Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് കൊവിഡ് ആശങ്ക കനക്കുന്നു; ഇന്ന് 17518 പേര്‍ക്ക് രോഗം, ടിപിആർ 13 കടന്നു, 11 ജില്ലകളിൽ 10 ന് മുകളിൽ

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 110 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 16,638 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 700 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

Pinarayi vijayan press meet to inform new covid cases and other information related to covid pandemic
Author
Trivandrum, First Published Jul 23, 2021, 6:07 PM IST

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 17,518 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 2871, തൃശൂര്‍ 2023, കോഴിക്കോട് 1870, എറണാകുളം 1832, കൊല്ലം 1568, പാലക്കാട് 1455, കണ്ണൂര്‍ 1121, കോട്ടയം 1053, തിരുവനന്തപുരം 996, ആലപ്പുഴ 901, കാസര്‍ഗോഡ് 793, പത്തനംതിട്ട 446, വയനാട് 363, ഇടുക്കി 226 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,28,489 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.63 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,59,50,704 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 132 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 15,871 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 110 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 16,638 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 700 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 2786, തൃശൂര്‍ 1996, കോഴിക്കോട് 1842, എറണാകുളം 1798, കൊല്ലം 1566, പാലക്കാട് 1014, കണ്ണൂര്‍ 1037, കോട്ടയം 1013, തിരുവനന്തപുരം 911, ആലപ്പുഴ 894, കാസര്‍ഗോഡ് 774, പത്തനംതിട്ട 433, വയനാട് 353, ഇടുക്കി 221 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

70 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കാസര്‍ഗോഡ് 16, കണ്ണൂര്‍ 14, തൃശൂര്‍ 11, പാലക്കാട് 10, പത്തനംതിട്ട 5, കോട്ടയം, എറണാകുളം 4 വീതം, കൊല്ലം, കോഴിക്കോട് 2 വീതം, തിരുവനന്തപുരം, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,067 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 684, കൊല്ലം 734, പത്തനംതിട്ട 265, ആലപ്പുഴ 1124, കോട്ടയം 659, ഇടുക്കി 304, എറണാകുളം 1093, തൃശൂര്‍ 1826, പാലക്കാട് 1003, മലപ്പുറം 1033, കോഴിക്കോട് 780, വയനാട് 135, കണ്ണൂര്‍ 783, കാസര്‍ഗോഡ് 644 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,35,198 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 30,83,962 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,18,496 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,92,805 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 25,691 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2241 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ടി.പി.ആര്‍. 5ന് താഴെയുള്ള 73, ടി.പി.ആര്‍. 5നും 10നും ഇടയ്ക്കുള്ള 335, ടി.പി.ആര്‍. 10നും 15നും ഇടയ്ക്കുള്ള 355, ടി.പി.ആര്‍. 15ന് മുകളിലുള്ള 271 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.

മുഖ്യമന്ത്രിയുടെ വാക്കുകള്‍

കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ കാറ്റഗറി എ,ബി പ്രദേശങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, കമ്പനികൾ, കമ്മീഷനുകൾ തുടങ്ങിയവയിൽ 50 ശതമാനം ഉദ്യോഗസ്ഥരെയും സി കാറ്റഗറിയിൽ 25 ശതമാനം ഉദ്യോഗസ്ഥരെയും ഉൾക്കൊള്ളിച്ചാണ് പ്രവർത്തനം. ഡി വിഭാഗത്തിൽ അവശ്യ സർവീസ് മാത്രമേ പ്രവർത്തിക്കൂ. ഇവിടെയുള്ള ഭൂരിപക്ഷം ജീവനക്കാരെയും പ്രതിരോധ പ്രവർത്തനത്തിന്‍റെ ഭാഗമാക്കും. രോഗവ്യാപനം കൂടിയ സ്ഥലങ്ങൾ ക്ലസ്റ്ററുകളാക്കി മൈക്രോ കണ്ടെയിന്‍മെന്‍റ് സോണുണ്ടാക്കും.

