാത്തവർക്കും പിന്നാക്ക വിഭാഗത്തിലെ കുട്ടികളും മലയോര-തീരദേശ മേഖലയിലുള്ളവർക്കുമായി 200 കേന്ദ്രങ്ങളിൽ പരീക്ഷ പരിശീലന സൗകര്യം ഒരുക്കും. അധിക പഠന സാമഗ്രികൾ, പഠന സഹായികൾ തുടങ്ങിയവ കുട്ടികൾക്ക് വിതരണം ചെയ്യും. 10, 11, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് സംവിധാനം പ്രയോജനപ്പെടും. 

ഈ വർഷം സാധാരണ നിലയിൽ കവിഞ്ഞ മഴയുണ്ടാകുമെന്ന് വിദഗ്ദ്ധർ സൂചിപ്പിക്കുന്നു. ഓഗസ്റ്റില്‍ അതിവർഷം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഇത് സംസ്ഥാനത്തിന് ഗുരുതര വെല്ലുവിളിയാണ്. ഇത് മുന്നിൽ കണ്ട് അടിയന്തിര തയ്യാറെടുപ്പ് സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് പദ്ധതി തയ്യാറാക്കി. 25000 കെട്ടിടങ്ങൾ ക്വാറന്‍റൈന്‍ ചെയ്യുന്നതിനായി കണ്ടെത്തി. രണ്ടര ലക്ഷം ശുചിമുറികള്‍. ഇതിന് സമാന്തരമായി വെള്ളപ്പൊക്കത്തിനെ നേരിടാനുള്ള പദ്ധതി. ഏത് മോശമായ സാഹചര്യത്തെയും നേരിടണം. 

കൊവിഡ് 19 ഭീഷണിയുള്ളതിനാൽ വെള്ളപ്പൊക്ക കാലത്തെ പോലെ ഒന്നിച്ച് പാർപ്പിക്കാനാവില്ല. നാല് തരത്തിൽ കെട്ടിടങ്ങൾ വേണ്ടിവരും. പൊതുവായ കെട്ടിടം, പ്രായം കൂടിയവർക്കും രോഗികൾക്കും പ്രത്യേക കെട്ടിടം. കൊവിഡ് ലക്ഷണമുള്ളവർക്ക് പ്രത്യേക കെട്ടിടം, ക്വാറന്‍റൈനിലുള്ളവര്‍ക്ക് മറ്റൊരു കെട്ടിടം. നദികളിലും തോടുകളിലും ചാലുകളിലും എക്കലും മറ്റും നീക്കാൻ നടപടി ആരംഭിച്ചു. രണ്ടാഴ്ചക്കുള്ളിൽ ഇത് പൂർത്തിയാക്കും. വലിയ അണക്കെട്ടുകൾ തുറക്കേണ്ട സാഹചര്യമില്ല. സന്നദ്ധം പോർട്ടലിൽ രജിസ്റ്റർ ചെയ്‍തവര്‍ക്ക് അടിയന്തിരമായി പരിശീലനം നൽകും. ഈ ഘട്ടത്തിൽ വലിയ തോതിൽ സഹായം പ്രവഹിക്കുന്നുണ്ട്.

Follow Us:
Download App:
  • android
  • ios