രാജ്യത്ത് കൊവിഡ് മൂന്നാം തരംഗത്തെ കുറിച്ച് മുന്നറിയിപ്പ് വന്നു. മറ്റ് മഹാമാരികളുമായി താരതമ്യം ചെയ്യുമ്പോൾ കൊവിഡിന് വ്യാപന സാധ്യത കൂടുതലാണ്. ആഗോള യാത്രകൾ വർധിച്ചത് കൊണ്ട് പകർച്ചാ നിരക്ക് കൂടുതലുള്ള മഹാമാരിയെ നിയന്ത്രിക്കാൻ രാജ്യത്തിനോ ഭൂഖണ്ഡത്തിനോ സാധിക്കില്ല. വിദേശത്ത് രണ്ടാം തരംഗം അവസാനിച്ച ശേഷമാണ് ഇന്ത്യയിൽ രണ്ടാം തരംഗം തുടങ്ങിയത്. സാമൂഹ്യ പ്രതിരോധ ശേഷി കൈവരിക്കാൻ 60 ശതമാനം പേർക്ക് വാക്സീൻ നൽകണം. ഇതിനകം ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ എന്നീ നാലുതരം വൈറസ് വകഭേദം കണ്ടെത്തി. ഡെൽറ്റ വ്യാപനനിരക്ക് കൂടിയതും രോഗപ്രതിരോധത്തെ അതിജീവിക്കാൻ ഭാഗികമായി ശേഷി ആർജ്ജിച്ചതുമാണ്. ഇന്ത്യയിൽ ഇതാണ് ഇപ്പോൾ കൂടുതൽ.

കൊവിഡ് പെരുമാറ്റച്ചട്ടം കർശനമായി പാലിച്ച് സാമൂഹ്യ പ്രതിരോധ ശേഷി കൈവരിച്ചാൽ മൂന്നാം തരംഗം ഉണ്ടാകില്ല. ഇത് സ്വാഭാവികമായി ഉണ്ടാവുന്നതല്ല. നിയന്ത്രണത്തിലെ പാളിച്ചയും വാക്സീൻ വിതരണത്തിലെ വീഴ്ചയും മൂലമാണ് ഉണ്ടാവുന്നത്. ഈ ഘട്ടത്തിൽ അതിവേഗം വാക്സീനേഷൻ ഒരു ഡോസെങ്കിലും എല്ലാവർക്കും നൽകാനാണ് സർക്കാർ ശ്രമിക്കുന്നത്. ഡെൽറ്റ വൈറസ് സാധ്യതയുള്ളത് കൊണ്ട് ചെറുതും വലുതുമായ ആൾക്കൂട്ടം ഒഴിവാക്കണം. മൂന്നാം തരംഗം ഉണ്ടായാൽ കുട്ടികളെ കൂടുതലായി ബാധിക്കുമെന്നതിന് വലിയ ശാസ്ത്രീയ അടിത്തറയില്ല. കേവലം നാല് ശതമാനം കുട്ടികളെയാണ് ഇതുവരെ രോഗം ബാധിച്ചത്. മരണനിരക്കും വളരെ കുറവാണ്. എങ്കിലും മൾട്ടി സിസ്റ്റം ഇൻഫർമേറ്ററി സിൻഡ്രോം കുട്ടികളിൽ കാണുന്നുണ്ട്. അതുകൊണ്ട് കുട്ടികൾക്ക് തീവ്ര പരിചരണം ഒരുക്കുന്നു.

സംസ്ഥാനത്ത് ഇതുവരെ 17709529 പേർക്ക് വാക്സീൻ നൽകി. ഇതിൽ 12464589 പേർക്ക് ഒരു ഡോസും 5244940 പേർക്ക് രണ്ട് ഡോസ് വാക്സീനും ലഭിച്ചു. കേന്ദ്രത്തിൽ നിന്ന് വാക്സീൻ കൃത്യമായി ലഭിക്കുകയാണെങ്കിൽ ഇപ്പോൾ കേരളം വാക്സീൻ വിതരണം ചെയ്യുന്ന വേഗത്തിൽ മൂന്ന് മാസത്തിനുള്ളിൽ 60 ശതമാനം പേർക്ക് വാക്സീൻ നൽകാനാവും. രോഗം വന്ന് ഭേദമായവരുടെ എണ്ണം കൂടിയിട്ടുണ്ട്. വാക്സീൻ ലഭിക്കുന്നവരുടെ എണ്ണം കൂടി കണക്കിലെടുത്താൽ സാമൂഹ്യ പ്രതിരോധ ശേഷി അധികം വൈകാതെ കൈവരിക്കാനാവും. എന്നാൽ ഇത് കൈവരിച്ചാൽ പോലും കൊവിഡ് പെരുമാറ്റച്ചട്ടം പെട്ടെന്ന് പിൻവലിക്കാനാവില്ല. വാക്സീനെടുത്തവരിലും രോഗം വന്ന് പോയവരിലും വീണ്ടും രോഗം പിടിപെടാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് വാക്സീൻ എടുത്തവരും പെരുമാറ്റച്ചട്ടം പാലിക്കണം.

പോസിറ്റീവ് കേസുകൾ ഇപ്പോൾ ഒരേ നിലയിൽ നിൽക്കുകയാണ്. ഈ ദിവസങ്ങളിൽ കാണുന്നത് ചെറിയ വർധനവാണ്. മറ്റിടങ്ങളിൽ നിന്ന് വ്യത്യസ്തമായ നിലയാണ് ഇവിടെ. ഇതിൽ നാം വല്ലാതെ വ്യാകുലപ്പെടേണ്ടതില്ല. ആരോഗ്യ സംവിധാനങ്ങൾക്ക് ഉൾക്കൊള്ളാനാവും വിധം രോഗികളുടെ എണ്ണം നിയന്ത്രിക്കാനാവും. മരണനിരക്ക് മറ്റേത് പ്രദേശത്തേക്കാളും കുറച്ച് നിർത്താനാവും. മറ്റ് രോഗാവസ്ഥ ഉള്ളവർക്കിടയിലാണ് കൊവിഡ് ഗുരുതരമാകുന്നത്.

അത്തരം രോഗാവസ്ഥകൾ ഉള്ളവർ കൂടുതൽ ശ്രദ്ധ പാലിക്കണം. കൃത്യമായ ചികിത്സ മുടക്കം കൂടാതെ ഉറപ്പാക്കണം. കൊവിഡ് ഇതര രോഗം ചികിത്സിക്കാൻ സൗകര്യം സർക്കാർ ആശുപത്രികളില്‍ പുനരാരംഭിച്ചു. ഇത് ഉപയോഗിക്കണം. ഇത്തരം രോഗാവസ്ഥ ഉള്ളവർ കൊവിഡ് ബാധിച്ചാൽ വീട്ടിൽ കഴിയാതെ ആശുപത്രികളിൽ പ്രവേശിക്കണം. കൂട്ടിരിപ്പുകാരെ അനുവദിക്കുന്നുണ്ട്. അതുകൊണ്ട് ആശുപത്രിയിൽ ബുദ്ധിമുട്ട് ലഘൂകരിക്കാനാവും. അനുബന്ധ രോഗം ഉള്ളവർ വാക്സീൻ കഴിയാവുന്ന വേഗത്തിൽ എടുക്കണം. അവർക്ക് വാക്സീൻ ലഭിക്കാൻ മുൻഗണനയുണ്ട്.

ഇതുവരെ സംസ്ഥാനത്ത് 40000 ത്തോളം ഗർഭിണികൾ വാക്സീനെടുത്തു. ചിലർ വിമുഖത കാണിക്കുന്നു. ഇവർ സ്വന്തം സുരക്ഷയും കുഞ്ഞിന്‍റെ സുരക്ഷയും കണക്കിലെടുത്ത് വാക്സീനെടുക്കണം. കൊവിഡ് ബാധിച്ചാൽ ഏറ്റവുമധികം ഗുരുതരമാകാൻ സാധ്യതയുള്ളവരാണ് ഗർഭിണികൾ. സംസ്ഥാനത്ത് കൊവിഡ് ബാധിച്ച നിരവധി ഗർഭിണികൾ ഗുരുതരാവസ്ഥയിലായി, അപൂർവം പേർ മരിച്ചു. പലതരം പരീക്ഷണ നിരീക്ഷണങ്ങൾക്കൊടുവിലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ഈ തീരുമാനം എടുത്തത്. അതുകൊണ്ട് ആശങ്ക കൂടാതെ ഗർഭിണികൾ വാക്സീൻ എടുക്കണം. മുലയൂട്ടുന്ന അമ്മമാർക്ക് വാക്സീൻ നൽകാൻ കേന്ദ്രം നേരത്തെ അനുമതി നൽകിയിരുന്നു. ഗർഭാവസ്ഥയിലെ അവസാന മാസങ്ങളിൽ ഒന്നാം ഡോസ് വാക്സീനെടുത്താലും മുലയൂട്ടുന്ന സമയത്ത് രണ്ടാം ഡോസ് വാക്സീൻ എടുക്കാം. ഒരു ഘട്ടത്തിലും ചികിത്സാ സൗകര്യത്തിന് ഉപരിയായി രോഗികളുടെ എണ്ണം വർധിച്ചില്ല. അതാണ് കേരളത്തിൽ മരണനിരക്ക് കുറയാൻ കാരണം.

ഒന്നാം ഘട്ട വ്യാപന കാലത്തെ പ്രതിരോധ നടപടിയുടെ ഫലമായാണ് വലിയ വിഭാഗം ജനത്തിന് രോഗം ബാധിക്കാതെ ഇരുന്നത്. ഇതിനകം 18 വയസിന് മുകളിലുള്ള 50 ശതമാനത്തിന് ഒരു ഡോസ് വാക്സീൻ നൽകി. മറ്റുള്ളവർക്ക് കൂടി അതിവേഗം വാക്സീനേഷൻ നടത്താനായാൽ അധികം വൈകാതെ 70 ശതമാനം പേർക്ക് രോഗപ്രതിരോധം ലഭ്യമാക്കും.  2021 ജനുവരി 16 മുതൽ സംസ്ഥാനം മികച്ച രീതിയിൽ കൊവിഡ് വാക്സീൻ വിതരണം നടത്തുന്നുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറപ്പെടുവിക്കുന്ന മാർഗനിർദ്ദേശം പ്രകാരമാണ് വാക്സീനേഷൻ. ഇതുവരെ 1.77 കോടി ഡോസ് ഇതുവരെ നൽകി. ഒന്നാം ഘട്ടം മുതൽ വാക്സീൻ വിതരണത്തിൽ സ്വകാര്യ വാക്സീനേഷൻ സെന്‍റര്‍ സജീവ പങ്കാളിത്തം വഹിച്ചു. പ്രാരംഭ ഘട്ടത്തിൽ സ്വകാര്യ ആശുപത്രികൾ സർക്കാരിന്‍റെ സെഷൻ സെന്‍ററുകളായിരുന്നു. 

2021 മാർച്ച് ഒന്ന് മുതൽ 2021 ഏപ്രിൽ 30 വരെ സ്വകാര്യ വാക്സീനേഷൻ സെന്‍ററുകള്‍ക്ക് 150 രൂപ നിരക്കിൽ കൊവിഡ് വാക്സീൻ നൽകി. 250 രൂപയ്ക്ക് പൊതുജനത്തിന് വാക്സീൻ ലഭിക്കുകയും ചെയ്തു. 2021 മെയ് ഒന്ന് മുതൽ പുതിയ വാക്സീനേഷൻ നയം നടപ്പിലാക്കി. രാജ്യത്തെ മൊത്തം വാക്സീൻ ഉൽപ്പാദനത്തിന്‍റെ 25 ശതമാനം ഇപ്പോൾ സ്വകാര്യമേഖലയ്ക്കാണ്. ജൂൺ 21 മുതൽ വാക്സീൻ വാങ്ങാൻ മന്ത്രാലയം ജൂലൈ മുതൽ പുതിയ സംവിധാനം നടപ്പിലാക്കി. ഇതുപ്രകാരം സ്വകാര്യ സെന്‍ററുകള്‍ കൊവിൻ പോർട്ടൽ വഴി വാക്സീനായി ഓർഡർ നൽകി. നിർമ്മാതാവിന് നേരിട്ട് പണം നൽകണം എന്ന നിലയായി.

സംസ്ഥാനത്ത് ആകെ 37 പേർക്കാണ് സിക്ക ബാധിച്ചത്. നിലവിൽ ഏഴ് രോഗികളുണ്ട്. അഞ്ച് പേർ ഗർഭിണികളാണ്. എല്ലാവരുടെയും നില തൃപ്തികരമാണ്. ഈയാഴ്ച കേസുകൾ കുറവാണ്. ജാഗ്രത തുടരണം. കൊതുക് വളരാൻ സാഹചര്യം ഒരുക്കരുത്. വീടുകളും സ്ഥാപനങ്ങളും ആശുപത്രികളും ശ്രദ്ധിക്കണം. അല്ലെങ്കിൽ സിക്ക വൈറസ് കേസുകൾ വർധിക്കാൻ സാധ്യതയുണ്ട്. ആരോഗ്യം, തദ്ദേശം, റവന്യു വകുപ്പുകൾ ഒന്നിച്ചാണ് പകർച്ചവ്യാധി പ്രതിരോധത്തിനായി പ്രവർത്തിക്കുന്നത്.

മൂന്നാം തരംഗത്തിന്‍റെ വക്കിലാണ് രാജ്യമെന്ന് പ്രധാനമന്ത്രി തന്നെ പറഞ്ഞ കാര്യമാണ്. കേരളത്തിൽ നേരത്തെ ഉണ്ടായിരുന്ന ടിപിആർ വർധിച്ചിട്ടുണ്ട് ഇപ്പോൾ. എല്ലാ ജില്ലയിലും വർധനവിന്‍റെ നിലയാണ്. അത് ഗൗരവമായി കാണണം. ഇത് മൂന്നാം തരംഗമായി വിലയിരുത്താനായിട്ടില്ല. ഇതിൽ കൂടുതൽ പഠനം വേണ്ടിവരും. ഇവിടെ ഡെൽറ്റ വൈറസുണ്ട്. മറ്റേതെങ്കിലും വകഭേദം വന്നോയെന്ന് പരിശോധിച്ച് തിട്ടപ്പെടുത്തണം. അതീവ ഗൗരവമായി ഇതിനെ കാണണം. നല്ല രീതിയിലുള്ള കൊവിഡ് പ്രോട്ടോക്കോൾ പാലനം പ്രധാനമാണ്.

സെക്ടറൽ മജിസ്ട്രേറ്റുമാർ അടക്കം നേരത്തെ ഫലപ്രദമായി പ്രവർത്തിച്ചിരുന്നു. അത് തുടരണം. സംസ്ഥാനത്ത് രോഗവ്യാപനം ചിലയിടത്ത് ചില ക്ലസ്റ്ററാണ്. അവിടെ പ്രത്യേകമായി മൈക്രോ കണ്ടെയിന്‍മെന്‍റ് സംവിധാനം നടപ്പിലാക്കാനാണ് ശ്രമം. തദ്ദേശ സ്ഥാപനങ്ങളും ആരോഗ്യ സംവിധാനവും പൊലീസും ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഏജൻസികളും നല്ല നിലയിൽ ഉണർന്ന് പ്രവർത്തിക്കേണ്ട സാഹചര്യമാണ്. ഇത്രയും കാലം ഈ മാധ്യമരംഗത്ത് പ്രവർത്തിച്ചിട്ടും ഓരോ പാർട്ടിയുടെയും രീതിയും സ്വഭാവവും മനസിലാകാത്തത് നിർഭാഗ്യകരം. സിപിഎമ്മിനോട് ഉള്ള വിരോധം ഈ നിലയിലല്ല പ്രകടിപ്പിക്കേണ്ടത്. പാർട്ടിയെന്ന നിലയ്ക്ക് സമൂഹത്തിലുണ്ടാകുന്ന എല്ലാ വീഴ്ചകൾക്കും തെറ്റുകൾക്കും അനാവശ്യമായതും ഉണ്ടാകാൻ പാടില്ലാത്തതുമായ വ്യതിയാനങ്ങൾക്കും എതിരെ പോരാടുന്ന പാര്‍ട്ടിയാണ് സിപിഎം.

ഏതെങ്കിലും ചിലർ തെറ്റുകാണിച്ചാൽ ആ തെറ്റ് മൂടിവെക്കുന്ന സംസ്കാരം സിപിഎം ഒരുകാലത്തും കാണിച്ചിട്ടില്ല. അത് അറിയാത്തവർ നല്ല മാധ്യമപ്രവർത്തകരല്ല. അത് മനസിലാക്കാൻ കഴിയുമല്ലോ. പാർട്ടിയിൽ ഏത് സ്ഥാനം വഹിച്ചാലും പാർട്ടിക്ക് നിരക്കാത്ത പ്രശ്നം വന്നാൽ പാർട്ടി കൃത്യമായ നിയതമായ മാനദണ്ഡം വെച്ച് പ്രവർത്തിക്കുന്നതാണ്, കർശനമായ നടപടിയെടുത്ത് പോകാറുണ്ട്. കാര്യങ്ങൾ മനസിലാക്കാതെയുള്ള മാധ്യമപ്രവർത്തകരുടെ വീഴ്ചയായേ ചോദ്യത്തെ കാണാനാവൂ.

കരുവന്നൂർ ബാങ്ക് തെറ്റായ കാര്യമാണ് ചെയ്തത്. അത് ഗൗരവമായി സർക്കാർ കാണുന്നുണ്ട്. ഭരണസമിതിയെ പിരിച്ചുവിട്ട് അന്വേഷണം നടത്തുന്നുണ്ട്. അന്വേഷണം കൃത്യതയോടെ സ്പെഷ്യല്‍ ടീമിനെ നിയോഗിച്ച് നടത്തും. കുറ്റവാളികളെ ഏത് രാഷ്ട്രീയക്കാരായാലും സംരക്ഷിക്കുന്ന നിലയല്ല സർക്കാരിന്. സംസ്ഥാനത്ത് സഹകരണ മേഖല ജനവിശ്വാസം ആർജിച്ച മേഖലയാണ്. ആ മേഖലയിൽ ഇത്തരം സംഭവങ്ങൾ വിരളമാണ്. തെറ്റുകാർക്കെതിരെ നടപടിയെടുക്കുകയും സഹകരണ മേഖലയുടെ വിശ്വാസ്യത ഉയർത്തിപ്പിടിക്കുകയുമാണ് ചെയ്തത്. സഹകരണ മേഖലയുടെ വിശ്വാസ്യത നിലനിർത്തും. തെറ്റുകാർക്കെതിരെ നടപടിയുണ്ടാകും.

സ്പുട്നിക് വാക്സീൻ ഉൽപ്പാദനവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ ആലോചിച്ചിരുന്നു. അത്തരം കേന്ദ്രങ്ങൾ ഉണ്ടാകുന്നത് നല്ലതാണ്. പ്രാഥമികമായ ചില ആലോചനകൾ നടന്നിട്ടുണ്ട്. അത്തരം സംരംഭം ഇവിടെ ആരംഭിക്കാനുള്ള നടപടികളിലേക്ക് നീങ്ങും. ഇന്ത്യയിലെ 130 കോടി ജനത്തിൽ 33.13 കോടി പേർക്ക് ഒന്നാം ഡോസും 8.51 കോടി പേർക്ക് രണ്ടാം ഡോസുമാണ് ഇതുവരെ നൽകിയത്. സംസ്ഥാനത്തെ ആരോഗ്യപ്രവർത്തകരിൽ  ഒന്നാം ഡോസ് 100 ശതമാനം പേരും  82 ശതമാനം പേർ രണ്ടാം ഡോസും എടുത്തു.12 ആഴ്ചയുടെ കാലാവധിയാണ് രണ്ടാം ഡോസ് എടുക്കുന്നതിനുള്ളത്. മുന്നണി പോരാളികളിൽ 100 ശതമാനത്തിനടുത്ത് പേരും ഒന്നാം ഡോസ് സ്വീകരിച്ചു. 81 ശതമാനം പേർ രണ്ടാം ഡോസും എടുത്തു. 18 നും 44 നും ഇടയിൽ പ്രായമുള്ള 18 ശതമാനം പേർക്ക് ഒന്നാം ഡോസ് ലഭിച്ചു.

Follow Us:
Download App:
  • android
  • ios